ലക്ഷണങ്ങൾ പ്രകടമായപ്പോഴും കാൻസറായിരിക്കുമെന്ന് ചിന്തിച്ചില്ല- സൊനാലി ബിന്ദ്രെ

#Health Desk
സൊനാലി ബിന്ദ്രെ| Photo: PTI
സൊനാലി ബിന്ദ്രെ| Photo: PTI

കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ചും അതിജീവനകാലത്തേക്കുറിച്ചുമൊക്കെ നിരന്തരം പങ്കുവെച്ചിട്ടുള്ളയാളാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അധികമാരും കാൻസറിനേക്കുറിച്ച് തുറന്നുപറച്ചിൽ നടത്താത്ത സമയത്താണ് താൻ രോഗത്തേക്കുറിച്ച് സംസാരിച്ചത് എന്ന് സൊനാലി പറഞ്ഞു. ബോളിവുഡ് നടി സോഹാ അലി ഖാനൊപ്പമുള്ള പോഡ്കാസ്റ്റിനിടയിലാണ് സൊനാലി ഇതേക്കുറിച്ച് പങ്കുവെച്ചത്.

കാൻസർ ആർക്കോ, എവിടെയോ വരുന്ന രോഗമെന്നാണ് താൻ കാൻസറിനേക്കുറിച്ച് തുറന്നുപറഞ്ഞ സമയത്ത് പലരുടേയും മാനസികാവസ്ഥയെന്ന് സൊനാലി പറഞ്ഞു. തന്നേ സംബന്ധിച്ചുള്ള തെറ്റായവാർത്തകളും കുപ്രചാരണങ്ങളുമൊക്കെ തടയാൻ വേണ്ടിയാണ് രോഗമുള്ളകാര്യം തുറന്നുപറയാമെന്ന് തീരുമാനിച്ചത്. പിന്നാലെ നിരവധിപേർ തങ്ങളുടെ കാൻസർ അനുഭവങ്ങളും പരിചയക്കാരുടെ അനുഭവങ്ങളുമൊക്കെ പങ്കുവെച്ചിരുന്നു. തുറന്നുപറയാൻ തീരുമാനിച്ചത് തനിക്ക് ആശ്വാസം പകരുകയാണ് ചെയ്തതെന്നും സൊനാലി പറഞ്ഞു.

ലക്ഷണങ്ങൾ പ്രകടമായ സമയത്തും കാൻസറായിരിക്കുമെന്ന് താൻ ചിന്തിച്ചതേയില്ലെന്നും സൊനാലി പറയുന്നുണ്ട്. ആർത്തവവിരാമത്തിന്റെ തുടക്കമോ, മറ്റെന്തെങ്കിലും പ്രശ്നമോ ആയിരിക്കുമെന്ന് കരുതി. കൃത്യസമയത്ത് ലളിതായൊരു ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ രോഗം നേരത്തേ സ്ഥിരീകരിക്കുമായിരുന്നുവെന്നും എങ്കിൽ ഈ പാർശ്വഫലങ്ങളോടെ ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും സൊനാലി പറഞ്ഞു.

ടെസ്റ്റുകൾക്ക് വിധേയരാകേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും സൊനാലി പങ്കുവെച്ചു. ടെസ്റ്റുകളെ സമ്മർദം കൂട്ടുന്ന കാര്യമെന്നോ, ഡോക്ടർമാക്ക് പണമുണ്ടാക്കാനുള്ള വഴിയെന്നോ കരുതരുത്. പകരം ടെസ്റ്റുകൾ ചെയ്ത് നെഗറ്റീവ് റിസൽട്ട് വരുമ്പോൾ ആഘോഷിക്കുകയാണ് വേണ്ടതെന്നും സൊനാലി പറഞ്ഞു. നേരത്തേ രോഗം കണ്ടെത്തുന്നത് ജീവൻ രക്ഷിക്കുന്നതിൽ പ്രധാനമാണെന്നും സൊനാലി വ്യക്തമാക്കി.

കാൻസറിന്റെ കാര്യത്തിൽ ജനിതകഘടകം എത്രത്തോളം പ്രധാനമാണെന്നും സൊനാലി പറയുന്നുണ്ട്. തന്റെ കുടുംബത്തിൽ മുമ്പ് കാൻസർ സ്ഥിരീകരിച്ചിരുന്നു. പക്ഷേ ആരും അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. തനിക്ക് രോഗം സ്ഥിരീകരിച്ചേതാടെ രാജ്യത്തിനകത്തും പുറത്തുമൊക്കെയുള്ള കുടുംബാംഗങ്ങളോട് ടെസ്റ്റുകൾ ചെയ്യേണ്ട പ്രാധാന്യത്തേക്കുറിച്ച് നിരന്തരം പറയാറുണ്ട്. ഒപ്പം വ്യായാമം ചെയ്യുന്നതിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് സൊനാലി പറയുന്നുണ്ട്. താൻ മെലിഞ്ഞിരിക്കുന്നതിനാൽ ആരോഗ്യവതിയാണെന്നാണ് കരുതിയിരുന്നത്. പുകവലിക്കുകയോ, മദ്യപിക്കുകയോ, മറ്റ് മോശം ശീലങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ വർക്കൗട്ട് ചെയ്യുക എന്നത് തന്റെ ശീലത്തിന്റെ ഭാഗമായിരുന്നില്ല.

2018-ലാണ് താരത്തിന് അർബുദം സ്ഥിരികരിച്ചത്. തുടർന്ന് അമേരിക്കയിലാണ് സൊനാലി ചികിത്സതേടിയത്. ന്യൂയോർക്കിൽ ചികിത്സയ്ക്കായെത്തിയപ്പോൾ കാൻസറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ ഗോൾഡി ഭേൽ ആണ് സൊനാലിയുടെ ഭർത്താവ്. 

കുത്തനെ ഉയരുന്ന കാൻസർ നിരക്ക്

2050 ആകുമ്പോഴേക്കും കാൻസർ രോഗികളുടെ കുത്തനെ ഉയരുമെന്നും 35ദശലക്ഷം പുതിയ രോഗികളുണ്ടാകുമെന്നും അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഐ.എ.ആർ.സി. (International Agency for Research on Cancer) നടത്തിയ ഗവേഷണത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തിയത്.

ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് രോഗപ്രതിരോധത്തിന് ഗുണംചെയ്യുമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാമെന്നും പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെയും പ്രതിരോധിക്കാനാവുമെന്നും പറഞ്ഞിരുന്നു. ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോഗം കുറയ്ക്കുന്നതുമൊക്കെ ഗുണംചെയ്യുമെന്നും കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുകയുണ്ടായി.

Content Highlights: Bollywood actress Sonali Bendre shares her brave cancer journey and emphasizes the critical role of early detection and regular screenings