വൃക്കകളുടെ ആരോഗ്യം പ്രധാനം, കല്ലുകൾ വരാതെ സൂക്ഷിക്കണം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

അതികഠിനമായ വേദനയ്ക്ക് കാരണമാകുന്ന ഒന്നാണ് വൃക്കയിലെ കല്ലുകൾ. മാറുന്ന ഭക്ഷണശീലവും ജീവിതശൈലിയും കാരണം ഇന്ന് ഈ രോ​ഗം ആളുകളിൽ വളരെ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ, വൃക്കയുടെ ആരോ​ഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാപ്രോസ്കോപ്പിക് സർജനായ ഡോ. ഉത്കർഷ് ഗുപ്ത. ഭക്ഷണരീതികളിലെ മാറ്റങ്ങൾ, നിർജ്ജലീകരണം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവ മൂലം കിഡ്നി സ്റ്റോൺ വ്യാപകമായതായും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 

1. ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ 
ചീര, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് തുടങ്ങിയവയും നട്സും ബെറികളുമെല്ലാം  ഓക്‌സലേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് എന്നാണ് ഡോക്ടർ പറയുന്നത്. ഇവ സാധാരണയായി വൃക്കയിൽ കാണപ്പെടുന്ന കാൽസ്യം ഓക്‌സലേറ്റ് കല്ലുകൾക്ക് കാരണമാകും. എന്നാൽ, ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം എന്നല്ല പറയുന്നത്. പകരം, പാൽ, തൈര് പോലെ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഇത് ഓക്‌സലേറ്റിന്റെ ആഗിരണം തടയാൻ സഹായിക്കും.

2. അമിതമായി മാംസം കഴിക്കുന്നത് 
റെഡ് മീറ്റ്, കോഴി, മത്സ്യം എന്നിവയുടെ അമിതമായ ഉപയോഗം മൂത്രത്തിൽ യൂറിക് ആസിഡിന്റെയും കാൽസ്യത്തിന്റെയും അളവ് വർധിപ്പിക്കാൻ ഇടയാക്കും. ഇത് യൂറിക് ആസിഡ് കല്ലുകൾക്കും കാൽസ്യം കല്ലുകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇവ കഴിക്കുന്നത് നിയന്ത്രിക്കാം. പകരം, സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

3. ഉപ്പിൻ്റെ അമിതമായ ഉപയോഗം
 അച്ചാറുകൾ, ചിപ്‌സ്, പപ്പടം, റെസ്റ്റോറൻ്റ് ഭക്ഷണം എന്നിവയിലൂടെ വളരെയധികം ഉപ്പ് നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുള്ള ഉപ്പ് കൂടുതൽ കാൽസ്യം പുറന്തള്ളാൻ വൃക്കകളെ നിർബന്ധിതമാക്കുന്നു. ഇത് കല്ലുകളുണ്ടാകുന്നതിന് കാരണമാകും. അതിനാൽ, ഉപ്പിൻ്റെ ഉപയോഗം കുറയ്ക്കുന്നത് നമ്മുടെ വൃക്കകളെ സംരക്ഷിക്കും. 

4. മധുരം അടങ്ങിയ പാനീയങ്ങൾ
കോളകൾ, ധാരാളം മധുരമടങ്ങിയ ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ എന്നിവ മൂത്രത്തിൻ്റെ ഘടനയിൽ മാറ്റം വരുത്തുകയും കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. ശരിയായ രീതിയിൽ ജലാംശം നിലനിർത്താൻ സാധാരണ വെള്ളം, നാരങ്ങാവെള്ളം, അല്ലെങ്കിൽ ഇളനീർ എന്നിവ തിരഞ്ഞെടുക്കുക.

5. കഫീനും മദ്യവും ഒഴിവാക്കാം
അമിതമായി കാപ്പി, മദ്യം എന്നിവ ഉപയോ​ഗിക്കുന്ന നിർജ്ജലീകരണത്തിനും മൂത്രത്തിലൂടെ കാൽസ്യം നഷ്ടമാകുന്നത് വർധിക്കാനും ഇടയാക്കുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)


 

Content Highlights: Kidney Stone Prevention: Foods to Avoid for Kidney Health