അപൂർവ്വ ശ്വാസകോശരോഗം നേരിടാൻ വഴിയൊരുക്കി മലയാളി ഗവേഷകയുടെ പഠനം

രചന ആർ.ചന്ദ്രൻ. Pic Credit: Rachana Chandran
രചന ആർ.ചന്ദ്രൻ. Pic Credit: Rachana Chandran

കോഴിക്കോട്: ശ്വാസകോശത്തിൽ വടുക്കൾ നിരന്ന് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന ഗുരുതര പ്രശ്‌നത്തിന് ചികിത്സ കണ്ടെത്താൻ വഴിതുറക്കുന്ന പഠനവുമായി മലയാളി ഗവേഷക. കോഴിക്കോട് ചേളന്നൂർ സ്വദേശി ഡോ.രചന ആർ.ചന്ദ്രൻ, യു.എസിൽ യേൽ യൂണിവേഴ്‌സിറ്റി കാർഡിയോവാസ്‌കുലർ സെന്ററിൽ ആറുവർഷം നടത്തിയ പഠനമാണ് പുതിയ സാധ്യത മുന്നോട്ടു വെയ്ക്കുന്നത്.

ഐ.പി.എഫ് എന്ന ചുരുക്കപ്പേരുള്ള 'ഇഡിയോപഥിക് പൾമനറി ഫൈബ്രോസിസ്' (Idiopathic Pulmonary Fibrosis, IPF) എന്ന അപൂർവ്വ മാരകരോഗത്തെ തന്മാത്രാതലത്തിൽ മനസിലാക്കാൻ സഹായിക്കുന്നതാണ് രചനയും സംഘവും 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം. 

നമ്മൾ ശ്വസിക്കുമ്പോൾ ഉള്ളിലെത്തുന്ന വായുവിലെ ഓക്‌സിജൻ, ശ്വാസകോശത്തിലെ സൂക്ഷ്മ അറകൾ വഴി രക്തത്തിൽ കലർന്ന് ശരീരത്തിലെ വിവിധ അവയവങ്ങളിലെത്തി ജീവൽ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഐ.പി.എഫ്. രോഗികളുടെ ശ്വാസകോശത്തിൽ കട്ടിയായ വടുക്കൾ രൂപപ്പെടുന്നത് ശ്വസനം ബുദ്ധിമുട്ടാക്കും. അത് ക്രമേണ വഷളായി രോഗി മരിക്കും. യു.എസിൽ മാത്രം വർഷംതോറും 40,000 പേരുടെ ജീവനെടുക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ല.  

ഐ.പി.എഫ്. രോഗിയുടെ ശ്വാസകോശം വടുക്കള്‍ നിറഞ്ഞ നിലയില്‍, കമ്പ്യൂട്ടഡ് ടോമോഗ്രാഫി ദൃശ്യം. Pic Credit: European Respiratory review.

'പുകവലി, ആസ്ബസ്റ്റോസുകളുടെ ഉപയോഗം, തടിയുടെ പൊടി, സിലിക്ക തുടങ്ങിയവയൊക്കെ ഐ.പി.എഫ്.രോഗത്തിന് വഴിമരുന്നിടാറുണ്ട്. കോവിഡ് 19 ന് കാരണമായ സാർസ്-കോവ്-2 പോലുള്ള വൈറസുകളും ചില അവസരങ്ങളിൽ രോഗം തുടങ്ങാൻ പ്രേരണയായേക്കാം', രചന പറയുന്നു. 

യേൽ സെന്ററിൽ ഡോ.ഡാനിയേൽ ഗ്രീഫിന്റെ മേൽനോട്ടത്തിൽ രചന നടത്തിയ പോസ്റ്റ്‌ഡോക്ടറൽ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഐ.പി.എഫ്. വഷളാകുന്നതിന് പിന്നിലെ സങ്കീർണ്ണതകൾ അനാവരണം ചെയ്യാൻ, എലികളെ ഉപയോഗിച്ച് നടത്തിയ പഠനം സഹായിച്ചു. 1996 ൽ കണ്ടെത്തിയ 'കെ.എൽ.എഫ്.4' (KLF4, Kruppel-like factor 4) ജീനിന്, ഈ ശ്വാസകോശരോഗം വഷളാകുന്നതിൽ പ്രധാന പങ്കുള്ളതായി പഠനം വ്യക്തമാക്കി. 

വ്യത്യസ്ത ഭ്രൂണകോശങ്ങൾ ഏതൊക്കെ ശരീരകോശങ്ങളായി വികസിക്കും എന്നറിയാൻ സഹായിക്കുന്ന 'ഫേറ്റ് മാപ്പിങ്' (Fate Mapping), ഏക-കോശ ആർ.എൻ.എ.ശ്രേണീക്രമ നിർണ്ണയം (single-cell RNA sequencing) തുടങ്ങിയ നൂതനവിദ്യകളുടെ സഹായത്തോടെയായിരുന്നു രചനയുടെയും സംഘത്തിന്റെയും പഠനം. ഐ.പി.എഫിന്റെ തന്മാത്രാതല രഹസ്യങ്ങൾ കണ്ടെത്താൻ അത് സഹായിച്ചു. 

കണ്ടെത്തൽ ചികിത്സയിലെ മുന്നേറ്റങ്ങൾക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പഠനത്തിനായി നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് 1.8 ലക്ഷം ഡോളർ (1.3 കോടി രൂപ) രചനയ്ക്ക് അനുവദിച്ചിരുന്നു.  

ചേളന്നൂർ എ കെ കെ ആർ ഗേൾസ് എച്ച് എസ് എസിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രചന, കർണ്ണാടകത്തിൽ മടിക്കേരി എഫ് എം കെ എം സി കോളേജിൽ നിന്ന് രസതന്ത്രം, സസ്യശാസ്ത്രം, മൈക്രോബയോളജി എന്നിവയിൽ ബിരുദമെടുത്തു. തുടർന്ന്, മണിപ്പാൽ സർവ്വകലാശാലയ്ക്ക് കീഴിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് 2008 ൽ ഹ്യുമൺ അനാറ്റമിയിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ തന്നെ ലക്ച്ചറർ ആയി പ്രവർത്തിച്ച രചന, 2009 ൽ യു.എസിൽ ഓക്‌ലൻഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി.ക്ക് ചേർന്നു. പി.എച്ച്.ഡിക്ക് ശേഷം യേൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് എത്തുകയായിരുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച, ചേളന്നൂർ 'ആതിര'യിൽ ചന്ദ്രൻ നായരുടെയും, ജനത എ.യു.പി. സ്‌കൂളിൽ നിന്ന് വിരമിച്ച അധ്യാപിക രാധാമണിയുടെയും മകളാണ് രചന. എച്ച്.ബി.ഒ. മാക്‌സിൽ ഡേറ്റ എഞ്ചിനിയറിങ് വൈസ് പ്രസിഡന്റായ രതീഷ് കമൂർ ആണ് ഭർത്താവ്. ഇവ, ഇഷാൻ എന്നിവർ മക്കളും. 

Content Highlights: Rare lung disease treatment new study by malayalee scientist

Content Highlights: