തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 300-ഓളം പേർക്ക്

തിരുവനന്തപുരം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് മുന്നൂറോളംപേർക്ക്. രോഗലക്ഷണങ്ങളുമായി നൂറോളംപേരും സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. ഇക്കാലയളവിൽ 39 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 22 രോഗികളും വട്ടിയൂർക്കാവിലാണ്. 30 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് 12 പേർ രണ്ടാഴ്ചയ്ക്കിടെ മരിച്ചു.
വെൺപകൽ, നന്തൻകോട്, നേമം, ആറ്റിങ്ങൽ, വാമനപുരം, കീഴാറ്റിങ്ങൽ, നെടുമങ്ങാട്, വെമ്പായം, പുല്ലമ്പാറ, പാങ്ങപ്പാറ, കരകുളം, കല്ലറ, കൊല്ലയിൽ, തോണിപ്പാറ, മലയിൻകീഴ്, തൃക്കണ്ണാപുരം, പള്ളിക്കൽ, പെരിങ്ങമ്മല, മാണിക്കൽ, പുളിമാത്ത്, ചെട്ടിവിളാകം, അരുവിക്കര, ഇടവ, പൂന്തുറ, നെയ്യാറ്റിൻകര, പാൽക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി രോഗികളുള്ളത്.
ചിക്കുൻഗുനിയ പേരൂർക്കട, കാഞ്ഞിരംകുളം, മുദാക്കൽ, നെയ്യാറ്റിൻകര, ചാക്ക, നന്തൻകോട്, തൃക്കണ്ണാപുരം, ആമച്ചൽ, മുട്ടട, കള്ളിക്കാട്, വിളപ്പിൽ, പള്ളിച്ചൽ, നേമം എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. വാമനപുരം, മടവൂർ, ആറ്റിങ്ങൽ, വിളവൂർക്കൽ, വർക്കല, വെള്ളനാട്, പാങ്ങപ്പാറ തുടങ്ങിയ സ്ഥാലങ്ങളിലായി 29 പേർക്കാണ് എലിപ്പനി ബാധിച്ചത്. കുമാരപുരം, പാലോട്, കുറ്റിച്ചൽ എന്നിവിടങ്ങളിലായി മൂന്നുപേരാണ് എലിപ്പനിബാധിച്ച് മരിച്ചത്. മൂന്നുപേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ ചിക്കുൻഗുനിയ ബാധിച്ചും ഇൻഫ്‌ളുവൻസ ബാധിച്ച് രണ്ടുപേരും ആമീബിക് മസ്തിഷ്‌കജ്വരം, ചെള്ളുപനി എന്നിവ കാരണം ഓരോ രോഗികളും മരിച്ചു. വിളപ്പിലിലും ആമച്ചലിലുമാണ് ഇൻഫ്‌ളുവൻസ കാരണം മരണമുണ്ടായത്.
കൊതുകുജന്യരോഗ നിയന്ത്രണത്തിനായി ഫോഗിങ്, സ്‌പ്രേയിങ് എന്നിവ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. പല സ്ഥലത്തും തൊഴിലാളികളുടെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ഡ്രൈ ഡേ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങളൊന്നും ജില്ലയിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഭയം വേണ്ട, ജാഗ്രത മതി
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലസൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
Content Highlights: Around 300 people affected by dengue in Thiruvananthapuram within two weeks, Leptospirosis confirmed in 30 cases with fatalities reported, Chikungunya, Influenza, and other vector-borne diseases spreading across regions, Local bodies facing shortages in fogging and spraying operations