രണ്ടല്ല നാലുതവണയാണ് അമ്മ അർബുദത്തെ അതിജീവിച്ചത്, പ്രതിസന്ധികളിൽ പിന്നോട്ടുപോയില്ല- രാഹുൽ ഗാന്ധി

പുറത്തിറങ്ങി ഒരാഴ്ച തികയുംമുമ്പേ രണ്ടുലക്ഷത്തിലധികം പ്രതികൾ വിറ്റഴിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സോണിയാ ഗാന്ധിയുടെ പുസ്തകമായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love). രണ്ടുതവണ അർബുദത്തെ അതിജീവിച്ചതിനേക്കുറിച്ചും പുസ്തകത്തിൽ സോണിയ പരാമർശിച്ചിരുന്നു. ഇപ്പോഴിതാ രണ്ടല്ല, നാലുതവണ സോണിയ അർബുദത്തെ അതിജീവിച്ചിട്ടുണ്ടെന്നു പറയുകയാണ് മകനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.
തന്റെ മാതാവ് സോണിയ ഗാന്ധി നാല് തവണ കാൻസറിനെ അതിജീവിച്ച വ്യക്തിയാണെന്നും പ്രതിസന്ധികൾക്ക് മുന്നിൽ ഒരിക്കലും പിന്നോട്ട് പോകാത്ത ആളാണെന്നും പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ രാഹുൽ പങ്കുവെച്ചു. 2010-ൽ സ്തനാർബുദം സ്ഥിരീകരിച്ചിരുന്നുവെന്നും ഫോളോഅപ് പരിശോധനയിൽ പാൻക്രിയാസിലും അർബുദം കണ്ടെത്തിയെന്നുമാണ് സോണിയ പുസ്തകത്തിൽ കുറിച്ചത്. ഇതുകൂടാതെ രണ്ടുതവണ കൂടി സോണിയ അർബുദത്തെ നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുകയാണ് രാഹുൽ.
രണ്ടുതവണ അർബുദം സ്ഥിരീകരിച്ചുവെന്നും ഇറ്റലിയിലെ മിലനിലും നെതർലാൻഡ്സിലെ റോട്ടർഡാമിലും വെച്ച് രണ്ട് ശസ്ത്രക്രിയകൾ ചെയ്യുകയുണ്ടായെന്നും സോണിയ എഴുതിയിരുന്നു. 2010-ലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. സർ ഗംഗ റാം ഹോസ്പിറ്റലിലെ ഡോക്ടർമാരിൽ പൂർണവിശ്വാസം ഉണ്ടായിരുന്നിട്ടും വിദേശത്ത് ചികിത്സ തേടാൻ തീരുമാനിച്ചത് മാധ്യമശ്രദ്ധ ഒഴിവാക്കാനാണ്. തനിക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. ഒട്ടും സമയം പാഴാക്കാനുണ്ടായിരുന്നില്ല. ഡൽഹിയിൽ സർജറി നടത്തുന്നതിനുപിന്നാലെയുണ്ടാകുന്ന മാധ്യമകോലാഹലങ്ങളുടെ കേന്ദ്രമാകാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും സോണിയ പറയുന്നു.
ശേഷം 2011-ൽ ഫോളോഅപ് പരിശോധനയ്ക്കിടെയാണ് പാൻക്രിയാസിൽ ഒരു വളർച്ച കണ്ടെത്തിയതെന്നും സോണിയ കുറിച്ചു. അത് തനിക്കും മക്കൾക്കും ഷോക്കായിരുന്നു. നിരവധി പരിശോധനകൾക്കൊടുവിൽ ഒട്ടും വൈകിക്കാതെ സർജറി ചെയ്യാമെന്ന തീരുമാനത്തിലെത്തി. എല്ലാവരും ഉറപ്പ് നൽകിയിട്ടും ശസ്ത്രക്രിയയേക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ശസ്ത്രക്രിയയ്ക്കുശേഷം മാത്രമേ രോഗവ്യാപ്തി മനസ്സിലാക്കാനാവുമായിരുന്നുള്ളൂ. ഏറ്റവും മോശമായതു സംഭവിക്കുമോയെന്നു ഭയന്നു. കാൻസർ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുമോയെന്നും തനിക്ക് രക്ഷപ്പെടാനാവുമോ എന്നും ചിന്തിച്ചുവെന്ന് സോണിയ പറയുന്നു. എന്നാൽ, റോട്ടർഡാമിൽ വെച്ചുചെയ്ത സർജറിക്കുപിന്നാലെ ട്യൂമർ പ്രാഥമികഘട്ടത്തിലാണെന്നു മനസ്സിലായി. നാലാഴ്ചയോളം ആശുപത്രിയിൽ തങ്ങി. പക്ഷേ, രണ്ടു സർജറികളുടെ കാലത്തും കീമോതെറാപ്പിയില്ലാതെ തനിക്ക് ചികിത്സയെ നേരിടാനായെന്നും സോണിയ കുറിക്കുന്നുണ്ട്.
പാൻക്രിയാറ്റിക് കാൻസർ
സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാന കാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.
ലക്ഷണങ്ങൾ
രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
സ്തനാർബുദം-സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽനിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റംവരുത്താൻ ബോധവത്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ കൈകൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയിൽനിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC) കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Sonia Gandhi's book details her battle with cancer, revealing she survived it four times, as shared by Rahul Gandhi at the launch.