ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഡിമൻഷ്യ തടയാൻ സ്റ്റാറ്റിൻ മരുന്നുകൾ സഹായിച്ചേക്കാം; പുതിയ റിപ്പോർട്ട്

#Health desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിൻ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കഴിക്കുന്നത് മറവിരോഗം (ഡിമൻഷ്യ) വരാനുള്ള സാധ്യത 15 ശതമാനം വരെ കുറച്ചേക്കാമെന്ന് പുതിയ പഠനം. ഡെന്മാർക്കിൽ നടന്ന വിപുലമായ ഗവേഷണത്തിലാണ് ഹൃദയാരോഗ്യ സംരക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ തലച്ചോറിന്റെ സംരക്ഷണത്തിനും ഗുണകരമായേക്കാം എന്ന കണ്ടെത്തലുള്ളത്.

യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് 2026-ൽ അവതരിപ്പിക്കുകയും ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് - യൂറോപ്പ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത പഠനത്തിലാണ് വിവരങ്ങളുള്ളത്. ടൈപ്പ് 2 പ്രമേഹവും ഉയർന്ന എൽ.ഡി.എൽ. അഥവാ ചീത്ത കൊളസ്ട്രോളും പ്രായമാകുമ്പോൾ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇവ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്.

സമയക്രമം നിർണായകം

പഠനമനുസരിച്ച്, പ്രമേഹം സ്ഥിരീകരിച്ച് ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ തന്നെ സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കാൻ തുടങ്ങുന്നത് 10 വർഷത്തെ കാലയളവിൽ മറവിരോഗം വരാനുള്ള സാധ്യത 15 ശതമാനം കുറയ്ക്കും. പ്രമേഹം കണ്ടെത്തി അഞ്ച് വർഷത്തിനുള്ളിൽ വൈകി മരുന്ന് ആരംഭിച്ചവരിൽ ഈ സാധ്യതയിൽ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, സ്റ്റാറ്റിൻ മരുന്നുകൾ പൂർണ്ണമായും മറവിരോഗം തടയുമെന്ന് പഠനം തെളിയിക്കുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ഡെന്മാർക്കിൽ 2006-നും 2019-നും ഇടയിൽ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയ 1,32,585 പേരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. ഇതിന് മുൻപ് ഇവർ സ്റ്റാറ്റിൻ മരുന്നുകൾ കഴിച്ചിരുന്നില്ല. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നിരീക്ഷിച്ചത്. ആദ്യ അഞ്ച് വർഷം സ്റ്റാറ്റിൻ കഴിക്കാതിരുന്നവർ, പ്രമേഹം കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ കഴിച്ചു തുടങ്ങിയവർ, ഒന്നാം വർഷത്തിനും അഞ്ചാം വർഷത്തിനും ഇടയിൽ മരുന്ന് ആരംഭിച്ചവർ.

തുടർന്ന് ഇവരെ മറവിരോഗം ഉണ്ടാകുന്നത് വരെയോ, മരണപ്പെടുകയോ, രാജ്യം മാറിപ്പോകുകയോ ചെയ്യുന്നത് വരെയോ അല്ലെങ്കിൽ 2021 അവസാനം വരെയോ ഗവേഷകർ നിരീക്ഷിച്ചു. ശരാശരി ഏഴ് വർഷത്തോളം നീണ്ട നിരീക്ഷണ കാലയളവിൽ മൂന്ന് ശതമാനത്തോളം (3,592 പേർ) ആളുകൾക്ക് ഡിമൻഷ്യ ബാധിച്ചതായി കണ്ടെത്തി.

പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ, സ്റ്റാറ്റിൻ കഴിക്കാത്തവരിൽ ഡിമൻഷ്യ വരാനുള്ള സാധ്യത 3.9 ശതമാനമായിരുന്നു. എന്നാൽ നേരത്തെ മരുന്ന് കഴിച്ചു തുടങ്ങിയവരിൽ ഇത് 3.3 ശതമാനവും, വൈകി തുടങ്ങിയവരിൽ 3.5 ശതമാനവുമായിരുന്നു. അതായത്, 100 പേരെ വീതം നിരീക്ഷിച്ചാൽ, ആദ്യമേ സ്റ്റാറ്റിൻ കഴിച്ചു തുടങ്ങിയവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഡിമൻഷ്യ വരാനുള്ള നിരക്കിൽ 0.59 ശതമാനം കുറവുണ്ടായി. വൈകി തുടങ്ങിയവരിൽ 0.38 ശതമാനം കുറവാണ് ഉണ്ടായത്. സ്ത്രീകളിലും പുരുഷന്മാരിലും മരുന്നിന്റെ ഫലം സമാനമായ രീതിയിലാണ് കാണപ്പെട്ടത്.

എന്തുകൊണ്ട് സ്റ്റാറ്റിൻ തലച്ചോറിനെ സംരക്ഷിക്കുന്നു?

രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ് എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ് സ്റ്റാറ്റിനുകൾ. ഹൃദയത്തെപ്പോലെ തലച്ചോറിലേക്കും കൃത്യമായ രക്തയോട്ടം ആവശ്യമാണ്. പ്രമേഹം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നത് വഴി വാസ്കുലാർ ഡിമൻഷ്യ പോലുള്ള അവസ്ഥകളിലേക്കോ അൽഷിമേഴ്സ് രോഗം വഷളാകുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിലോ ചെന്നെത്തിക്കാം. 

നിലവിലുള്ള നിർദ്ദേശങ്ങൾ

നിലവിൽ പ്രമേഹരോഗികൾക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനാണ് ഡോക്ടർമാർ പ്രധാനമായും സ്റ്റാറ്റിൻ നിർദ്ദേശിക്കുന്നത്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നിർദ്ദേശപ്രകാരം 40-നും 75-നും ഇടയിൽ പ്രായമുള്ള മിക്ക പ്രമേഹരോഗികളും സ്റ്റാറ്റിൻ കഴിക്കേണ്ടതുണ്ട്. ഹൃദയത്തെയും രക്തക്കുഴലുകളെയും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

മറവിരോഗം തടയുക എന്ന ലക്ഷ്യത്തോടെ മാത്രം നിലവിൽ സ്റ്റാറ്റിൻ മരുന്നുകൾ നൽകാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നില്ല. സ്റ്റാറ്റിനുകൾ നേരിട്ട് മറവിരോഗം തടയുന്നുണ്ടോ എന്ന് ഉറപ്പിച്ചു പറയാൻ റാൻഡമൈസ്ഡ് ക്ലിനിക്കൽ ട്രയലുകൾ ആവശ്യമാണെന്നും നിരീക്ഷണ പഠനങ്ങളിലെ കണ്ടെത്തലുകൾ ജാഗ്രതയോടെ വേണം വിലയിരുത്താനെന്നും ഗവേഷകരും യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയും ഓർമ്മിപ്പിക്കുന്നു.

Content Highlights: Starting statin medications within the first year of a Type 2 diabetes diagnosis can reduce the risk of developing dementia by up to 15% over ten years by safeguarding vascular health.