ചായകുടിക്കുന്നവരാണോ? ടീ ബാഗിലെ മൈക്രോപ്ലാസ്റ്റിക് വില്ലനായേക്കുമെന്ന് പുതിയ പഠനം

ഒരു ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗവും. ചായപ്പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനുള്ള മടികൊണ്ട് ഇന്‍സ്റ്റന്റ് ചായ ഉണ്ടാക്കാന്‍ ടീ ബാഗുകളുപയോഗിക്കുന്നത് സര്‍വസാധാരണമായിക്കഴിഞ്ഞു. ചായപ്പൊടി ഇട്ട് ചായ ഉണ്ടാക്കുന്നതിന് പകരം ചായപ്പൊടി ഉള്ളില്‍ വെച്ച ടീ ബാഗിട്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ഉള്ളിലേക്ക് വന്‍തോതില്‍ മൈക്രോപ്ലാസ്റ്റിക് എത്തിച്ചേരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പെയിനിലെ ഓട്ടോണോമസ് യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണയിലെ ഗവേഷകരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവര്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്തരം ടീബാഗുകളില്‍ കൂടി ഉള്ളിലെത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ കുടലിലെ മ്യൂക്കസ് ഉത്പാദിപ്പിക്കുന്ന കോശങ്ങളിലേക്ക് കടന്നുകയറുന്നുവെന്ന് കണ്ടെത്തി.
അതിലും ഗൗരവമാര്‍ന്നതെന്തെന്നാല്‍, മൈക്രോപ്ലാസ്റ്റിക്കുകള്‍ കോശങ്ങളുടെ ന്യൂക്ലിയസിലേക്ക് വരെ കടന്നുകയറുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ നമ്മുടെ ശരീരത്തില്‍ ദീര്‍ഘകാലം തുടരുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ഇതുവരെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നിരവധികാരണങ്ങള്‍കൊണ്ട് മൈക്രോപ്ലാസ്റ്റിക്കുകള്‍ നമ്മുടെ പരിതസ്ഥിതിയിലുണ്ട്. അതിനൊപ്പം ഹെര്‍ബല്‍ അല്ലെങ്കില്‍ ടീബാഗുകളും അവ നമ്മുടെ ശരീരത്തിലെത്താന്‍ വഴിയൊരുക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഭക്ഷണപാക്കറ്റുകള്‍ വഴി വലിയതോതില്‍ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടീബാഗുകള്‍ വഴി മൈക്രോപ്ലാസ്റ്റിക്കുകള്‍ മനുഷ്യശരീരത്തിലെത്തുന്നുവെന്ന പഠനം കീമോസ്ഫിയര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിനായി ഗവേഷകര്‍ തിരഞ്ഞെടുത്തത് നൈലോണ്‍, പോളിപ്രൊപൈലീന്‍ എന്നിവയാല്‍ നിര്‍മിച്ച ടീബാഗുകളാണ്. 600 എംഎല്‍ വെള്ളം ശേഖരിച്ച ഒരു ബീക്കറില്‍ 300 ടീബാഗുകള്‍ ഇടുകയും തുടര്‍ന്ന് ഇതിനെ 95 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ചൂടാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തപ്പോള്‍ ഈ ടീബാഗുകള്‍ അവ ഏതുതരം മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചത് എന്നതിലുപരി എല്ലാത്തില്‍നിന്നും വലിയ അളവില്‍ നാനോ പാര്‍ട്ടിക്കിളുകള്‍ പുറത്തേക്ക് വരുന്നതായി ശ്രദ്ധയില്‍പെട്ടു.
ഇതില്‍ പോളിപ്രൊപൈലീനിലാല്‍ നിര്‍മിച്ച ടീ ബാഗില്‍ നിന്ന് പുറത്തുവന്ന നാനോ പാര്‍ട്ടിക്കിളുകള്‍ ഒരുമില്ലീലിറ്റര്‍ വെള്ളത്തില്‍ ഏകദേശം 120 കോടി എന്ന അളവിലാണ് കിട്ടിയത്. നൈലോണ്‍ നിര്‍മിത ടീബാഗില്‍ നിന്നാകട്ടെ മില്ലിലിറ്ററിന് 81 ലക്ഷം നാനോപാര്‍ട്ടിക്കിളുകളും പുറത്തുവന്നു. തുടര്‍ന്ന് ഗവേഷകര്‍ ഇതിനെ മനുഷ്യശരീരത്തിലെ വിവിധ തരത്തിലുള്ള കോശങ്ങളുമായി ഇടകലരാന്‍ അനുവദിച്ചു. അതില്‍ കുടലിലെ മ്യൂക്കസ് കോശങ്ങള്‍ ഇത്തരം നാനോപാര്‍ട്ടിക്കിളിനെ കൂടുതലായി വലിച്ചെടുക്കുന്നുവെന്ന് കണ്ടെത്തി. ഇതില്‍ ചിലത് കോശകേന്ദ്രത്തിലേക്ക് വരെ കയറിക്കൂടുന്നതായും ശ്രദ്ധയില്‍പെട്ടു.
മൈക്രോപ്ലാസ്റ്റിക്കുകള്‍ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതുമൂലം കോശഘടനയില്‍ മാറ്റമുണ്ടാകുന്നതടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ അര്‍ബുദബാധയുണ്ടാകാന്‍ ഇവ കാരണമായേക്കും. പ്രത്യുത്പാദനത്തെ വരെ ബാധിക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പുരുഷന്മാരിലെ ശുക്ലത്തില്‍ വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Study reveals microplastics from tea bags enter the body, potentially causing health issues