കേന്ദ്രത്തിന്റെ ‘ഒരു രൂപയ്ക്ക് ഒരു പാഡ്’ വിതരണം താളംതെറ്റി, സുവിധ സാനിറ്ററി നാപ്കിനുകൾ കിട്ടാനില്ല

#സൗമ്യ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സ്ത്രീകൾക്ക് ആർത്തവശുചിത്വം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച സുവിധ സാനിറ്ററി നാപ്കിനുകൾ മാസങ്ങളായി ലഭ്യമല്ല. ഒരു രൂപയ്ക്ക് ഒരു പാഡ് ലഭിക്കുന്ന സംവിധാനം ആരംഭിച്ചശേഷം 2026 ജനുവരി 31 വരെ രാജ്യത്താകെ നൂറുകോടിയിലധികമെണ്ണം വിറ്റെന്ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം മാത്രം 23 കോടിയോളം പാഡുകളാണ് വിറ്റത്. ഇത്രയേറെ ആവശ്യകതയുള്ളപ്പോഴാണ് പാഡുകൾ കൃത്യമായി എത്തിക്കാതിരിക്കുന്നത്. ജൻഔഷധി കേന്ദ്രങ്ങൾ മുഖേനമാത്രമാണ് സുവിധ പാഡുകളുടെ വിൽപ്പന.

കേരളത്തിലെ ഒട്ടുമിക്ക ജൻഔഷധി കേന്ദ്രങ്ങളിലും സുവിധ നാപ്കിനുകൾ സ്റ്റോക്കില്ല. 2018-ലെ വനിതാദിനത്തിലാണ് ബയോഡീഗ്രേഡബിൾ പാഡുകൾ സുവിധ എന്ന പേരിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. നാപ്കിനുകൾ അതേ വർഷം മേയ് മുതൽ ജൻഔഷധി കേന്ദ്രങ്ങളിലൂടെ വിൽപ്പന തുടങ്ങി. ആദ്യം ഒരു പാഡിന് 2.50 രൂപയായിരുന്നു വില. ഇത് 2019 ഓഗസ്റ്റ് മുതൽ ഒരുരൂപയാക്കി കുറച്ചു. വിപണിയിലുള്ള മറ്റ് സാനിറ്ററി പാഡുകൾക്ക് ഒരെണ്ണത്തിന് ആറുരൂപമുതലാണ് വില.

പദ്ധതി ആരംഭിച്ചശേഷം ഒട്ടേറെ തവണ വിതരണം മുടങ്ങിയിട്ടുണ്ട്. മാസങ്ങളോളം ലഭിക്കാതെ വരികയും ആവശ്യമുള്ളതിലും വളരെ കുറഞ്ഞ അളവിൽ സ്റ്റോക്ക് എത്തിക്കുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടായിരുന്നു. നേരത്തേ 500 പാക്കറ്റുകൾ ലഭിച്ചിരുന്നിടത്ത് നിലവിൽ 50 പാക്കറ്റുകൾ മാത്രമേ വിൽപ്പനയ്ക്കായി കിട്ടുന്നുള്ളൂവെന്നാണ് ജൻഔഷധി കേന്ദ്രം നടത്തിപ്പുകാർ പറയുന്നത്. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി നാപ്കിനുകൾ എത്തുന്നതേ ഇല്ല. ആവശ്യകത അനുസരിച്ച് എത്തിക്കാനുള്ള സംവിധാനവും നിലവിലില്ല. ആവശ്യക്കാർ കൂടുതലുള്ളിടത്ത് കൂടുതൽ അളവിൽ പാഡുകൾ നൽകാതെ ഗ്രാമീണമേഖലകളിലും നഗരങ്ങളിലും ഉൾപ്പെടെ ഒരേ അളവിൽ സ്റ്റോക്ക് എത്തിക്കുന്നതും ക്ഷാമത്തിനു കാരണമാകുന്നു. ഇതിനു പരിഹാരം കാണണമെന്ന് ചില എം.പി.മാർ ലോക്‌സഭയിൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

നാല്, അഞ്ച്, 10 പാഡുകൾ വീതമുള്ള പായ്ക്കറ്റുകളാണ് വിൽപ്പനയ്ക്കുള്ളത്. വലുപ്പംകൂടിയ പാഡുകൾ നാലെണ്ണം അടങ്ങിയ പായ്ക്കറ്റ് 12 രൂപയ്ക്കും കൂടുതൽ വലുപ്പമുള്ളവ 15 രൂപയ്ക്കും ലഭിക്കും. പദ്ധതിയുടെതന്നെ ഭാഗമായ സുഗം ആപ്പ് മുഖേന ജൻഔഷധി കേന്ദ്രങ്ങളിൽ പാഡുകൾ ഉണ്ടോയെന്ന് അറിയാനുള്ള സംവിധാനവുമുണ്ടായിരുന്നു. എന്നാലിപ്പോൾ അതും പ്രവർത്തനരഹിതമാണെന്ന് ആക്ഷേപമുണ്ട്.

Content Highlights: Despite high demand, suvidha sanitary napkins face distribution challenges, with limited stock reaching Jan Aushadhi centers, impacting women's menstrual health.