ജോലിയിലെ സമ്മര്‍ദം: കൗണ്‍സലിങ് തേടുന്ന ഡോക്ടര്‍മാരുടെ എണ്ണം കൂടുന്നു

കൊച്ചി: ജോലിയിലെ സമ്മര്‍ദം മൂലം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് കൗണ്‍സലിങ് തേടുന്ന ഡോക്ടര്‍മാരുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നു. ജോലിയിലെ സമ്മര്‍ദം മൂലം രാജി വയ്ക്കുന്നത് മുതല്‍ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗണ്‍സലിങ്ങിനെത്തുന്ന ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചുവരുന്നതായാണ് കൗണ്‍സലിങ് രംഗത്തുള്ളവര്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ ഇമോഷണല്‍ വെല്‍ബീയിങ് ആന്‍ഡ് സൂയിസൈഡ് പ്രിവന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ടെലി ഹെല്‍പ് ലൈനിലേക്ക് വരുന്ന കോളുകളിലും വലിയ വര്‍ധന കാണാം.
കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമായി 20 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളായിരുന്നുവെന്ന കണക്കും ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസവും രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിങ് കോള്‍ സെന്ററിന് തുടക്കമിട്ടത്.
പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം ഇതിലേക്ക് എത്തിയ വിളികളുടെ എണ്ണം കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരുന്നെന്നാണ് ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. ആല്‍ഫ്രഡ് വി. സാമുവല്‍ പറഞ്ഞത്.
സമ്മര്‍ദം ഏറുന്ന ഒ.പി.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ഒ.പി.യിലേക്ക് ചെന്നാല്‍ മാത്രം മതി അവിടെ രൂപപ്പെടുന്ന സമ്മര്‍ദത്തിന്റെ കൃത്യമായ ചിത്രം അറിയാനെന്ന് ഐ.എം.എ. കേന്ദ്ര കമ്മിറ്റി അംഗമായ ഡോ. പി. ഗോപികുമാര്‍ പറഞ്ഞു. തന്നെ സന്ദര്‍ശിക്കുന്ന രോഗിയുടെ ഹിസ്റ്ററി കേട്ട് അയാളെ പരിശോധിക്കാന്‍ ഡോക്ടര്‍ക്ക് കുറഞ്ഞത് മൂന്നുമുതല്‍ അഞ്ച് മിനിറ്റ് വരെ വേണമെന്നാണ് കണക്ക്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി.കളില്‍ ദിവസേന 250-ഓളം പേര്‍ക്ക് ടിക്കറ്റ് കൊടുക്കുമ്പോള്‍ ഒരു രോഗിക്ക് അഞ്ച് മിനിറ്റ് എന്ന കണക്കെടുത്താല്‍ 20 മണിക്കൂറിലേറെ നേരം ഡോക്ടര്‍ക്ക് ഒ.പി.യില്‍ ഇരിക്കേണ്ടി വരും. അത് അപ്രായോഗികമായതിനാല്‍ രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ടാണ് ഓരോ ഡോക്ടറും രോഗികളെ അതിവേഗം പരിശോധിക്കുന്നത്.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും മികച്ച രോഗനിര്‍ണയത്തിലെത്തേണ്ടത് പല ഡോക്ടര്‍മാരെയും സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നാണ് കൗണ്‍സലിങ് രംഗത്തുനിന്നുള്ളവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനൊപ്പം രാത്രി പോലും ഉറങ്ങാന്‍ കഴിയാത്തവിധം വരുന്ന ഫോണ്‍കോളുകളും എമര്‍ജന്‍സി രോഗികളുമൊക്കെയാകുന്നതോടെ സമ്മര്‍ദം അതിന്റെ പാരമ്യത്തിലെത്തുന്നുവെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
ഞെട്ടിക്കുന്നതാണ് അനുഭവങ്ങള്‍
എൻ്റെയടുത്ത് സമീപകാലത്ത് കൗണ്‍സലിങ്ങിനായെത്തുന്ന ഡോക്ടര്‍മാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ആത്മഹത്യാ ശ്രമം നടത്തിയിട്ട് കൗണ്‍സലിങ്ങിനെത്തിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. രോഗി മുതല്‍ അയാളുടെ ബന്ധു വരെയുള്ളവരുടെ മാനസികനില ഓരോ ഡോക്ടറെയും ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് സമീപകാലത്ത് മാറിയിരിക്കുന്നത്. അതിന്റെ ഫലം അന്യഭവിക്കേണ്ടി വരുന്നത് തങ്ങളാണെന്ന ചിന്ത ഓരോ ഡോക്ടറുടെയും ഡ്യൂട്ടിയെ ബാധിക്കുന്നുണ്ട്. ഈ രംഗം ഉപേ ക്ഷിക്കുകയാണെന്ന് പറഞ്ഞുവരുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോ ധ്യപ്പെടുത്താന്‍ വലിയ ശ്രമങ്ങളാണ് വേണ്ടിവരുന്നത്.
-ഡോ. സൗമ്യ രാജ്, മാനസികാരോഗ്യ വിദഗ്ദ്ധ
Content Highlights: rising Job Stress Prompts More Doctors to Seek Counseling