8 മാസം ചികിത്സ, ‘അതിജീവിക്കുമെടോ’ എന്ന് ഡോക്ടർ; സൂര്യകല കാൻസറിനെ ആദ്യം തോൽപ്പിച്ചു, പിന്നെ പഠിച്ചു

#അജയ് വി. അനിത
സൂര്യകല അർബുദചികിത്സകൻ ഡോ. വി.പി. ഗംഗാധരനോടൊപ്പം
സൂര്യകല അർബുദചികിത്സകൻ ഡോ. വി.പി. ഗംഗാധരനോടൊപ്പം

കഞ്ചിക്കോട്: അർബുദത്തെ തോൽപ്പിക്കുക മാത്രമല്ല, അതേക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകകൂടി ചെയ്തു കഞ്ചിക്കോട് സ്വദേശിനിയും കോളേജ് അധ്യാപികയുമായ സൂര്യകല (51).

2012-ൽ കോയമ്പത്തൂരിലെ സ്വകാര്യകോളേജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ അധ്യാപികയായിരിക്കെയാണ് രോഗലക്ഷണം കണ്ടുതുടങ്ങുന്നത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്തനാർബുദത്തിന്റെ രണ്ടാംഘട്ടമാണെന്നറിഞ്ഞു. ശസ്ത്രക്രിയചെയ്യണമെന്ന് ഡോക്ടർ അറിയിച്ചതോടെ ഉള്ളിലാകെ ഇരുട്ടുനിറഞ്ഞ അവസ്ഥയായെന്ന് സൂര്യകല പറയുന്നു.

ഭർത്താവ് സൗദി അറേബ്യയിലെ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി ബിസിനസുമൊക്കെയായി സന്തോഷത്തോടെ മുന്നോട്ടുപോകുന്നതിനിടെയാണ് സൂര്യകലയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. അന്ന് ഇളയകുട്ടിയുടെ മുലപ്പാലൂട്ടൽ നിർത്തിയിട്ട് മാസങ്ങളേ ആയിരുന്നുള്ളൂവെന്ന് സൂര്യകല ഓർക്കുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ നിർദേശത്തിലാണ് ഡോ. വി.പി. ഗംഗാധരന്റെ അരികിലേക്കെത്തുന്നത്.

എട്ടുമാസത്തോളംനീണ്ട ചികിത്സയിൽ 30 റേഡിയേഷൻ, ആറ്‌ കീമോതെറപ്പി, ശസ്ത്രക്രിയ എന്നിവ വേണ്ടിവന്നു. കീമോതെറപ്പിക്കുശേഷം കൈകാൽതരിപ്പ്, മുടിയും കൺപീലിയും കൊഴിഞ്ഞുപോക്ക്, ഛർദി, നഖത്തിലും ചുണ്ടിലും കറുപ്പ് തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾ. മാനസികമായി തളർന്നുപോയ സമയങ്ങളിൽ ഇതൊക്കെ നമ്മൾ അതിജീവിക്കുമെടോ എന്ന ഡോക്ടറുടെ വാക്കുകൾ ആശ്വാസമായിരുന്നെന്ന് സൂര്യകല പറയുന്നു.

കാൻസർഭേദമായവർക്ക് സഹതാപമല്ല, പിന്തുണയാണ് ആവശ്യമെന്ന അനുഭവത്തിന്റെ ബലത്തിലാണ് 2018-ൽ ‘അർബുദരോഗികളുടെ ചികിത്സയിലെ ബോധ്യങ്ങളും സംതൃപ്തിയും’ എന്ന‌ വിഷയത്തിൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി. നേടിയത്. നേരത്തേയുള്ള രോഗനിർണയത്തിലൂടെ ഒരാളെയെങ്കിലും രക്ഷിക്കാനാവണമെന്ന ആലോചനയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചുതുടങ്ങി. കൊച്ചി കാൻസർ സൊസൈറ്റിയും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് അട്ടപ്പാടിയുൾപ്പെടെയുള്ള 35-ഓളം പ്രദേശങ്ങളിൽ സൗജന്യ സ്തനാർബുദനിർണയ ക്യാമ്പുകൾക്ക് നേതൃത്വംനൽകി.

കഞ്ചിക്കോട് കെ.ടി.സി. കലാനിലയത്തിലാണ് താമസം. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യകോളേജിൽ ബിസിനസ് മാനേജ്മെന്റ് വിഭാഗത്തിൽ വിസിറ്റിങ് പ്രൊഫസറാണ്. ഭർത്താവ് കമലാസനൻ. മക്കൾ: കിഷൻ, കിരൺ.

Content Highlights: Surya Kala (51), a college lecturer from Kanjikode, not only defeated breast cancer after undergoing surgery, 30 radiation sessions and six rounds of chemotherapy, but later went on to earn a PhD focusing on cancer patient awareness and satisfaction.