‘സ്റ്റേജ്4 ശ്വാസകോശാർബുദം വൈറൽ ഫ്ളൂ പോലെയാണ് തോന്നിച്ചത്, രോഗത്തിനുമുന്നിൽ കീഴടങ്ങരുത്’

#Health Desk
സഞ്ജയ് ദത്ത് | ഫോട്ടോ: AFP
സഞ്ജയ് ദത്ത് | ഫോട്ടോ: AFP

ശ്വാസകോശ അർബുദത്തെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവു‍‍ഡ് നടൻ സഞ്ജയ് ദത്ത്. 2020-ലാണ് നടന് ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ അർബുദത്തെ മനക്കരുത്തോടെ നേരിടണമെന്നും രോഗത്തിനുമുന്നിൽ കീഴടങ്ങരുതെന്നും പറയുകയാണ് സഞ്ജയ് ദത്ത്. കാൻസറാണെന്നു കരുതി വിട്ടുകൊടുക്കരുത്. ആ പ്രശ്നത്തെ നേരിടുകയാണ് ചെയ്യേണ്ടത്. പ്രശ്നം എന്തുതന്നെയായാലും ഓടിയൊളിക്കുന്നതിനുപകരം തലയുയർത്തി അതിനെ നേരിടുകയാണ് ചെയ്യേണ്ടതെന്നും സഞ്ജയ് പറയുന്നു.

സ്റ്റേജ് 4 ശ്വാസകോശാർബുദമാണ് സഞ്ജയ് ദത്തിനെ ബാധിച്ചത്. എന്നാൽ തനിക്ക് അതൊരു വൈറൽ ഫ്ലൂ പോലെയായിരുന്നുവെന്നും സഞ്ജയ് പറയുന്നു. ആളുകൾ രോഗത്തിനുമുന്നിൽ മുട്ടുമടക്കരുത്. മറ്റേതുരോഗവും പോലെ ചികിത്സിക്കുകയാണു വേണ്ടത്. അതിനെതിരെ പോരാടണം. അത് കഷ്ടമാണെന്നറിയാം, പക്ഷേ നേരിട്ടേ പറ്റൂ. എന്തുസംഭവിച്ചാലും ഒരുചിരിയോടെ നേരിടണം- സഞ്ജയ് പറയുന്നു.

കീമോതെറാപ്പിക്കുപിന്നാലെ മുടിപോയതൊന്നും തന്നെ ബാധിച്ചില്ലെന്നും സഞ്ജയ് പറയുന്നുണ്ട്. പോരാട്ടമായിരുന്നു തനിക്ക് പ്രധാനം. ജനിച്ചുകഴിഞ്ഞാൽ പിന്നെ മരണംവരെ പോരാടണം. ജനിക്കുമ്പോൾ ആദ്യം പോരാടുന്നത് ഓക്സിജനുവേണ്ടിയാണ്. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്നത് പരിഹാരമല്ലെന്നും സഞ്ജയ് പറയുന്നു. മദ്യപാനമോ, മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ആയിക്കൊള്ളട്ടെ. ആളുകൾ അതിൽനിന്നും ഒളിച്ചോടുകയാണ് ചെയ്യുക. ഒരിക്കൽ പ്രശ്നത്തെ നേരിടാൻ പഠിച്ചാൽ പിന്നെ ശരിയായ മനസ്സോടെ ശരിയായ വഴിയിലൂടെ അതിനെ കൈകാര്യം ചെയ്യാൻ പഠിക്കുമെന്നും അത് ജയിലോ, മയക്കുമരുന്നോ, കാൻസറോ, എന്തുതന്നെയും ആയിക്കൊള്ളട്ടെ എന്നും സഞ്ജയ് കൂട്ടിച്ചേർക്കുന്നു.

2020 ഓഗസ്റ്റിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്. രോഗസ്ഥിരീകരണ സമയത്ത് നാലാംഘട്ടത്തിൽ എത്തിയിരുന്നു. പിന്നാലെ കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചും സഞ്ജയ് രോഗത്തെ അതിജീവിച്ചു.

ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ

പുകവലി കൂടാതെ വായുമലിനീകരണം, സെക്കന്റ്ഹാൻഡ് സ്മോക്കിങ്, കുടുംബത്തിൽ ശ്വാസകോശാർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശാർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശാർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

കാരണങ്ങൾ / അപകട ഘടകങ്ങൾ

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ
  • പാരമ്പര്യം
  • പൊണ്ണത്തടി
  • മദ്യപാനം
  • വൈറൽ അണുബാധ (എച്ച്.പി.വി.)

ലക്ഷണങ്ങൾ

  • ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
  • കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
  • ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

പരിശോധനകളും ചികിത്സയും

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശാർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാ വിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.

Content Highlights: Sanjay Dutt shares his battle with stage 4 lung cancer., Emphasizes mental fortitude over fear when facing health crises