വർഷങ്ങളോളം നീണ്ട വേദന, വൈകിയുള്ള രോഗനിർണയം; എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് റൊമാൻഡ

എൻഡോമെട്രിയോസിസുമായുള്ള പോരാട്ടത്തേക്കുറിച്ചു തുറന്നുപറഞ്ഞ് മിസ് വേൾഡ് സൗത്ത് ആഫ്രിക്ക റൊമാൻഡ ഹോംബിർ. ഈ രോഗാവസ്ഥയാണ് തന്റെ ബ്യൂട്ടി വിത് പർപസ് പ്രൊജക്റ്റിനു പ്രചോദനമായതെന്നും ഇരുപത്തിയേഴുകാരിയും ക്ലിനിക്കൽ ഓഡിയോളജിസ്റ്റുമായ റൊമാൻഡ പറഞ്ഞു.
വർഷങ്ങളോളം വേദനയിലൂടെയാണ് കടന്നുപോയതെന്നും തന്റേത് വൈകിയുള്ള രോഗനിർണയം ആയതുകൊണ്ടാണ് ഇതേക്കുറിച്ച് പരമാവധി അവബോധം പകരാൻ തീരുമാനിച്ചതെന്നും റൊമാൻഡ പറയുന്നു. എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), ഫൈബ്രോയിഡ്സ് തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് തന്റെ ആരോഗ്യാവസ്ഥയിലൂടെ തിരിച്ചറിഞ്ഞു. ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിച്ചിട്ടും ഈ അവസ്ഥകളെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണകളുണ്ട്. നേരത്തെയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുക, പ്രത്യുത്പാദന ആരോഗ്യത്തിനു പ്രാധാന്യം നൽകുക, പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ തന്റെ ലക്ഷ്യമാണ്.
ഭയമോ നാണക്കേടോ കൂടാതെ എൻഡോമെട്രിയോസിസിനു വൈദ്യസഹായം തേടാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും റെോമാൻഡ പറഞ്ഞു.
2026-ലെ മിസ് വേൾഡ് സൗത്ത് ആഫ്രിക്കയാണ് റോമാൻഡ ഹോംബിർ. 2026 ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 5 വരെ വിയറ്റ്നാമിൽ നടക്കുന്ന 75-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ സൗത് ആഫ്രിക്കയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റൊമാൻഡ.
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വരാം.
Content Highlights: Romanda Hombir, Miss World South Africa 2026, advocates for endometriosis awareness., Early diagnosis is crucial for managing endometriosis, PCOS, and fibroids., Detailed explanation of endometriosis symptoms, including severe pelvic and back pain.