ഫ്രൂട്ട് ജ്യൂസ് ഹെൽത്തിയാവാം, പക്ഷേ വണ്ണംകുറയ്ക്കുന്നവർക്ക് ഗുണം ചെയ്യില്ലെന്ന് പഠനം

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനിഷ്ടമുള്ളവർ നിരവധിയാണ്. ദിവസവും ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളും ലഭിക്കും. എന്നാൽ വണ്ണംകുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്രഗുണം ചെയ്യില്ലെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്. ഫ്രൂട്ട് ജ്യൂസ് ദിവസേന കുടിക്കുന്നത് വണ്ണംവെക്കാനിടവരുത്തുമെന്നും പഠനത്തിലുണ്ട്.
ജാമാ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാദിവസവും ഒരുഗ്ലാസ് 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷുഗർ ചേർക്കാത്ത ജ്യൂസിനേയാണ് 100% ഫ്രൂട്ട് ജ്യൂസ് എന്നുപറയുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കിയാണ് ഗവേഷകർ അവലോകനം നടത്തിയത്. പതിനൊന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബി.എം.ഐ.(Body mass index)-യിൽ വർധനവ് വരുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്.
ജ്യൂസ് കുടിക്കുന്നത് തീരെ ഒഴിവാക്കണം എന്നല്ല മറിച്ച് വണ്ണംകുറയ്ക്കുന്നവർ ജ്യൂസിന്റെ അളവ് കുറയ്ക്കുന്നതാവും അഭികാമ്യമെന്നാണ് ഗവേഷകർ പറയുന്നത്. ജ്യൂസ് ആരോഗ്യകരമാണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇവ വണ്ണംവെക്കാൻ കാരണമാകുന്നതെന്ന ചോദ്യത്തിനും ഗവേഷകർക്ക് മറുപടിയുണ്ട്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാവാം അതിനു കാരണമെന്നാണ് പറയുന്നത്. പഴങ്ങളിലുള്ളതുപോലെ ഫൈബറിന്റെ അളവ് ജ്യൂസിലുണ്ടാകില്ല. അതിനാൽ അവ കുടിക്കുമ്പോൾ വയറുനിറഞ്ഞ അവസ്ഥ അനുഭവപ്പെടാതിരിക്കുകയും കൂടുതൽ കുടിക്കുകയും ചെയ്യും. ഇതാവാം വണ്ണംവെക്കാൻ കാരണമാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നതുപ്രകാരം ഒന്നുമുതൽ മൂന്നുവരെ പ്രായക്കാർ 4 ഔൺസ് ജ്യൂസും നാലുമുതൽ ആറുവരെ പ്രായക്കാർ 6 ഔൺസ് ജ്യൂസും ഏഴുമുതൽ പതിനെട്ടുവരെ പ്രായക്കാർ എട്ട് ഔൺസുമാണ് കുടിക്കേണ്ടത്.
വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റുചിലകാര്യങ്ങൾ
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യായാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ടി.വിയോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: study says fruit juices could make you gain weight