വൃത്തി കൂടിയാലും പ്രശ്നമാണ്: യാത്രികരുടെ ആരോഗ്യത്തിന് ഭീഷണി; ബഹിരാകാശ നിലയം 'വൃത്തികേടാ'ക്കേണ്ടിവരും

വൃത്തി കൂടിയാല്‍ പ്രശ്നമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. വൃത്തി കൂടിയ സ്ഥലത്ത് താമസിക്കുന്ന ആളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമത്രേ. ഏതാണിത്ര വൃത്തിയുള്ള സ്ഥലമെന്നാണോ ചോദ്യം? വേറെ എവിടെയുമല്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ബഹിരാകാശനിലയത്തിലെ വ്യത്യസ്ത ഉപരിതലങ്ങളില്‍നിന്ന് ശേഖരിച്ച 803 സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് വൃത്തികൂടിയതിന്റെ പ്രശ്നം പുറത്തറിയുന്നത്. ഭൂമിയിലെ വെള്ളത്തിലും മണ്ണിലുംകാണുന്ന സ്വതന്ത്ര സൂക്ഷ്മാണുക്കള്‍ നിലയത്തിലില്ല. നമ്മുടെ രോഗപ്രതിരോധസംവിധാനത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇത്തരം സൂക്ഷ്മജീവികള്‍ ഏറെ സഹായിക്കുന്നുണ്ട്.
ഇവയുടെ അസാന്നിധ്യമാകണം ബഹിരാകാശയാത്രികരില്‍ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാന്‍ കാരണമെന്നും പഠനംപറയുന്നു. ഇതിന് പ്രതിവിധി എന്തായിരിക്കും? ബഹിരാകാശനിലയം അല്പം വൃത്തികേടാക്കിയാല്‍ മതി. അതായത് ഇത്തരം സൂക്ഷ്മാണുക്കളടങ്ങുന്ന അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുക. പഠനം 'സെല്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Study Links Extreme Cleanliness to Health Issues