‘ഷുഗർനില 600 കടന്നിട്ടുണ്ട്’, തുറന്നുപറഞ്ഞ് രാം കപുർ; മരണകാരണമായേക്കാവുന്ന ഡയബറ്റിക് കോമ, ലക്ഷണങ്ങൾ

#Health Desk
റാം കപൂർ | Photo: PTI
റാം കപൂർ | Photo: PTI

തിരക്കിട്ട ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യത്തെ പരിപാലിക്കാൻ മറന്നിരുന്ന കാലമുണ്ടെന്നു പങ്കുവെച്ച് ഹിന്ദി നടൻ രാം കപുർ. സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന കാലത്ത് ആരോഗ്യം പാടെ തകരാറിലായിരുന്നുവെന്നും ബ്ലഡ് ഷുഗർ നില 600 കടന്നിരുന്നുവെന്നും രാം കപുർ പറഞ്ഞു.

ലോക്ക്അപ് സീസൺ 2 എന്ന ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു രാം കപുറിന്റെ തുറന്നുപറച്ചിൽ. ഇരുപത്തിയേഴു വർഷത്തോളം താൻ ജോലി ചെയ്തിരുന്നു. സിനിമയും സീരിയലുമൊക്കെയുണ്ടായിരുന്നു. ബഡേ അച്ഛേ ലഗ്തേ ഹേ എന്ന ടിവി ഷോയാണ് തനിക്ക് പേരുനൽകിയത്. അക്കാലത്ത് താൻ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്നും വണ്ണം നന്നേ കൂടിയിരുന്നുവെന്നും രാം കപുർ പറഞ്ഞു.

വണ്ണം കൂടുന്നുവെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം വഷളായി ആറുമാസത്തിനകം മരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ദിവസത്തിൽ മൂന്നുനേരം ഇൻസുലിൻ എടുക്കുമായിരുന്നു. ബ്ലഡ് ഷുഗർ 400-ഉം 500-ഉം ചിലപ്പോഴൊക്കെ 600-ഉം കടന്നിട്ടുണ്ട്. ഒരുദിവസം പതിനാലുമണിക്കൂറോളം ജോലി ചെയ്യുമായിരുന്നുവെന്നും രാം കപൂർ പറഞ്ഞു.

ബ്ലഡ് ഷുഗർ നില 600 കടക്കുന്നത് അടിയന്തര സേവനം ലഭ്യമാക്കേണ്ട കാര്യമായാണ് വിദഗ്ധർ പറയുന്നത്. ഗുരുതരമായ നിലയിൽ നിർജലീകരണം, ആശയക്കുഴപ്പം, ഡയബറ്റിക് കോമ തുടങ്ങിയവയ്ക്ക് കാരണമാകാം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ ജീവനുതന്നെ അപകടമാവാനിടയുണ്ട്.

എന്താണ് ഡയബറ്റിക് കോമ?

ബ്ലഡ് ഷുഗർ നിയന്ത്രണാതീതമാവുന്നതിനെ തുടർന്ന് അബോധാവസ്ഥയിലാവുന്ന ജീവനുപോലും ഭീഷണിയായേക്കാവുന്ന അവസ്ഥയാണിത്. ഹൈപ്പർഗ്ലൈസീമിയ എന്ന രക്തത്തിലെ പഞ്ചസാര ഉയർന്ന അവസ്ഥയും ഹൈപ്പോഗ്ലൈസീമിയ എന്ന രക്തത്തിലെ പഞ്ചസാര കുറയുന്ന അവസ്ഥയും ഡയബറ്റിക് കോമയിലേക്ക് നയിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണവുമാവാം.

ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ

  • അമിതമായ ദാഹം
  • ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ
  • കാഴ്ച മങ്ങൽ
  • ക്ഷീണം, തളർച്ച
  • തലവേദന
  • ഛർദിയും ഓക്കാനവും
  • ശ്വാസതടസ്സം
  • വയറുവേദന
  • വായ വരളുക

ഹൈപ്പോഗ്ലീസിമിയയുടെ ലക്ഷണങ്ങൾ

  • വിറയൽ
  • ഉത്കണ്ഠ
  • അമിതക്ഷീണം
  • തളർച്ച
  • വിയർപ്പ്
  • വിശപ്പ്
  • ചർമത്തിൽ ഇക്കിളി
  • തലവേദന
  • കാഴ്ച മങ്ങൽ
  • ആശയക്കുഴപ്പം

Content Highlights: Actor Ram Kapoor shared his past struggle with blood sugar levels exceeding 600., Medical warning: High blood sugar levels can lead to fatal diabetic coma., Identifies critical symptoms of both hyperglycemia and hypoglycemia.