രോഗപ്രതിരോധ സംവിധാനത്തിൽ പുതിയ കണ്ടെത്തൽ; 'ഇതുവരെയുള്ള ധാരണകളെ മാറ്റിമറിക്കുന്ന പഠനം'

മനുഷ്യശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തില്‍ ഒളിഞ്ഞിരുന്ന പുതിയൊരു ഭാഗം കണ്ടെത്തി ഗവേഷകര്‍. പ്രോട്ടീനുകളെ പുനരുപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന ശരീരഭാഗത്തിന് ഒരു 'രഹസ്യ മോഡ്' കൂടെയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിലൂടെ പ്രോട്ടീനുകളെ ബാക്ടീരിയകളെ കൊല്ലാനുള്ള രാസവസ്തുക്കളാക്കി മാറ്റുമെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച പഠനം നേച്ചറിലാണ് പ്രസിദ്ധീകരിച്ചത്.
അണുബാധകളില്‍ നിന്ന് ശരീരം എങ്ങനെ സ്വയം സംരക്ഷിക്കുന്നു എന്നത് സംബന്ധിച്ച നമ്മുടെ ധാരണകളെ മാറ്റിമറിക്കുന്ന കണ്ടെത്തലാണ് ഇതെന്നാണ് ഇസ്രയേലി ഗവേഷകര്‍ പറയുന്നത്. ആന്റിബയോട്ടിക്കുകളുടെ കലവറയാണ് പുതിയ കണ്ടെത്തലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ബാക്ടീരിയയ്‌ക്കെതിരെ നിലവില്‍ പ്രയോഗിക്കുന്ന ആന്റി ബയോട്ടിക് മരുന്നുകള്‍ക്കെതിരെ പ്രതിരോധം നേടുന്ന 'സൂപ്പര്‍ ബഗ്' പ്രശ്‌നത്തിനുള്ള പരിഹാരത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കണ്ടെത്തലാകും ഇത്.
ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന പ്രോട്ടീസം എന്ന ചെറുഘടനയിലാണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. പഴയ പ്രോട്ടീനുകളെ കഷ്ണങ്ങളാക്കി നുറുക്കിയശേഷം പുനരുപയോഗിക്കാന്‍ കഴിയുന്ന പുതിയവ ഉണ്ടാക്കുകയാണ് പ്രോട്ടീസമിന്റെ പ്രധാന ധര്‍മ്മം.
തുടര്‍ച്ചയായി നടത്തിയ പരീക്ഷണങ്ങളിലാണ് പ്രോട്ടീസമിന്റെ മറ്റൊരു 'സ്വഭാവം' ഗവേഷകര്‍ കണ്ടെത്തിയത്. ഒരു കോശത്തില്‍ ബാക്ടീരിയ അണുബാധ ഉണ്ടാകുമ്പോള്‍ അത് പ്രോട്ടീസം തിരിച്ചറിയുന്നു. തുടര്‍ന്ന് ഉടനടി അത് സ്വയം ഘടന മാറ്റും. ഇതിനൊപ്പം തന്റെ 'പ്രതിരോധ ചുമതല'യിലും പ്രോട്ടീസം മാറ്റം വരുത്തും.
ഘടനാമാറ്റത്തിന് ശേഷം പ്രോട്ടീസം പഴയ പ്രോട്ടീനുകളെ ബാക്ടീരിയയ്‌ക്കെതിരായ ശക്തമായ ആയുധങ്ങളാക്കി മാറ്റുകയാണ് ചെയ്യുക. ബാക്ടീരിയയുടെ പുറംപാളി വലിച്ചുകീറിയാണ് ഈ 'ആയുധം' അവയെ നശിപ്പിക്കുക. ഇതാണ് കോശത്തില്‍ സംഭവിക്കുന്നത് എന്ന് ഇത്രയും കാലം നമുക്ക് അറിയില്ലായിരുന്നുവെന്നും പുതിയ കണ്ടെത്തല്‍ തങ്ങളെ ആവേശഭരിതരാക്കുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇസ്രയേലിലെ വീസ്മാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍ യിഫാത് മെര്‍ബല്‍ പറഞ്ഞു.
'ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടുന്ന പ്രതിരോധസംവിധാനത്തിലെ പുതിയൊരു കാര്യമാണ് ഞങ്ങള്‍ കണ്ടെത്തിയത്. പുതിയ തരം ആന്റി ബയോട്ടിക്കുകളെ സൃഷ്ടിക്കുന്ന ഈ പ്രക്രിയ ശരീരത്തില്‍ എല്ലായിടത്തും, എല്ലാ കോശങ്ങളിലും സംഭവിക്കുന്നതാണ്.' -പ്രൊഫസര്‍ യിഫാത് മെര്‍ബല്‍ പറഞ്ഞു.
ലബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത ബാക്ടീരിയയിലും ന്യൂമോണിയയും സെപ്‌സിസും ബാധിച്ച എലികളിലും ഗവേഷകര്‍ ഇക്കാര്യം പരീക്ഷിച്ചു. നിലവിലുള്ള ചില ആന്റി ബയോട്ടിക്കുകളുടേതിന് തുല്യമായ ഫലമാണ് ഇതില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചത്. കോശത്തിലെ പ്രോട്ടീസം നിര്‍ജീവമാക്കിയശേഷം നടത്തിയ പരീക്ഷണത്തില്‍ സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയ കോശത്തെ എളുപ്പം ബാധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
ആന്റി ബയോട്ടിക്ക് മരുന്നുകള്‍ക്കെതിരെ പ്രതിരോധം നേടിയ രോഗാണുക്കള്‍ കാരണം പ്രതിവര്‍ഷം 12 ലക്ഷത്തിലേറെ പേരാണ് ലോകമാകെ മരിക്കുന്നതെന്നാണ് കണക്ക്. പുതിയ കണ്ടെത്തല്‍ ഇതിനുള്ള പരിഹാരത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും വേണമെന്നാണ് വിലയിരുത്തല്‍.
Content Highlights: Scientists discover new part of the human immune system