കഴുത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്ന ശീലം നിർത്തണം, വന്ധ്യത മുതൽ കാൻസറിനുവരെ കാരണമാകുമെന്ന് ഗവേഷക

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പുറത്തിറങ്ങുംമുമ്പ് പെർഫ്യൂം ഉപയോഗിക്കുന്നത് ശീലമുള്ളവരുണ്ട്. കഴുത്തിൽ നേരിട്ട് സ്പ്രേ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഈ ശീലം അത്ര നല്ലതല്ലെന്നു പറയുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പാത്തോളജി ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി ഗവേഷകയായ അന കാനഡാസ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് അന വ്യക്തമാക്കിയിരിക്കുന്നത്.

സുഗന്ധദ്രവ്യങ്ങളിൽ സങ്കീർണ്ണമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്നും ഇവ സ്ഥിരമായി കഴുത്തിൽ നേരിട്ട് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും അന പറഞ്ഞു. കഴുത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നത് നിർത്തണമെന്നും ഡസൻ കണക്കിന് മുതൽ നൂറുകണക്കിന് രാസ മിശ്രിതങ്ങളടങ്ങിയവയാണ് അവയെന്നും അന പറഞ്ഞു.

സുഗന്ധദ്രവ്യങ്ങളും മറ്റ് സൗന്ദര്യവർധക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ഫ്രണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജിയിൽ 2025ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഉദ്ധരിച്ചാണ് അന അപകടസാധ്യത വിശദമാക്കിയത്. പെർഫ്യൂമുകളിലടങ്ങിയ 'ഫോർമാൽഡിഹൈഡ് പുറംതള്ളുന്ന ചേരുവകളും താലേറ്റ്സുമൊക്കെ എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ ആണെന്ന് അന പറയുന്നു. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ രാസവസ്തുക്കളാണ് എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നുപറയുന്നത്.

ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വന്ധ്യത, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നും ഇതുവ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും അന പറഞ്ഞു. എല്ലാ പെർഫ്യൂമുകളും ദോഷകരമാണെന്നോ, സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് രോഗത്തിന് കാരണമാകുന്നു എന്നോ ഇതിനർത്ഥമില്ല. എന്നാൽ കഴുത്തുപോലുള്ള ഭാഗങ്ങളിലേക്ക് സ്പ്രേ ചെയ്യുന്നത് കുറയ്ക്കണമെന്നാണ് അന പറയുന്നത്. കഴുത്തിൽ സ്പ്രേ ചെയ്യുമ്പോൾ അവ എളുപ്പത്തിൽ ശ്വാസകോശത്തിലെത്തും. കൂടാതെ ശരീരത്തിലെ ഏറ്റവും കൂടുതൽ രക്തയോട്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് കഴുത്ത്, ഈ ഭാഗം വളരെ നേർത്തതുമാണ്, അതിനാൽ സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും ആഴത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാനും നേരിട്ട് രക്തപ്രവാഹത്തിൽ പ്രവേശിക്കാനും കാരണമാകുമെന്നും അന പറയുന്നു.

ഇതുകൂടാതെ കഴുത്തിൽ നേരിട്ട് പെർഫ്യൂം പൂശുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്നത് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയിൽ സ്വാധീനിക്കും. കഴുത്തിലെ മൃദുവായ ചർമത്തിൽ തിണർപ്പ്, ചുവപ്പ്, കറുത്ത പാടുകൾ എന്നിവയ്ക്കും കാരണമായേക്കാം. ഇതിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം അലർജിക്കും ദീർഘകാല ചർമപ്രശ്നങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കും.

Content Highlights: Spraying perfume on the neck allows chemicals to enter the bloodstream faster due to thin skin and high blood flow., Perfumes contain endocrine disruptors like phthalates and formaldehyde-releasing ingredients., Frequent neck application is linked to thyroid dysfunction, infertility, and respiratory issues.