എലിസബത്ത് രാജ്ഞി കാന്‍സര്‍ ബാധിതയായിരുന്നു, വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞി കാന്‍സര്‍ ബാധിതയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അടുത്തയാഴ്ച പുറത്തിറങ്ങുന്ന അണ്‍ലീഷ്ഡ് എന്ന പുതിയ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശമുള്ളത്. ഒരു വര്‍ഷത്തോളം അവര്‍ ബോണ്‍ കാന്‍സറിനോട് പോരാടിയിട്ടുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പുസ്തകത്തില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്.
അവര്‍ കാന്‍സര്‍ ബാധിതയായിരുന്നുവെന്ന് ഒരു വര്‍ഷത്തോളമായി അറിയാമായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഏത് സമയവും അവരുടെ നില ഗുരുതരമാകാമെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ മരണകാരണം സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ഉയര്‍ന്ന പദവിയിലിരിക്കുന്നയാള്‍ അഭിപ്രായം പങ്കുവെക്കുന്നത്. മരണസര്‍ട്ടിഫിക്കറ്റില്‍ പ്രായാധിക്യം മൂലമാണ് രാജ്ഞി മരണപ്പെട്ടത് എന്നാണുള്ളത്.
രാജ്ഞിയെ അവസാന നാളുകളില്‍ കണ്ട അനുഭവവും ബോറിസ് വിശദീകരിക്കുന്നുണ്ട്. അവര്‍ വിളറിയതുപോലെയാണ് കാണപ്പെട്ടത്. കൈകളില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നു. ഇത് ഇന്‍ജക്ഷന്റേതാകാം. താന്‍ മരണപ്പെടുമെന്നുള്ള കാര്യം അവര്‍ക്ക് അറിയാമായിരുന്നു. എങ്കിലും അതിനോട് പൊരുതാനും അവസാനമായി തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുമാണ് തീരുമാനിച്ചത്. - ബോറിസ് കുറിച്ചു.
അതേസമയം ബക്കിങ്ഹാം പാലസ് വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന പുസ്തകങ്ങളില്‍ പ്രതികരിക്കരുതെന്ന് ബക്കിങ്ഹാം പാലസിന് നിബന്ധനകളുണ്ട്. അതിനാല്‍ വിഷയത്തില്‍ ഒരു പ്രതികരണത്തിന് തയ്യാറായിട്ടില്ല.
നേരത്തേ ചാൾസ് രാജാവിനും കാൻസർ സ്ഥിരീകരിച്ചിരുന്നു. പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയ അദ്ദേഹം തുടർന്നുനടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഊഹാപോഹങ്ങൾ ഇല്ലാതാക്കുന്നതിനും കാൻസർ സംബന്ധിച്ച് അവബോധം പകരുന്നതിനുമാണ് രോഗസ്ഥിരീകരണം പങ്കുവെക്കാൻ ചാൾസ് രാജാവ് തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം എന്തുതരം കാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തിൽ കൊട്ടാരം കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല.
ചാൾസ് രാജാവിന്റെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കേറ്റ് മിഡിൽടണും അർബുദവാർത്ത പുറത്തുവിട്ടിരുന്നു. അടിവയറിൽ സർജറി കഴിഞ്ഞുവെന്നും നിലവിൽ കീമോതെറാപ്പി സ്റ്റേജിലൂടെ പോവുകയാണെന്നും കേറ്റ് വ്യക്തമാക്കുകയുണ്ടായി.
Content Highlights: Queen Elizabeth Had A Form Of Bone Cancer Claims Boris Johnson In Memoir