‘സ്നേഹബന്ധത്തിനും മനുഷ്യത്വത്തിനും തെളിവു വേണം’, അവയവ ദാനത്തിനുള്ള സുഹൃത്തിന്റെ അപേക്ഷ നിരസിച്ചു

#കെ.വി. കല
വി.പി. പ്രേം ശങ്കർ
വി.പി. പ്രേം ശങ്കർ

തൃശ്ശൂർ: രോഗം ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന സുഹൃത്തിനെ രക്ഷിക്കാനുള്ള വി.പി. പ്രേം ശങ്കർ എന്ന യുവാവിന്റെ കരളുറപ്പുള്ള തീരുമാനം നിയമ സാങ്കേതികത്വത്തിൽ കുരുങ്ങി പ്രതിസന്ധിയിൽ. സ്വീകർത്താവും ദാതാവും തമ്മിൽ രക്തബന്ധമില്ലാത്ത സാഹചര്യത്തിൽ ഇരുവരുടെയും ദീർഘകാല ബന്ധത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തി അവയവ കൈമാറ്റത്തിനുള്ള അനുമതി ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി (ഡി.എൽ.എ.സി) നിരസിച്ചു. ഒന്നര മാസത്തെ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾക്കുശേഷം വ്യാഴാഴ്ച ശസ്ത്രക്രിയ നടക്കേണ്ടതായിരുന്നു. അവസാന നിമിഷമാണ് ഇരുട്ടടിയായി അപേക്ഷ നിരസിക്കപ്പെട്ടത്.

അടുത്ത ബന്ധം തെളിയിക്കുന്നതിനായി പത്തുവർഷം മുൻപുള്ള ഫോട്ടോയെങ്കിലും ഹാജരാക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടതെന്ന് പ്രേം ശങ്കർ പറഞ്ഞു. അസുഖം വരുന്നതിനു മുൻപായി സ്വീകർത്താവിന്റെ വീട്ടിൽ പ്രേം ശങ്കറിന്റെ ഭാര്യ രതിക തിലക് പോയിട്ടില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അപേക്ഷ നിരസിക്കാനുള്ള കാരണമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അധ്യക്ഷയായ ഡി.എൽ.എ.സി. പറയുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള സ്വീകർത്താവിന്റെ ആരോഗ്യനില ദിവസം കഴിയുന്തോറും മോശമായിവരുകയാണ്. അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ നിർദേശിച്ചിട്ട് രണ്ടു മാസത്തോളമായി.

ഉറ്റ ബന്ധുക്കളുടെ രക്തഗ്രൂപ്പ് ചേർച്ച ഇല്ലാത്തതിനെത്തുടർന്നാണ് സുഹൃത്തായ പ്രേം ശങ്കർ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. രക്തബന്ധമില്ലാത്തതിനാലുള്ള സാങ്കേതികത്വം ഒഴിവാക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു പിന്നീട്. പ്രേം ശങ്കറിന്റെയും സ്വീകർത്താവിന്റെയും മണ്ഡലങ്ങളിലെ എം.എൽ.എ.മാരായ സി. രവീന്ദ്രനാഥിന്റെയും ഗീതാ ഗോപിയുടെയും സാക്ഷ്യപത്രം, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, പോലീസിന്റെ അന്വേഷണ റിപ്പോർട്ട്, ബാങ്ക് രേഖകൾ തുടങ്ങിയവ ഹാജരാക്കിയിരുന്നു. ഒപ്പം അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം ശാരീരികമായും തയ്യാറെടുപ്പുകൾ നടത്തി. 9.7 ശതമാനമുണ്ടായിരുന്ന ഫാറ്റിലിവർ പൂജ്യത്തിലേക്കെത്തിക്കാനായി ഭക്ഷണമുൾപ്പെടെ ജീവിതശൈലിയിൽ മാറ്റം വരുത്തി. ഒന്നരമാസത്തിനിടെ തൂക്കം നാലു കിലോ കുറച്ചു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്കു പോകുകയാണെന്ന് സാമൂഹിക മാധ്യമത്തിലൂടെ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതീക്ഷകളാകെ തകിടം മറിഞ്ഞത്. ഡി.വൈ.എഫ്.ഐ. മണലൂർ ബ്ലോക്ക് പ്രസിഡന്റും സി.പി.എം. അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവുമാണ് 34-കാരനായ പ്രേം ശങ്കർ.

പ്രിയപ്പെട്ടവരേ, ഞാനെന്റെ കരളിന്റെ ഒരു ഭാഗം ഒരു സഖാവിന് കൊടുക്കാൻ തീരുമാനിച്ചു. കരൾ റീ ജനറേറ്റീവ് ആയ ഓർഗൻ ആണ്. എന്റെ മുൻപിൽ ഒരവസരം വന്നു, മനുഷ്യൻ എന്ന രീതിയിൽ ഞാനത് ചെയ്യേണ്ടതാണെന്ന് തോന്നി, അതുകൊണ്ട് തീരുമാനിച്ചു - അന്തിക്കാട് പുത്തൻപീടിക സ്വദേശി വി.പി. പ്രേം ശങ്കർ ചൊവ്വാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽനിന്ന്

നിയമനടപടി സ്വീകരിക്കും

സ്നേഹബന്ധത്തിനും മനുഷ്യത്വത്തിനും തെളിവു വേണമെന്നാണ് പറയുന്നത്. കരളിന് അർബുദം ബാധിച്ച് മരിച്ച അമ്മയുടെ അവസാന നാളുകളാണ് എന്റെ ഓർമയിലുണ്ടായിരുന്നത്. രോഗം അവസാന ഘട്ടമായതിനാൽ അമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരാളെങ്കിലും എന്റെ തീരുമാനംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു. ഇനി നിയമനടപടിയിലേക്കു കടക്കും.

Content Highlights: Prem Shankar, a 34-year-old social activist, volunteered to donate a portion of his liver to a non-relative friend., The District Level Authorization Committee (DLAC) rejected the application citing lack of proof of long-term close relationship.