ബിരിയാണി കഴിച്ചപ്പോള്‍ ശ്വാസകോശ അറയില്‍ കുടുങ്ങിയ എല്ലിന്‍കഷ്ണം;പുറത്തെടുത്തത് ഒന്നര വര്‍ഷത്തിനുശേഷം

എല്ലിന്‍ കഷ്ണം പുറത്തെടുത്തപ്പോള്‍ | Photo: Mathrubhumi
എല്ലിന്‍ കഷ്ണം പുറത്തെടുത്തപ്പോള്‍ | Photo: Mathrubhumi

മുഹമ്മദ് അബ്ദുള്‍ നാസറെന്ന കലാകാരന്റെ ജീവിതം ഒരു സ്‌പെഷ്യല്‍ ബിരിയാണി മാറ്റിമറിച്ചെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ മലപ്പുറം കോട്ടയ്ക്കല്‍ തെന്നല സ്വദേശിയായ അമ്പത്തിയൊമ്പതുകാരന്റെ അനുഭവം അല്പം ഞെട്ടലുണ്ടാക്കും.

ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുള്‍ നാസര്‍ നാട്ടിലെ അറിയപ്പെടുന്ന ഗായകനുമാണ്. മാപ്പിളപ്പാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതല്‍ പ്രിയം. കൂടെ ഹാര്‍മോണിയം വായനയുമുണ്ട്. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ ഒന്നരവര്‍ഷം മുന്‍പ് പങ്കെടുത്ത് ലഗോണ്‍ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്‌പെഷ്യല്‍ ബിരിയാണി കഴിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഭക്ഷണം ഇറക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തില്‍ വേദന സഹിച്ചാണ് ബിരിയാണി ഇറക്കിയത്. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്നുകരുതി ആശ്വസിച്ചു. സംശയനിവാരണത്തിനായി അടുത്തുള്ള ആശുപത്രിയില്‍ പോയി എക്‌സ്റേ എടുത്തു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കിയയച്ചു. ഒന്നരവര്‍ഷം മുന്‍പുണ്ടായ സംഭവമാണെങ്കിലും രണ്ടാഴ്ച മുന്‍പാണ് കടുത്ത ചുമയും ശ്വാസതടസ്സവും കഫത്തില്‍ രക്തത്തിന്റെ അംശവും കണ്ടെത്തിയത്.

തിരൂരിലുള്ള ആശുപത്രിയില്‍ പോയി സി.ടി. സ്‌കാന്‍ എടുത്തു. ശ്വാസകോശത്തിന്റെ അറകളില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അവിടത്തെ ഡോക്ടര്‍മാര്‍ തൃശ്ശൂരിലെ പള്‍മനോളജിസ്റ്റ് ജൂഡോ വാച്ചാപറമ്പിലിനെ കാണാന്‍ നിര്‍ദേശിച്ചു. ഉടന്‍ ബ്രോങ്കോസ്‌കോപ്പി നടത്താനായി ഡോക്ടര്‍ അമല ആശുപത്രിയിലേയ്ക്ക് അയച്ചു.

അമലയിലെ പള്‍മണോളജി പ്രൊഫസര്‍ ഡോ. തോമസ് വടക്കനും ഡോ. ശുഭം ചന്ദ്രയും ചേര്‍ന്ന് ബ്രോങ്കോസ്‌കോപ്പി നടത്തി ശ്വാസകോശത്തില്‍ കുടുങ്ങിയ വലിയ എല്ലിന്‍കഷണം പുറത്തെടുത്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ 'വൈ' അക്ഷരത്തിന്റെ രൂപത്തിലുള്ള എല്ലിന്‍കഷണം രക്തസ്രാവമില്ലാതെ പുറത്തെടുക്കാനായത് വലിയ നേട്ടമാണെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

Content Highlights: a piece of bone stuck in the lung cavity was taken out while eating biryani a year and a half ago