കുത്തിവെച്ചവരിലും പേവിഷബാധ?വാക്സിനെ കുറ്റപ്പെടുത്തുന്നതിൽ കഴമ്പില്ലെന്ന് വിദഗ്ധർ

ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ എന്ന റാബീസ്. ലോകത്ത് എവിടെയായാലും 100 ശതമാനം മരണനിരക്കുള്ള രോഗം. റാബീസിന്റെ അനുഭവം പറയാൻ ഒരാളുപോലും ജീവിച്ചിരിപ്പില്ല എന്നതുതന്നെ ഭയാനകമായ അവസ്ഥ വെളിവാക്കുന്നു.
മൃഗങ്ങളുടെ കടിയേറ്റാൽ പേവിഷബാധ ഒഴിവാക്കാനുള്ള വഴി വാക്സിനെടുക്കുക എന്നതാണ്. എന്നാൽ, വാക്സിൻ കുത്തിവെച്ചിട്ടും പത്തനംതിട്ട, കൊല്ലം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലായി നാല് കുട്ടികൾ സമീപകാലത്ത് മരിച്ചത് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. വാക്സിനെ കുറ്റപ്പെടുത്തുന്നതിൽ കഴമ്പില്ലെന്നാണ് അന്വേഷണങ്ങളും പഠനറിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി വിദഗ്ധർ പറയുന്നത്.
വാക്സിൻ ഫലപ്രദമാണ് തെളിവുണ്ട്
വാക്സിൻ എടുത്ത വ്യക്തിയുടെ ശരീരത്തിൽ വൈറസിനെതിരായ ആൻറിബോഡി രൂപപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് വാക്സിൻ ഫലപ്രദമാണോ എന്നറിയാനുള്ള ശാസ്ത്രീയരീതി. സംസ്ഥാനത്ത് വിദഗ്ധസമിതി 2022-ൽ വിശദമായ പഠനം നടത്തിയിരുന്നു. കേരളത്തിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽനിന്നായി ഇൻട്ര ഡെർമൽ റാബീസ് വാക്സിൻ എടുത്തവരുടെ രക്തസാംപിൾ പരിശോധിച്ചു. എല്ലാവരിലും ആൻറിബോഡി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ഉണ്ട് എന്ന് കണ്ടെത്തി.
കൊല്ലം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. എസ്. ചിന്തയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസുമായി ചേർന്ന് വിശദപഠനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിവന്റീവ് ക്ലിനിക്കിലെ രജിസ്ട്രി ഉപയോഗിച്ച് 20 വർഷത്തിനിടെ വാക്സിൻ എടുത്തവരെ കണ്ടെത്തി രക്തപരിശോധന നടത്തുകയായിരുന്നു. പിഎച്ച്സി, താലൂക്ക് ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് വാക്സിൻ കുത്തിവെച്ച് പിന്നീട് മറ്റ് ആവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിൽ എത്തിയവരിലായിരുന്നു പഠനം. കുത്തിവെപ്പ് എടുത്തവരിൽ ആന്റി റാബീസ് ആന്റിബോഡി, ലോകാരോഗ്യസംഘടന നിർദേശിക്കുന്ന അളവിൽ 0.5 ഇന്റർനാഷണൽ യൂണിറ്റ്/ എംഎലിന് മുകളിൽ ഉണ്ടെങ്കിൽ സംരക്ഷണമുണ്ട് എന്നാണ് അർഥം. അഞ്ചുവർഷം മുൻപ് വാക്സിൻ എടുത്ത 100 ശതമാനംപേരിലും ആന്റിബോഡി വേണ്ടത്ര അളവിൽ ഉണ്ടായിരുന്നു. 15 വർഷം മുൻപ് എടുത്ത 93 ശതമാനം പേരിൽവരെ സുരക്ഷിത അളവിൽ ആന്റിബോഡി ഉണ്ട് എന്നാണ് തിരിച്ചറിഞ്ഞത്.
വാക്സിൻ ചർമത്തിന്റെ രണ്ടാമത്തെ പാളിയായ ഡെർമിസിലാണ് നൽകുന്നത്. ഇമ്യൂൺ കോശങ്ങളായ ആന്റിജൻ പ്രസന്റിങ് സെല്ലുകൾ കൂടുതൽ ഉണ്ട് ഇവിടെ. അതിനാൽ കുറഞ്ഞ അളവിൽ കുത്തിവെച്ചാൽ മതി. പരിശീലനം ലഭിച്ച നഴ്സുമാരാണ് ഇൻട്രാ ഡെർമൽ വാക്സിൻ നൽകുന്നത്. കുത്തിവെപ്പ് നൽകിയയിടത്ത് തൊലിയിൽ ചെറുതായി കുമിള പൊങ്ങിവരും. കൃത്യസ്ഥലത്താണ് കുത്തിവെപ്പ് നൽകിയത് എന്നത് ഇതുവഴി മനസ്സിലാക്കാം.
കുത്തിവെച്ചവരിലും പേവിഷബാധ?
പേവിഷബാധയുള്ള മൃഗത്തിന്‍റെ കടിയേറ്റാൽ മുറിവിനുചുറ്റും വൈറസ് പറ്റിപ്പിടിക്കുകയാണ് ചെയ്യുക. മെല്ലെ നാഡികളിൽക്കടന്ന് തലച്ചോറിലെത്തുന്നു. അതിന് മുൻപ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും നൽകി പ്രതിരോധം തീർക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നാഡീസാന്നിധ്യം കൂടുതലുള്ള മുഖം, കൈകൾ എന്നിവിടങ്ങളിൽ പരിക്ക് ഏൽക്കുമ്പോൾ മൃഗത്തിന്‍റെ ഉമിനീര് നാഡികളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യത കൂടും. വൈറസ് വേഗത്തിൽ നാഡികളിൽ കടക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് ആ ഭാഗം കഴുകുന്നതിലൂടെ പരമാവധി വൈറസിനെ ഒഴിവാക്കി അവ നാഡികളിൽ എത്താനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ രോഗി ആശുപത്രിയിൽ എത്താനെടുക്കുന്ന സമയത്തിനുള്ളിൽ വൈറസ് നാഡികളിലെത്താം.
ആന്റിബോഡി രൂപപ്പെടാൻ 14 ദിവസംവരെ
ഏതൊരു വാക്സിനും ഒറ്റഡോസിൽ ഫലപ്രദമാകില്ല. രോഗപ്രതിരോധ കോശങ്ങൾ ആൻറിജനെ തിരിച്ചറിയില്ല. അതുകൊണ്ടാണ് പല ഡോസുകളായി നൽകുന്നത്. പിന്നീടുള്ള ഡോസുകൾ കിട്ടുമ്പോഴാണ് രോഗപ്രതിരോധ സംവിധാനങ്ങൾ ഉത്തേജിതമാകുന്നതും പ്രതികരിക്കുന്നതും. കടിയേൽക്കുന്ന ദിവസം, മൂന്ന്, ഏഴ്, 28 ദിവസങ്ങളിലാണ് ഇൻട്ര ഡെർമൽ റാബീസ് വാക്സിൻ നൽകുന്നത്. കുത്തിവെപ്പ് നൽകിയാൽ ശരാശരി 14 ദിവസം ആകുമ്പോഴേക്ക് ആന്റിബോഡി രൂപപ്പെട്ട് പ്രതിരോധശേഷി കൈവരുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നതെന്ന് ഡോ. ടി.എസ്. അനീഷ് കുമാർ പറയുന്നു. ഓരോരുത്തരുടെ പ്രതിരോധശേഷി അനുസരിച്ച് ഇത് ഏഴുമുതൽ 14 ദിവസം വരെ എടുക്കാം. മൂന്ന് ഡോസ് വാക്സിനിൽത്തന്നെ 95 ശതമാനത്തിലധികം പ്രതിരോധ ശേഷി കൈവരും.
എന്നാൽ, 14 ദിവസംവരെ കാത്തുനിൽക്കാനാവില്ലെന്നതിനാലാണ് കാറ്റഗറി മൂന്നിൽപ്പെട്ട വലിയ മുറിവുകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് സംരക്ഷണം കിട്ടാൻ ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്. ഇത് പെട്ടെന്ന് പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുന്നു.
റാബീസ് ഇമ്യൂണോഗ്ലോബുലിൻ വഴി ആന്റിബോഡിതന്നെയാണ് പരിക്കേറ്റ ഭാഗത്ത് കുത്തിവെക്കുന്നത്. വൈറസിനെ മറ്റ് ജീവികളിൽ കുത്തിവെച്ചിട്ടോ (ഉദാഹരണത്തിന് കുതിര), അല്ലെങ്കിൽ ജനിതക സാങ്കേതികവിദ്യ വഴിയോ നിർമിക്കുന്നു. മൃഗങ്ങളുടെ കടിയേറ്റ മുറിവിന് ചുറ്റും കുത്തിവെക്കുമ്പോൾ വൈറസിനെ അവിടെവെച്ചുതന്നെ നിർവീര്യമാക്കുന്നു. ഇതുകൊണ്ട് ദീർഘകാല സംരക്ഷണം ലഭിക്കില്ല. വാക്‌സിൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടാക്കാൻ ദിവസങ്ങളെടുക്കും. ആ ഇടവേളയിൽ സുരക്ഷ നൽകാനാണ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്. ഇത് വിലകൂടിയ മരുന്നാണ്.
സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 2014 മുതൽ ഇതുവരെ 161 പേർ
- 106 പേരും മരിച്ചത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ
- മരിച്ചവരിൽ 24 പേർ കുത്തിവെപ്പ് എടുത്തവരാണ്
- മുറിവേറ്റഭാഗം സോപ്പ് ഉപയോഗിച്ച് കഴുകുന്നതിൽ ആളുകൾക്ക് ശ്രദ്ധക്കുറവ്
- 2014-നുശേഷം 22.52 ലക്ഷം പേർക്ക് നായയുടെ മാത്രം കടിയേറ്റിട്ടുണ്ട്എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്
- മുറിവേറ്റഭാഗം സോപ്പ് ഉപയോഗിച്ച് കഴുകുന്നതിൽ ആളുകൾക്ക് ശ്രദ്ധക്കുറവ്
പ്രധാനം മൂന്ന് കാര്യങ്ങൾ
• മുറിവേറ്റ ഭാഗം എത്രയുംവേഗം സോപ്പുപയോഗിച്ച് ധാരയായി ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് കഴുകണം. മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന വൈറസുകളെ നിർവീര്യമാക്കാനാണ് ഇങ്ങനെ കഴുകുന്നത്. വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കരുത്. വൈകാതെ ആസ്പത്രിയിൽ ചികിത്സ തേടുക
• പേവിഷബാധ പ്രതിരോധിക്കാനുള്ള ഏക മാർഗം വാക്സിനേഷനാണ്. ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ (ഐഡിആർവി) എല്ലാ ഡോസും സ്വീകരിക്കുക
• കാറ്റഗറി മൂന്നിൽപ്പെട്ട വലിയ മുറിവുണ്ടെങ്കിൽ ഇമ്യൂണോഗ്ലോബുലിൻ കുത്തിവെക്കണം. ചോര വരുന്ന എല്ലാ മുറിവുകളിലും ഇമ്യൂണോഗ്ലോബുലിൻ കുത്തിവെപ്പ് ലഭിച്ചുവെന്ന് ഉറപ്പാക്കുക
ആയിരങ്ങളെ രക്ഷിക്കുന്നത് വാക്സിൻ
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പേവിഷബാധ മരണങ്ങൾ കുറഞ്ഞിരിക്കുന്നതിന് അടിസ്ഥാന കാരണം മൃഗങ്ങളുടെ കടിയേറ്റാൽ ആളുകൾ ഉടനടി കുത്തിവെപ്പിന് വിധേയരാകുന്നതുകൊണ്ടാണ്. ആയിരക്കണക്കിന് മനുഷ്യരെ അതിമാരകമായ വിപത്തിൽനിന്ന് സംരക്ഷിച്ചുനിർത്തുന്നത് കൃത്യസമയത്ത് നൽകുന്ന വാക്സിനേഷനാണ്. അതിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതാണ്- ഡോ. എസ്. ചിന്ത, കമ്യൂണിറ്റി മെഡിസിൻ അസോ. പ്രൊഫസർ, കൊല്ലം മെഡിക്കൽ കോളേജ്
Content Highlights: Studies confirm rabies vaccine effectiveness in Kerala