രാത്രി ഉറങ്ങുമ്പോൾ മുറിയിൽ ലൈറ്റിടാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് ഗവേഷകർ

മുറിയിലേക്ക് വെളിച്ചം കടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കി രാത്രി കിടന്നുറങ്ങുന്നവരാണ് മിക്കവരും. എന്നാൽ ചിലരാകട്ടെ ഇളംവെളിച്ചമുള്ള ലൈറ്റുകളും മറ്റും ഓൺ ചെയ്ത് കിടന്നുറങ്ങാറുണ്ട്. ചിലപ്പോഴൊക്കെ ടി.വി, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺ ചെയ്ത് വച്ച് കിടന്നുറങ്ങുന്നവരുമുണ്ട്. എന്നാൽ രാത്രി ഉറക്കത്തിനിടയിൽ മുറിയിൽ മിതമായ തോതിലുള്ള വെളിച്ചമാണെങ്കിൽ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. മങ്ങിയ വെളിച്ചമാണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയരുത് എന്നും അവ ഉറക്കത്തിനിടയ്ക്കുള്ള ഹൃദയത്തിന്റെ പ്രവർത്തനത്തെയും ചയാപചയ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുമെന്നും പഠനത്തിലുണ്ട്.
ഇത് ശരീരത്തിലെ ഗ്ലൂക്കോസ് നിലയെയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗം, ഡയബറ്റിസ് എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഫീൻബെർഗ് സ്കൂൾ ഓഫ് മെഡിസിൻ സർവകലാശാലയിലെ സ്ലീപ് മെഡിസിൻ മേധാവി ഡോ.ഫൈലിസ് സീ പറയുന്നു.
ഒരു രാത്രിയിൽ ഇരുണ്ട മുറിയിലും അടുത്ത ദിവസം മിതമായ രീതിയിൽ വെളിച്ചം വെച്ചുമുള്ള മുറികളിൽ കിടത്തിയാണ് പഠനം സംഘടിപ്പിച്ചത്. ഉറക്കത്തിനിടെ ഇവരുടെ ഹൃദയമിടിപ്പും രക്തത്തിന്റെ നിലയുമെല്ലാം പഠനത്തിന് വിധേയമാക്കി. ഇരുണ്ട മുറിയിൽ കിടന്നുറങ്ങിയവരേക്കാൾ വെളിച്ചമുള്ള മുറിയിൽ കിടന്നുറങ്ങിയവരിൽ രാത്രി മുഴുവൻ ഹൃദയമിടിപ്പ് ഉയർന്ന നിലയിൽ കണ്ടെത്തിയെന്നും പഠനത്തിലുണ്ട്.
സാധാരണയായി ഹൃദയമിടിപ്പും മറ്റ് ഹൃദയ സംബന്ധമായ പ്രവർത്തനങ്ങളും രാത്രിസമയങ്ങളിൽ കുറഞ്ഞ അളവിലും പകൽ സമയത്ത് കൂടിയുമിരിക്കും. രാത്രിയിൽ മോഡറേറ്റ് ലൈറ്റിൽ ഉറങ്ങിയാൽ പോലും ശരീരം ജാഗ്രതാവസ്ഥയിൽ ആയിരിക്കും. ഈ അവസ്ഥയിൽ ഹൃദയമിടിപ്പ് വർദ്ധിക്കും. ഉറക്കത്തിനിടെ വെളിച്ചവുമായി സമ്പർക്കം പുലർത്തുന്ന അവസ്ഥ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ലൈറ്റിട്ട മുറിയിൽ കിടന്നുറങ്ങുന്നവർ അടുത്ത ദിവസം എഴുന്നേൽക്കുമ്പോൾ ഇൻസുലിൻ പ്രതിരോധം കണ്ടുവരുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. മസിലുകളിലെയും കരളിലേയും സെല്ലുകൾ ഇൻസുലിനോട് വേണ്ടവിധം പ്രതികരിക്കാതിരിക്കുകയും ഊർജത്തിനായി രക്തത്തിൽ നിന്നും ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് പിന്നീട് ബ്ലഡ് ഷുഗർ നില വർധിപ്പിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
Content Highlights: sleeping with even low light is harmful for health, tips for good sleep, healthy sleeping