23-ാം വയസിൽ അടിവയറിൽ മുഴ, പിന്നാലെ അപൂർവ അർബുദം; കാൻസറിനേക്കുറിച്ച് അവബോധം പകർന്ന സിഡ്നി അന്തരിച്ചു

#Health Desk
സി‍ഡ്നി ടൗൾ| Photo: instagram.com/sydneytowle/?hl=en
സി‍ഡ്നി ടൗൾ| Photo: instagram.com/sydneytowle/?hl=en

കാൻസറിനേക്കുറിച്ച് നിരന്തരം അവബോധം പങ്കുവെച്ചിരുന്ന ടിക്ടോക്ക് ഇൻഫ്ലുവൻസറായ സി‍ഡ്നി ടൗൾ അന്തരിച്ചു. അത്യപൂർവ അർബുദമായ കൊളാൻജിയോകർസിനോമയാണ് സിഡ്നിയെ ബാധിച്ചിരുന്നത്. സാമൂഹികമാധ്യമത്തിലൂടെ നിരന്തരം തന്റെ കാൻസർ യാത്രയേക്കുറിച്ച് സിഡ്നി പങ്കുവെച്ചിരുന്നു.

ഇരുപത്തിമൂന്നാം വയസ്സിൽ അടിവയറിൽ ഒരു മുഴ കണ്ടെത്തിയതാണ് തുടക്കം. തുടർച്ചയായി എരിച്ചിൽ അനുഭവപ്പെ‌‌‌ട്ടതിനു പിന്നാലെയാണ് ഡോക്ടറെ കാണാൻ തീരുമാനിക്കുന്നത്. പലപ്പോഴും രോഗലക്ഷണങ്ങൾ നിസ്സാരമാക്കുന്ന വിഭാഗത്തിലുള്ള കൊളാൻജിയോകർസിനോമയാണ് സിഡ്നിയെ ബാധിച്ചിരുന്നതെന്ന് കണ്ടെത്തി. അവിടുന്നിങ്ങോട്ട് കീമോതെറാപ്പിയുൾപ്പെടെയുള്ള തന്റെ കാൻസർ ചികിത്സകളെല്ലാം സിഡ്നി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

കാൻസർ ബാധിച്ചവർ ജീവിതത്തിൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടവരല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുക കൂടിയായിരുന്നു സിഡ്നി. യാത്രകളുടെയും നൃത്തം ചെയ്യുന്നതിന്റെയും അണിഞ്ഞൊരുങ്ങുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സിഡ്നി പങ്കുവെച്ചിരുന്നു. ചികിത്സ പൂർത്തിയായെങ്കിലും 2024-ൽ വീണ്ടും കാൻസർ തിരിച്ചെത്തുകയായിരുന്നു. ഇക്കുറി കരളിനെയാണ് ബാധിച്ചതെന്നും സിഡ്നി പറഞ്ഞിരുന്നു.

ധീരത എന്നത് എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ലെന്നും ചിലപ്പോഴൊക്കെ കീമോതെറാപ്പിക്ക് ഇഷ്ടപ്പെട്ട വസ്ത്രം അണിഞ്ഞുപോകുന്നതിലും ശസ്ത്രക്രിയയ്ക്കുശേഷം ഒരു യാത്ര പ്ലാൻ ചെയ്യുന്നതിലും ഇന്നത്തെ ദിവസം കഠിനമാണെങ്കിലും നാളെ മനോഹരമായിരിക്കുമെന്ന് ചിന്തിക്കുന്നതിലുമാകുമെന്നും സിഡ്നി പറഞ്ഞിരുന്നു.

കൊളാൻജിയോകർസിനോമ

പിത്തനാളിയിൽ രൂപപ്പെടുന്ന കാൻസറാണിത്. ഈ നാളികളിലൂടെയാണ് ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഒഴുകുന്നത്. കരൾ പിത്താശയം, ചെറുകുടൽ എന്നിവയെ ബന്ധിപ്പിക്കുന്ന നാളികളാണ് പിത്തരസ നാളികൾ. സാധാരണയായി 50 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് പിത്തരസ നാളി കാൻസർ അഥവാ കോളൻജിയോകാർസിനോമ കൂടുതലും കണ്ടുവരാറുള്ളത്. പിത്തരസ നാളികളിൽ കാൻസർ എവിടെയാണ് കാണപ്പെടുന്നതെന്നതിനെ അടിസ്ഥാനമാക്കി ഡോക്ടർമാർ കോളൻജിയോകാർസിനോമയെ വിവിധ തരങ്ങളായി തിരിച്ചിട്ടുണ്ട്:

കരളിനുള്ളിലെ പിത്തരസ നാളികളിൽ കാണപ്പെടുന്നതിനെ ഇൻട്രാഹെപ്പാറ്റിക് കൊളാൻജിയോകാർസിനോമ എന്നുവിളിക്കുന്നു. ഇത് കരൾ കാൻസറിന്റെ ഒരു വിഭാഗമായും കണക്കാക്കപ്പെടുന്നുണ്ട്. കരളിന് തൊട്ടുപുറത്തുള്ള പിത്തരസ നാളികളിൽ കാണപ്പെടുന്നതിനെ പെരിഹിലാർ കൊളാൻജിയോകാർസിനോമ എന്നും ചെറുകുടലിനോട് ഏറ്റവും അടുത്തുള്ള പിത്തരസ നാളിയുടെ ഭാഗത്ത് കാണുന്നതിനെ ഡിസ്റ്റൽ കൊളാൻജിയോകാർസിനോമ എന്നും പറയുന്നു.

ലക്ഷണങ്ങൾ

  • ചർമത്തിലും കണ്ണിനും മഞ്ഞനിറം
  • ചർമത്തിൽ ചൊറിച്ചിൽ
  • മലത്തിൽ വെള്ളനിറം
  • അമിതക്ഷീണം
  • വലതുവശത്ത് അ‌ടിവയറുവേദന‌
  • അകാരണമായി ഭാരംകുറയൽ
  • രാത്രികാലങ്ങളിൽ വിയർപ്പ്
  • മൂത്രത്തിന് കടുംനിറം

തുടർച്ചയായ ക്ഷീണം, വയറുവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്.

Content Highlights: Sydney Towle, a 23-year-old TikTok influencer, passed away from cholangiocarcinoma., She documented her cancer journey to raise awareness and inspire others.