ദിവസത്തിലെ പ്രധാനഭക്ഷണമാണ് പ്രാതൽ, അമിതവണ്ണം കുറയ്ക്കാനും ഫലപ്രദം- പഠനവുമായി ഗവേഷകർ

Representative Image| Photo: Mathrubhumi
Representative Image| Photo: Mathrubhumi

പലപ്പോഴും തിരക്കിട്ട ഓട്ടത്തിനിടയിൽ പ്രാതൽ ഒഴിവാക്കുന്നവരുണ്ട്. അത്താഴത്തിനുശേഷമുള്ള ദീർഘമായ ഇടവേളയ്ക്കൊടുവിലാണ് പ്രാതൽ വരുന്നത് എന്നതിനാൽ തന്നെ പോഷകപൂർണവുമായിരിക്കണം. ഇപ്പോഴിതാ പുതിയൊരു പഠനം പ്രാതലിന്റെ പ്രാധാന്യത്തേക്കുറിച്ചാണ് പങ്കുവെക്കുന്നത്. ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഭക്ഷണം പ്രാതലാണെന്നാണ് പഠനത്തിൽ പറയുന്നത്. 

ഡെൻമാർക്കിലെ ആർഹസ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പതിനെട്ടുമുതൽ മുപ്പതുവയസ്സുവരെ പ്രായമുള്ള സ്ത്രീകളുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണമുണ്ടായിരുന്നവരായിരുന്നു പഠനത്തിൽ പങ്കെടുത്തത്. പ്രോട്ടീൻ സമ്പന്നമായ പ്രാതൽ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാ​ഗ്രതയും കൈവരിക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്. 

അമിതവണ്ണംമൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും പ്രാതൽ പ്രധാനമാണെന്ന് പഠനത്തിൽ പറയുന്നുണ്ട്. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം പ്രാതലിന് കഴിക്കുകവഴി അമിതവണ്ണം കുറയ്ക്കാമെന്നാണ് പഠനത്തിലുള്ളത്. 

ജേർണൽ ഓഫ് ഡയറി സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രോട്ടീൻ സമ്പന്നമായ പ്രാതലും അത്രതന്നെ കലോറിയുള്ള കാർബോഹൈഡ്രേറ്റ് സമ്പന്നമായ പ്രാതലും കഴിക്കുന്നതിലൂടെ സംതൃപ്തിയിൽ ഉണ്ടാകുന്ന മാറ്റത്തേക്കുറിച്ചും പഠനത്തിലുണ്ട്. ഭക്ഷണം കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുകവഴി അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്നും ​ഗവേഷകർ പറയുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ചില ആരോ​ഗ്യപ്രശ്നങ്ങൾ

ശരീരഭാരം വര്‍ധിക്കല്‍

ഉച്ചവരെ ഒന്നും കഴിക്കാതിരിക്കുന്നത് കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇതുകൂടാതെ, മധുരം കൂടുതല്‍ അടങ്ങിയതും സംസ്‌കരിച്ച ഭക്ഷണത്തെയും വിശപ്പടക്കാന്‍ കഴിക്കേണ്ടതായി വരും. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

പ്രമേഹം

ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനാണിത്. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ ഇടയാക്കിയേക്കും.

ഡിമെന്‍ഷ്യ

.പ്രഭാതഭക്ഷണം മുടങ്ങുമ്പോള്‍ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊര്‍ജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെന്‍ഷ്യപോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മൈഗ്രേന്‍

പ്രഭാതഭക്ഷണം മുടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം വര്‍ധിക്കുന്നത് തുടക്കത്തില്‍ ചെറിയ തലവേദനയ്ക്ക് കാരണമാകും. പതിവായി ഭക്ഷണം മുടക്കുമ്പോള്‍ കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും.

രോഗപ്രതിരോധശേഷി കുറയ്ക്കും

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പോഷകങ്ങള്‍ അടങ്ങിയ ആഹാരം അവശ്യഘടകമാണ്. ഇത് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ക്കെതിരേയും വൈറസിനെതിരേയുമുള്ള പോരാട്ടത്തില്‍ ശരീരം തകരും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

Content Highlights: study says breakfast choice impacts concentration weight loss