ഗുരുതരമായ മാനസികരോഗമുള്ളവരില്‍ ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുതരമായ മാനസിക രോഗങ്ങളായ ബൈപോളാര്‍ ഡിസോഡര്‍, സ്‌കീസോഫ്രീനിയ, സ്‌കീസോഅഫക്റ്റീവ് എന്നിവയുള്ളവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പഠനം. ബൈപോളാര്‍ ഡിസോഡര്‍, സ്‌കീസോഫ്രീനിയ, സ്‌കീസോഅഫക്റ്റീവ് എന്നീ രോഗങ്ങള്‍ ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുപ്രായത്തില്‍ തന്നെ ഇത്തരക്കാര്‍ക്ക് ഹൃദ്രോഗങ്ങള്‍ പിടിപെടാമെന്ന് പഠനം വ്യക്തമാക്കുന്നു. ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഗുരുതരമായ മാനസികരോഗങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് പത്ത് മുതല്‍ 20 വര്‍ഷം വരെ നേരത്തെ മരണപ്പെടുന്നതായി നേരത്തെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന മരണകാരണം ഹൃദ്രോഗങ്ങളാണ്-പഠനത്തിന് നേതൃത്വം നല്‍കിയ യു.എസിലെ മിനിയെപോളിസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്പാര്‍ട്‌ണേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ റെബേക്ക സി. റോസം പറഞ്ഞു. 

ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, ശരീരഭാരം, പുകവലി എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാനസികരോഗമുള്ളവരെയും ഇല്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്-അവര്‍ പറഞ്ഞു. ആറ് ലക്ഷം അമേരിക്കന്‍ പൗരന്‍മാരെ നിരീക്ഷിച്ചും പഠനവിധേയമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 18-നും 75-നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 30 വര്‍ഷത്തോളമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

പഠനവിധേയമാക്കിയ ആറുലക്ഷം പേരില്‍ രണ്ട് ശതമാനം ആളുകള്‍ക്ക് ഗുരുതരമായ മാനസികരോഗങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ 70 ശതമാനം പേര്‍ ബൈപോളാര്‍ ഡിസോഡറും 12 ശതമാനം പേര്‍ സ്‌കീസോഫ്രീനിയയും 18 ശതമാനം പേര്‍ സ്‌കീസോഅഫക്റ്റീവും അനുഭവിക്കുന്നുണ്ടായിരുന്നു. 

ഗുരുതരമായ മാനസികരോഗങ്ങളില്‍ ഏതെങ്കിലും ഒന്ന് അനുഭവിക്കുന്ന ചെറുപ്പക്കാരിലും(18-നും 34-നും ഇടയില്‍ പ്രായമുള്ളവര്‍) ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, മാനസിക രോഗമുള്ളവരില്‍ മറ്റുഘടകങ്ങളെ അപേക്ഷിച്ച് പുകവലിയും ബോഡി മാസ് ഇന്‍ഡെക്‌സും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഗുരുതരമായ മാനസികരോഗമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരില്‍ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 
 

Content Highlights: people with serious mental illness, may have higher risk of heart disease, study