എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് നടി സുമോണ ചക്രവർത്തി; ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

#Health Desk
സുമോണ ചക്രവർത്തി
സുമോണ ചക്രവർത്തി

കഴിഞ്ഞ ദിവസമാണ് ഹിന്ദി ടെലിവിഷൻ താരം സുമോണ ചക്രവർത്തി എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനേക്കുറിച്ചും സർജറി ചെയ്തതിനേക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സുമോണയുടെ തുറന്നുപറച്ചിൽ. മേയ് നാലിന് എൻഡോമെട്രിയോസിസിന് സർജറി ചെയ്തുവെന്നും വർഷങ്ങളായിട്ടും രോഗം ഭേദമാവാത്തതിനാലാണ് സർജറി ചെയ്യാൻ തീരുമാനിച്ചതെന്നും സുമോണ പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് മാസമായി ശാരീരികമായും മാനസികമായും സുഖം പ്രാപിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ഹോളിവുഡ് നടി ലിലി റീൻഹാർട്ടും ബാർബറ പൽവിനുമാെക്കെ രോഗത്തെ നേരിടുന്നതിനേക്കുറിച്ച് പങ്കുവെച്ചിരുന്നു. പലപ്പോഴും നിസ്സാരമാക്കിവിടുന്ന പല ലക്ഷണങ്ങളും എൻഡോമെട്രിയോസിസിന്റേതാകാം. ലക്ഷണങ്ങൾ നാളുകളോളം നീണ്ടുനിൽക്കുന്നുവെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടത് പ്രധാനമാണ്. 

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ, ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം. ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ, ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, അടിവയറിലെ മാറാതെ വേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദന കുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.

Content Highlights: Sumona Chakravarti shares her personal experience with endometriosis surgery., Endometriosis occurs when endometrium-like tissue grows outside the uterus., Common symptoms include severe menstrual pain, lower back pain, and infertility