വെറുതെയൊരു നടത്തം, അരപ്പാത്രം പച്ചക്കറി; കാൻസർ പ്രതിരോധത്തിന് പാലിക്കേണ്ടവയേക്കുറിച്ച് ഡോക്ടർ

കാൻസറിനെ ഇപ്പോഴും ഭയത്തോടെ സമീപിക്കുന്നവരുണ്ട്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടാനായാൽ മറ്റേതുരോഗത്തേയും പോലെ കാൻസറിനേയും തുരത്താനാവും. ചിലയിനം അർബുദങ്ങളെ പ്രതിരോധിക്കുന്നതിൽ ജീവിതശൈലിക്കും വലിയ പങ്കുണ്ട്. അത്തരത്തിൽ ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാനമാറ്റങ്ങളേക്കുറിച്ച് പങ്കുവെക്കുകയാണ് കാൻസർരോഗവിദഗ്ധയും കാൻസർ അതിജീവിതയുമായ എയ്മി മോറിസ്.
കാൻസർ സാധ്യത കുറയ്ക്കാൻ പാലിക്കേണ്ട ചില ശീലങ്ങളേക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ എയ്മി പങ്കുവെക്കുന്നത്. അതിൽ ആദ്യത്തേത് നടത്തമാണെന്ന് എയ്മി പറയുന്നു. കേൾക്കുമ്പോൾ ലളിതമാണെന്ന് തോന്നുമെങ്കിലും ദിവസേനയുള്ള നടത്തം, അത് മുപ്പത് മിനിറ്റാണെങ്കിൽപ്പോലും ചില കാൻസറുകളെ പ്രതിരോധിക്കുമെന്ന് എയ്മി പറയുന്നു. പ്രത്യേകിച്ച് സ്തനാർബുദം, കുടൽ കാൻസർ, എൻഡോമെട്രിയൽ കാൻസർ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ നടത്തത്തിന് വലിയ പങ്കുണ്ടെന്നും എയ്മി പറയുന്നു. നടത്തം ശീലമാക്കുന്നത് ആരോഗ്യകരമായ വണ്ണം നിലനിർത്താൻ സഹായിക്കും. ദഹനപ്രക്രിയ സുഗമമാക്കുകയും പ്രതിരോധശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. ഇതെല്ലാം കാൻസർ പ്രതിരോധത്തിൽ പ്രധാനപങ്കുവഹിക്കുന്നവയാണ്. ഫോൺ ചെയ്യുമ്പോളും, അത്താഴത്തിനുശേഷവുമുള്ള നടത്തവുമൊക്കെ ഗുണംചെയ്യും. ദിവസവും പത്തുമിനിറ്റ് വീതം മൂന്നുതവണ നടക്കുന്നത് ദൈർഘ്യമേറിയ നടത്തത്തോളം ഗുണംചെയ്യുമെന്നും എയ്മി പറയുന്നു.
മറ്റൊന്ന് ദിവസവും അരപ്പാത്രം പച്ചക്കറികൾ കഴിക്കുക എന്നതാണെന്ന് എയ്മി പറയുന്നു. ബ്രോക്കോളി, കാബേജ് തുടങ്ങിയവയിൽ സൾഫോറാഫെയ്ൻ എന്ന കാൻസർ കോശങ്ങളോട് പൊരുതുന്ന ആന്റിഓക്സിഡന്റ് ഉണ്ട്. ഇലവർഗങ്ങൾ ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ്. അവ കേടായ കോശങ്ങളെ നന്നാക്കാൻ സഹായിക്കുന്നു. പച്ചക്കറിയിലെ നാരുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലാശയ അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചീര, ക്യാരറ്റ്,വെണ്ടക്ക, മത്തങ്ങ, തുടങ്ങിയവയും സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് എയ്മി പറയുന്നുണ്ട്.
ലക്ഷ്യബോധത്തോടെ ജീവിക്കാനാവുക എന്നതാണ് മൂന്നാമത്തേതായി എയ്മി പറയുന്നത്. അത്തരക്കാരുടെ പ്രതിരോധശക്തി മെച്ചപ്പെടും. സന്തോഷം ലഭിക്കുന്ന ഇടങ്ങളിൽ സമയം ചെലവഴിക്കുക, പൂന്തോട്ടം നോക്കിനടത്തുക, കലാപരമായുള്ള സൃഷ്ടികൾ വളർത്തുക തുടങ്ങിയവപോലും മാറ്റമുണ്ടാക്കുമെന്ന് എയ്മി പറയുന്നു. ഇത് ജീവിതത്തിലെ സമ്മർദം കുറയ്ക്കും. സമ്മർദം കൂടുന്നത് പ്രതിരോധസംവിധാനത്തെ തകിടംമറിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് എയ്മി പറയുന്നത്.
ഏറ്റവും അവസാനത്തേതായി എയ്മി പറയുന്നത് മദ്യപാനം നിർത്തണമെന്നതാണ്. മദ്യപാനം ചെറിയ അളവിലാണെങ്കിൽപ്പോലും പലയിനം കാൻസർ സാധ്യത വർധിപ്പിക്കുന്നുണ്ട്. സ്തനം, കരൾ, വായ തുടങ്ങിയ ഭാഗങ്ങളിലെ അർബുദത്തിന് മദ്യപാനവുമായി ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. പെട്ടെന്നു നിർത്താൻ കഴിയുന്നില്ലെങ്കിൽ അളവ് ചെറുതായി കുറച്ചുതുടങ്ങാമെന്നും മദ്യത്തിനു പകരം മറ്റ് ആരോഗ്യകരമായ ശീലങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടാമെന്നും എയ്മി പറയുന്നു. മദ്യത്തിന്റെ അളവ് എത്രത്തോളം കുറയ്ക്കുന്നോ അത്രത്തോളം കാൻസർ സാധ്യതയും ഇല്ലാതാകുമെന്നാണ് എയ്മി പറയുന്നത്.
ഈ ശീലങ്ങൾ പാലിക്കുന്നതിലൂടെ മാത്രം കാൻസർ സാധ്യത കുറയില്ലെങ്കിലും ജീവിതനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യം മെച്ചപ്പെടുന്നതുവഴി അർബുദസാധ്യത കുറയ്ക്കാമെന്നും പറയുകയാണ് എയ്മി.
Content Highlights: Cancer survivor Amy Morris shares lifestyle changes to reduce cancer risk