രണ്ടുമാസം വരെ നീളുന്ന ചുമയും ശ്വാസംമുട്ടലും; പ്രായമായവരിലും സ്ത്രീകളിലും പ്രതിസന്ധി രൂക്ഷം

കണ്ണൂർ: വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ സംസ്ഥാനത്ത് ആയിരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മൂന്നുമുതൽ എട്ടുവരെ ആഴ്ച നീളുകയാണ് ചുമ. തീവ്രമായ പനിയില്ലാതെയാണ് രോഗം വരുന്നത്. തൊണ്ടവേദന, ശബ്ദമടപ്പ്, ശ്വാസംമുട്ടലും വലിവും എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. അനിയന്ത്രിത ചുമ പ്രായമാവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ അറിയാതെ മൂത്രംപോകാൻ ഇടയാക്കുന്നു. 2023-ൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ചുമ പലയിടത്തും ഉണ്ടായിരുന്നു. അതിലും കഠിനമായ രീതിയിലാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. ശബ്ദമടപ്പ് മാറുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
പലതരം വൈറസുകളുടെ ആക്രമണം
വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാരഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് എന്നിവയെല്ലാം രോഗകാരണമാകുന്നു. ചില കേസുകൾ കോവിഡും ആകാം.
പലതരം പ്രശ്നങ്ങൾ
- ഇൻഹേലർ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരിൽ രോഗാവസ്ഥ വഷളായി.
- ആസ്ത്മ നല്ല നിയന്ത്രണത്തിൽ ആയിരുന്നവരിൽ അസുഖം തിരിച്ചുവരുന്നു.
- ആസ്ത്മ ഇല്ല്ലാത്തവരിൽ ചുമ, നെഞ്ചിൽ മുറുക്കം, കുറുകൽ, വലിവ്.
- ചുമ കാരണം അറിയാതെ മൂത്രം തുള്ളിയായി പോകുന്നു. പല സ്ത്രീകളും ഡയപ്പർ ഉപയോഗിക്കുകയാണ്.
- ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ശബ്ദമടപ്പ്.
ആശ്വാസം കിട്ടാൻ
ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് തൊണ്ട കഴുകുന്നത് അസ്വസ്ഥത കുറയ്ക്കും. ഇളം ചൂടുവെള്ളം കുടിക്കുന്നത് കഫം അലിഞ്ഞുപോകാനും തൊണ്ടയിലെ ഈർപ്പം നിലനിർത്താനും സഹായിക്കും. ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കുക. പുക, പൊടി, തണുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
ഡോക്ടറെ കാണേണ്ടത് എപ്പോൾ?
ചുമ കൂടുതൽ നീണ്ടുനിൽക്കുകയോ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഫത്തിൽ രക്തം, അല്ലെങ്കിൽ വീണ്ടും പനി വരികയോ ചെയ്താൽ ഉടൻ വിദഗ്ധചികിത്സ തേടണം.
ശ്വാസനാളിയിലെ നീർക്കെട്ട്
‘പനി മാറിയശേഷവും നീണ്ടുനിൽക്കുന്ന ചുമയ്‌ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് പോസ്റ്റ് വൈറൽ കഫ് ആണ്. ശ്വാസനാളിയിൽ ഉണ്ടാക്കുന്ന നീർക്കെട്ടാണ് പ്രധാന കാരണം. ശ്വാസനാളത്തിൽ വീക്കമുണ്ടാകും. അത് മാറാൻ സമയമെടുക്കും. പോസ്റ്റ് നേസൽ ഡ്രിപ്പ് ആണ് മറ്റൊരു പ്രശ്നം. മൂക്കിന് പിന്നിൽനിന്ന് കഫം തൊണ്ടയിലേക്ക് ഒഴുകുന്ന ഈ അവസ്ഥ ചുമയ്ക്ക് കാരണമാകും. ശ്വാസകോശത്തിലെ ചുമയുമായി ബന്ധപ്പെട്ട നാഡികൾ അമിതമായി ഉത്തേജിക്കപ്പെടുന്നത് മൂലം ചെറിയ പൊടിപോലും ചുമയ്ക്ക് കാരണമാകാം. ആസ്ത്മ, ആസിഡ് റിഫ്ലക്സ്, വായുമലിനീകരണം എന്നിവയും ചുമ നീളാൻ കാരണമാകാം. രക്തപരിശോധന, എക്സ്റേ പരിശോധന എന്നിവ നടത്തി മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. രോഗികളിൽ ഇൻഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകൾ, ചിലർക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകൾ എന്നിവ വേണ്ടിവരും’- ഡോ. പി.എസ്. ഷാജഹാൻ, പ്രൊഫസർ, ശ്വാസകോശരോഗ വിഭാഗം, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം.
Content Highlights: Thousands in Kerala are suffering from a relentless viral cough lasting weeks.