തൈറോയ്ഡും വന്ധ്യതയും തമ്മിൽ ബന്ധമുണ്ടോ?; ഈ പ്രശ്നം അറിയാതെ പോകരുത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൈറോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂട്രീഷണിസ്റ്റ് ലവ്നീത് ബത്ര. തൈറോയ്ഡ് ഗ്രന്ഥി വേണ്ടത്ര പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥയായ ഹൈപ്പോതൈറോയിഡിസം, തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവർത്തിക്കുന്ന അവസ്ഥയായ ഹൈപ്പർതൈറോയിഡിസം എന്നിവ വന്ധ്യതയ്ക്ക് കാരണമായേക്കാമെന്നാണ് ഇവർ പറയുന്നത്. ‌‌

തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെങ്കിലും അവ എപ്പോഴും വന്ധ്യതയുടെ പ്രധാന കാരണമാവണമെന്നില്ല. ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം എന്നിവ പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. 

സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസം പോലുള്ള പ്രശ്നങ്ങൾക്ക് പോലും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്താൻ കഴിയുമെന്ന് പല സ്ത്രീകൾക്കും അറിയില്ലെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ലവനീത് പറയുന്നു. ആർത്തവം കൃത്യമാണെന്ന് തോന്നുമ്പോഴും പ്രത്യുത്പാദന ഹോർമോണുകളുടെ പ്രവർത്തനം ശരിയാകണമെന്നില്ല. 

ക്ഷീണം, ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ തുടങ്ങിയ സാധാരണമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരിക്കാം ഇതു സംഭവിക്കുന്നത്. അതിനാലാണ് ഈ പ്രശ്നം പലപ്പോഴും കണ്ടെത്താതെ പോകുന്നത്. അതിനാൽ, ​ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ ടിഎസ്എച്ചിനു പുറമെ ടി 3, ടി 4, ടിപിഒ ആന്റിബോഡീസ് എന്നീ പരിശോധനകൾ കൂടെ നടത്തണമെന്നും ഇവർ കൂട്ടിച്ചേർത്തു. 
 

Content Highlights: Thyroid Issues and Female Infertility: A Nutritionist's Perspective