ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ?; ഈ 'സൂപ്പർഫുഡ്സ്' ധൈര്യമായി കഴിച്ചോളൂ, ഡയറ്റീഷ്യൻ പറയുന്നു

ശരീരഭാരം കുറയ്ക്കുകയെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. പലരും പലവിധ രീതികളാണ് ഭാരം കുറയ്ക്കുന്നതിനായി അവലംബിക്കാറുള്ളത്. പലപ്പോഴും ആഹാരം തിരഞ്ഞെടുക്കുമ്പോൾ ഒരു മണിക്കൂറിനുശേഷം വീണ്ടും ലഘുഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കാത്തവ ഡയറ്റിൽ ഉൾപ്പെടുത്താം. ഈ വിഭാഗത്തിൽപ്പെടുന്ന ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സുകളെന്ന് പറയുകയാണ് ഡയറ്റീഷ്യൻ പ്രിയ പലൻ. കലോറി കൂടുതലാണെങ്കിലും വിശപ്പ് കുറയ്ക്കാനും ഊർജ്ജം സ്ഥിരമായി നിലനിർത്താനും സഹായിക്കുന്ന പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും അവർ ഹെൽത്ത് ഷോട്ട്സിനോട് പറഞ്ഞു.
ബദാം
ദിവസേന നാലോ അഞ്ചോ ബദാം കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ പറയുന്നു. മഗ്നീഷ്യം, വിറ്റാമിൻ ഇ, ചെമ്പ്, കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ബദാം. അതിലെ ഫൈബറും കൊഴുപ്പും വിശപ്പ് വൈകിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്ട്സ് കഴിക്കാത്തവരെ അപേക്ഷിച്ച് ബദാം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് കൂടുതൽ ശരീരഭാരം കുറയുന്നതായി ജേണൽ ഓഫ് റിസർച്ച് ഇൻ മെഡിക്കൽ സയൻസിലെ പഠനം വ്യക്തമാക്കിയിരുന്നു.
വാൽനട്ട്
വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ശരീരത്തിലെ നീർവീക്കം തടയാനും സഹായിക്കുന്നു. മിതമായ അളവിൽ വാൾനട്ട് കഴിക്കുന്നത് വയറു നിറഞ്ഞെന്ന തോന്നലിന് കാരണമാകും.
നിലക്കടല
നിലക്കടലയിൽ പ്രോട്ടീൻ, നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് 35 ഗ്രാം നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനവും വ്യക്തമാക്കുന്നു.
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മറ്റ് മധുരമുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ചുണ്ടാകുന്ന ക്ഷീണം ഇവ തടയുന്നു. ഈന്തപ്പഴത്തിലെ ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉപാപചയ ആരോഗ്യത്തിന് നല്ലതാണ്. മറ്റ് പല മധുരമുള്ള ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് ഇവയുടെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണെന്നതിനാലും ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം.
പ്രൂൺസ്
പ്രൂൺസ് അഥവാ ഉണങ്ങിയ പ്ലമ്മിൽ ധാരാളം നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നീ പോഷകങ്ങളും ഇതിലുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രൂൺസ് നല്ലതാണെന്ന് മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് മെഡിസിൻ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover dietitian-approved superfoods that curb hunger and boost energy for effective weight loss. Boost your diet today!