ലോകത്തെ 71ലക്ഷം കാൻസർ കേസുകളും പ്രതിരോധിക്കാവുന്നവ, പ്രധാന വില്ലൻ പുകയില- ലോകാരോഗ്യസംഘടന

ന്യൂഡൽഹി: ആഗോളതലത്തിൽ 71ലക്ഷം കാൻസർ കേസുകളും പ്രതിരോധിക്കാവുന്നതാണെന്ന് ലോകാരോഗ്യസംഘടന. കാൻസർ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പുതിയ ഗ്ലോബൽ അനാലിസിസിലാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തിൽ കാൻസറിനെ പ്രതിരോധിക്കുന്ന പ്രധാനഘടകഘടകങ്ങളിലൊന്നായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത് പുകയിലയെയാണ്. പുതിയ കാൻസർ കേസുകളിൽ പതിനഞ്ചുശതമാനത്തിനും കാരണമാകുന്നത് പുകയിലയാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
ഇതിനുപുറമേ അണുബാധകൾ, മദ്യപാനം, ഉയർന്ന ബോഡി മാസ് ഇൻഡെക്സ്, വ്യായാമം ഇല്ലാതിരിക്കുക, വായുമലിനീകരണം, അൾട്രാവയലറ്റ് റേഡിയേഷൻ തുടങ്ങിയവയും കാൻസറിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
185 രാജ്യങ്ങളിൽ നിന്നുള്ള 36 വിധം കാൻസറുകളെ ആധാരമാക്കിയാണ് വിശകലനം നടത്തിയത്. തുടർന്നാണ് 2022-ലെ പുതിയ കാൻസർ കേസുകളിൽ 37ശതമാനവും (ഏകദേശം എഴുപത്തിയൊന്ന് ലക്ഷം) പ്രതിരോധിക്കാവുന്നവയാണെന്ന് കണ്ടെത്തിയത്. സ്ത്രീകളിലും പുരുഷന്മാരിലും പ്രതിരോധിക്കാവുന്ന കാൻസറുകളിൽ പ്രധാനപ്പെട്ടവയായി ലോകാരോഗ്യസംഘടന പറയുന്നത് ശ്വാസകോശ അർബുദം, വയറിനെ ബാധിക്കുന്ന അർബുദം, ഗർഭാശയഗള അർബുദം എന്നിവയാണ്.
പുകവലി,വായുമലിനീകരണം എന്നിവയാണ് ശ്വാസകോശ അർബുദത്തിന് പ്രധാന കാരണമാകുന്നത്. ഹെലികോബാക്റ്റർ പൈലോറി ഇൻഫെക്ഷനാണ് വയറിലെ അർബുദത്തിന് പ്രധാന കാരണമാകുന്നത്. ഗർഭാശയഗള അർബുദത്തിന് കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസും.
പ്രതിരോധിക്കാവുന്ന അർബുദങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ. പുരുഷന്മാരിൽ പുതിയ അർബുദരോഗികൾ ഉണ്ടാകുന്നതിന് 23 ശതമാനം കാരണമാകുന്നത് പുകവലിയും 9 ശതമാനം അണുബാധയും നാലുശതമാനം മദ്യപാനവുമാണ്. സ്ത്രീകളിൽ പതിനൊന്ന് ശതമാനം പുതിയ കാൻസർ കേസുകൾക്കും പിന്നിൽ അണുബാധയാണ്. ആറു ശതമാനം പുകവലി മൂലവും മൂന്നുശതമാനം ഉയർന്ന ബിഎംഐ (body mass index) മൂലവുമുണ്ടാകുന്നു.
പുകവലി, മദ്യപാനം തുടങ്ങിയവ നിയന്ത്രിക്കുക, കാൻസറിന് കാരണമായേക്കാവുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അണുബാധകൾക്ക് വാക്സിനേഷൻ സ്വീകരിക്കുക, വായുനിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവയാണ് അർബുദ പ്രതിരോധത്തിന് സ്വീകരിക്കേണ്ട പ്രധാനകാര്യങ്ങളായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
Content Highlights: Discover how 7.1 million global cancer cases are preventable according to WHO