വെറുതെ ഇരിക്കുന്ന സമയം കൂടുതലാണോ? എങ്കിൽ വ്യായാമം ചെയ്തിട്ടും കാര്യമില്ല; അൽസ്ഹൈമേഴ്സ് സാധ്യത കൂടും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു മസ്തിഷ്‌ക്കരോഗമാണ്‌ അൽസ്ഹൈമേഴ്സ്. വിവിധ രീതിയിലുള്ള ചികിത്സകളിലൂടെയും പരിചരണരീതിയിലൂടെയും രോ​ഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനാവും. ഒപ്പം ജീവിതചര്യയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണം, പുകവലി ഉപേക്ഷിക്കുക, നന്നായി ഉറങ്ങുക, വ്യായാമം തുടങ്ങിയ ഘടകങ്ങൾ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കും. മണിക്കൂറുകളോളം ഇരിക്കുന്നതും അൽസ്ഹൈമേഴ്സും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

പെൻസിൽവാനിയയിലെ പിറ്റ്സ്ബ​ഗ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകയായ മരീസ എ ​ഗോ​ഗ്നിയാറ്റിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രായമായവർ ദീർഘസമയം ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്യുന്നത് മസ്തിഷ്കം ചുരുങ്ങാൻ കാരണമാവുകയും അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ​ഗവേഷണത്തിൽ കണ്ടെത്തി. ഇക്കൂട്ടരിൽ എത്രതന്നെ വ്യായാമം ചെയ്താലും ​വെറുതെയിരിക്കുന്ന സമയം കൂടുതലാണെങ്കിൽ ​ഗുണമുണ്ടാകില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. 

അൽസ്ഹൈമേഴ്സ് അസോസിയേഷന്റെ അൽസ്ഹൈമേഴ്സ്& ഡിമെൻഷ്യ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്പത് വയസ്സും അതിന് മുകളിലും പ്രായമുള്ള 404 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏഴുവർഷത്തോളം ഇവരുടെ ശാരീരിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിന്റെ എംആർഐ സ്കാനും പരിശോധിച്ച ശേഷമാണ് വിലയിരുത്തലിലെത്തിയത്. ദീർഘസമയം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നവരിൽ വൈജ്ഞാനിക അപചയം ഉണ്ടാവുകയും മസ്തിഷ്കത്തിന്റെ ​ഘടനയിൽ മാറ്റം വരികയും ചെയ്യുന്നുണ്ട്. ഉദാസീനമായ ജീവിതരീതി പുലർത്തുന്നവരിൽ ശരീരത്തിൽ നീർക്കെട്ട്, മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയുക, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം അൽസ്ഹൈമേഴ്സ് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ​ഗവേഷകർ പറയുന്നു. 

എന്തുകൊണ്ടാണ് ഉദാസീനമായ ജീവിതശൈലിക്കിടയിലും നന്നായി വ്യായാമം ചെയ്യുന്നത് ​ഗുണംനൽകാത്തത് എന്നതിനും ​ഗവേഷകർക്ക് ഉത്തരമുണ്ട്. ഒരുദിവസത്തിലെ പത്തും പതിനഞ്ചും മണിക്കൂർ ശാരീരിക പ്രവർത്തനങ്ങളിൽ കാര്യമായി ഏർപ്പെടാതെ അരമണിക്കൂർ മാത്രം നന്നായി വ്യായാമം ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ വാദം. വ്യായാമം ചെയ്യുന്നതിനൊപ്പം വെറുതെയിരിക്കുന്നതിന്റെ ദൈർഘ്യം കൂടി കുറയ്ക്കുകയാണ് പ്രധാനമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. 

ഓരോ അരമണിക്കൂർ കൂടുമ്പോഴും നിൽക്കുകയും ശരീരം സ്ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യുക, നടന്നുകൊണ്ട് ഫോൺ ചെയ്യുക, ലിഫ്റ്റിനു പകരം സ്റ്റെയർകെയ്സ് ഉപയോ​ഗിക്കുക തുടങ്ങിയവയിലൂടെ ദീർഘസമയം ഇരിക്കുന്നത് ഒഴിവാക്കാനാവും. 

അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചിലകാര്യങ്ങൾ

മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൽസ്ഹൈമേഴ്സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.

നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.

അൽസ്ഹൈമേഴ്സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന്‌ പഠന വിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത്‌ ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.

ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ  !

  • ഓർമ കൂട്ടാൻ എളുപ്പ വഴികളില്ല. മസ്തിഷ്കത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകൾ ശീലമാക്കിയാൽ ഓർമ്മ മെച്ചപ്പെടും.
  • 200 പേജ് ഉള്ള രണ്ട് പുസ്തങ്ങളെങ്കിലും എല്ലാ മാസവും വായിക്കുക.
  • ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെസ് കളിക്കുക
  • ആഴ്ചയിൽ ഒരിക്കൽ എങ്കിലും സുഡുകു, ക്വിസ് എന്നിവ ചെയ്യുക
  • ആഴ്ചയിൽ മൂന്നാല് തവണയെങ്കിലും യോഗ, ധ്യാനം എന്നിവയുൾപ്പടെ വ്യായാമ മുറകൾ ശീലമാക്കുക
  • ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിക്കുക. സർഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക
  • എട്ട് മണിക്കൂർ ഉറങ്ങുക, കൃത്യസമയം പാലിക്കുക

Content Highlights: New research links prolonged sitting to increased Alzheimer`s risk