മുപ്പതുകളിൽ തന്നെ നരച്ചുതുടങ്ങിയോ? ജനിതക ഘടകങ്ങൾ മാത്രമല്ല കാരണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

വാർധക്യം എത്തുംമുമ്പേ മുടിയിഴകളിൽ നരകൾ കണ്ടുതുടങ്ങുന്നുവെന്ന് പരാതിപ്പെടുന്നവർ ഏറെയുണ്ട്. അകാലനരകളെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് പരിശോധിക്കുന്നവരുമുണ്ട്. മുടി നേരത്തേ നരയ്ക്കുന്നതിന് പിന്നിൽ ജനിതകഘടകങ്ങളാവാം കാരണമെന്നാണാണ് പൊതുവായുള്ള ധാരണ. എന്നാൽ പോഷകങ്ങളുടെ കുറവും അകാലനരയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. മുപ്പതുകളിലും നാൽപതുകളിലുമൊക്കെ നരയ്ക്കുന്നതിന് പിന്നിൽ പോഷകങ്ങൾ കുറയുന്നതാവാം കാരണമെന്നാണ് പഠനം പറയുന്നത്.

ഇന്ത്യൻ ജേർണൽ ഓഫ് പീഡിയാട്രിക് ഡെർമറ്റോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ചില വിറ്റാമിനുകളും മിനറലുകളും ശരീരത്തിൽ കുറയുന്നതുകൊണ്ടാണ് നര നേരത്തേ എത്തുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, ബയോട്ടിൻ (B7), പാന്റോതിനിക് ആസിഡ്(B5) കോപ്പർ, സിങ്ക്, അയേൺ തുടങ്ങിയവ കുറയുന്നതാണ് പ്രധാന കാരണമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ വിറ്റാമിനുകളും മിനറലുകളും ശരീരത്തിൽ കുറയുന്നതോടെ രോമകൂപങ്ങളിൽ മെലാനിന്റെ ഉത്പാദനം കുറയുകയും അതുവഴി മുടി നരയ്ക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.

മുടിക്ക് സ്വാഭാവിക നിറം നൽകുന്നത് മെലാനിനാണ്. ശരീരം ആവശ്യത്തിന് മെലാനിൻ ഉത്പാദിപ്പിക്കാതാവുമ്പോൾ നിറം കുറയുകയും മുടിയിഴകൾ വെള്ളയാവുകയും ചെയ്യും. നരച്ച മുടി വീണ്ടും പഴയപടി ആക്കാനുള്ള വഴിയില്ലെങ്കിലും പോഷക സമ്പന്നമായ ആഹാരം കഴിച്ചും, വെയിൽ കൊണ്ടും, വിറ്റാമിനുകളുടെ നില പരിശോധിച്ചുമൊക്കെ അകാലനരയെ പ്രതിരോധിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

രോമകൂപങ്ങളെ ആരോഗ്യകരമായി സംരക്ഷിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് വലുതാണ്. സൂര്യപ്രകാശത്തിലൂടെയും മത്സ്യം, റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞ, കരൾ തുടങ്ങിയവയിലൂടെയുമൊക്കെ വിറ്റാമിൻ ഡി ലഭിക്കും. തീരെ കുറഞ്ഞ അവസ്ഥയിൽ വിറ്റാമിൻ സപ്ലിമെന്റ് എടുക്കേണ്ടി വരികയും ചെയ്യും. മുടിയുടെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ ബി7 അഥവാ ബയോട്ടിൻ നട്സ്, സീഡ്സ്, ബീൻസ്, ബ്രൊക്കോളി, ചീര, മുട്ടയുടെ മഞ്ഞ തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ലഭിക്കും. അകാലനരയെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുള്ള വിറ്റാമിൻ ബി5(pantothenic acid) അവക്കാഡോ, മുട്ട, കൂൺ, നട്സ്, മുഴുധാന്യങ്ങൾ, പാൽ തുടങ്ങിയവയിലൂടെയും ലഭിക്കും.

മുടിയുടെ ആരോഗ്യം കാക്കാൻ ചില ടിപ്സ്

  • ദഹനശേഷി മെച്ചപ്പെടുത്തുക. അതനുസരിച്ച് ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ, മോര്, നെല്ലിയ്ക്കാ, ഇലക്കറികൾ, ഏത്തയ്ക്കാ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എള്ളിന്റെ ഉപയോഗവും പ്രയോജനപ്രദമാണ്. പട്ടിണി കിടക്കുക, ആഹാരം അമിതമായി നിയന്ത്രിക്കുക എന്നീ കാര്യങ്ങൾ ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കാം. കട്ടൻചായ, കട്ടൻകാപ്പി തുടങ്ങിയവയുടെ അമിതോപയോഗം ഒഴിവാക്കുക.
  • മുടിയുടെ ആരോഗ്യപരിപാലനത്തിൽ വ്യായാമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. അവനവന്റെ ശരീരബലമനുസരിച്ചുള്ള വ്യായാമരീതി ശീലമാക്കുക. അങ്ങനെ പതിവായി ചെയ്യുന്ന വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരിയായ ഉറക്കവും.
  • മുടിയുടെ ആരോഗ്യത്തിനും ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ചില കരുതലുകൾ ആവശ്യമാണ്. തല കഴുകിയുടനെ തന്നെ ഇറുകിയ വിധത്തിൽ കെട്ടിവയ്ക്കാതിരിക്കുക. തലമുടി ഉണങ്ങാൻ മറ്റുപാധികൾ സ്വീകരിക്കാതിരിക്കുക. അനാരോഗ്യകരമായ രാസവസ്തുക്കളടങ്ങിയ ജെല്ലുകളോ മറ്റുത്‌പന്നങ്ങളോ ഉപയോഗിക്കുന്നവരാണെങ്കിൽ അവ ഒഴിവാക്കുക.
  • എണ്ണ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല അകാലനര ഒഴിവാക്കാനും സഹായിക്കുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും തലയോട്ടിയിൽ എല്ലായിടവും വിരലുകൾ കൊണ്ട് നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ കഴുകികളയുക. ശീലമുള്ള എണ്ണ ഏതാണോ അതുതന്നെ ഉപയോഗിക്കുക. അല്ലെങ്കിൽ വെളിച്ചെണ്ണയോ ചെമ്പരത്തിയിട്ട് കാച്ചിയ വെളിച്ചെണ്ണയോ ആവാം.
  • തലയിൽ താരൻ, ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അതിനനുസരിച്ച് വൈദ്യസേവനം തേടുക.
  • ഹെൽമറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ ഹെൽമറ്റ് ധരിക്കുന്നതിനുമുൻപ് കോട്ടൺതുണി ഉപയോഗിച്ച് മുടി മൂടിവയ്ക്കുക.
  • മാനസികാരോഗ്യം മെച്ചപ്പെടുത്തുക. അനാവശ്യചിന്ത ഒഴിവാക്കി ശ്വസനവ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുക. ചിത്രരചന, വായന, എഴുതുക അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും സർഗ്ഗാത്മകവും താത്‌പര്യവുമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുക.
  • അമിതമായ മുടികൊഴിച്ചിൽ ഉള്ളവർ ഡോക്ടറിനോട് തങ്ങളുടെ ആരോഗ്യസ്ഥിതി ധരിപ്പിച്ച് അതിനനുസരിച്ചുള്ള ചികിത്സ സ്വീകരിക്കാൻ ശ്രദ്ധിക്കുക.

Content Highlights: how vitamin deficiencies (B12, D, Biotin) contribute to premature greying.