ചെറിയ സ്യൂട്ട്‌കേസില്‍ ഒതുക്കാവുന്ന വലുപ്പം; ഫിസിയോ തെറാപ്പിക്ക് 'പ്ലൂട്ടോ' റോബോട്ട്

പ്ലൂട്ടോ റോബോട്ട് | Photo: Mathrubhumi
പ്ലൂട്ടോ റോബോട്ട് | Photo: Mathrubhumi

ചെന്നൈ: മസ്തിഷ്‌കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന യന്ത്രമനുഷ്യനെ മദ്രാസ് ഐ.ഐ.ടി.യും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും (സി.എം.സി.) ചേര്‍ന്ന് വികസിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റിന്റെ ജോലിചെയ്യുന്ന കുഞ്ഞന്‍ റോബോട്ടിന് പ്ലഗ് ആന്‍ഡ് ട്രെയിന്‍ റോബോട്ട് ഫോര്‍ ഹാന്‍ഡ് ന്യൂറോ റീഹാബിലിറ്റേഷന്‍ (പ്ലൂട്ടോ) എന്നാണ് പേരിട്ടിരിക്കുന്നത്.

ചെറിയ സ്യൂട്ട്കേസില്‍ ഒതുക്കാവുന്ന വലുപ്പമേ ഇതിനുള്ളൂ. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആയിരത്തിലേറെ രോഗികളില്‍ പരീക്ഷിച്ച് പ്ലൂട്ടോയുടെ പ്രയോഗക്ഷമത ഉറപ്പുവരുത്തിയതായി സി.എം.സി. അധികൃതര്‍ അറിയിച്ചു. അടുത്തഘട്ടത്തില്‍ വീട്ടില്‍ക്കഴിയുന്ന രോഗികളില്‍ പരീക്ഷണം നടത്തും.

ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള പരിചരണത്തിലൂടെ മസ്തിഷ്‌കാഘാതത്തിന്റെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും രോഗികളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കും. തുടര്‍ച്ചയായി നല്‍കണമെന്നതും ചെലവ് ഏറെയാണെന്നതുമാണ് ഇതിന് തടസ്സം. ചെലവുകുറഞ്ഞ തുടര്‍പരിചരണം ലഭ്യമാക്കാന്‍ പ്ലൂട്ടോ സഹായിക്കും.

സി.എം.സി. ബയോ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ശിവകുമാര്‍ ബാലസുബ്രഹ്‌മണ്യന്റെയും ഐ.ഐ.ടി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. സുജാതാ ശ്രീനിവാസന്റെയും നേതൃത്വത്തിലായിരുന്നു പ്ലൂട്ടോക്കുവേണ്ടിയുള്ള ഗവേഷണം. കേന്ദ്രസര്‍ക്കാരിന്റെ ബയോടെക്നോളജി വകുപ്പും ടാറ്റാ ബോയിങ് എയ്റോസ്പേസും ടാറ്റാ എല്‍ക്‌സിയും സഹായം നല്‍കി. ഇതുസംബന്ധിച്ച സാങ്കേതികവിദ്യാ കൈമാറ്റക്കരാറില്‍ സി.എം.സി. ഡയറക്ടര്‍ ഡോ. വിക്രം മാത്യൂസും ഐ.ഐ.ടി. മദ്രാസ് ഡീന്‍ പ്രൊഫ. മനു സന്താനവും ഒപ്പുവെച്ചു.

Content Highlights: pluto robot for physiotherapy