ക്രിസ്റ്റ പൈക്കിന് നൽകിയ പെന്റോബാർബിറ്റൽ: മരണഡോസ് നൽകിയിട്ടും ഹൃദയം നിലയ്ക്കാത്തത് എന്തുകൊണ്ട്?

#Health desk
ക്രിസ്റ്റ പൈക്ക്, പെന്റോബാർബിറ്റൽ| Photo: AFP
ക്രിസ്റ്റ പൈക്ക്, പെന്റോബാർബിറ്റൽ| Photo: AFP

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ 50-കാരിയായ ക്രിസ്റ്റ പൈക്കിന് മരുന്ന് നൽകിയതിൽ സംഭവിച്ച പരാജയം, വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന പെന്റോബാർബിറ്റൽ എന്ന മരുന്നിന്റെ പ്രവർത്തനരീതികളെക്കുറിച്ചും അതിന്റെ ശാരീരിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വൈദ്യശാസ്ത്ര ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പെന്റോബാർബിറ്റലിന്റെ രണ്ട് ഡോസുകൾ നൽകിയിട്ടും ജീവൻ നഷ്ടപ്പെടാതിരുന്ന ക്രിസ്റ്റ നിലവിൽ ആശുപത്രിയിൽ അടിയന്തര ചികിത്സയിലാണ്. കയ്യിൽ ഐ.വി ലൈൻ സ്ഥാപിക്കുന്നതിലുണ്ടായ സങ്കീർണതകളും ഏഴോളം സൂചികൾ ഉപയോഗിക്കേണ്ടി വന്നതും അഭിഭാഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു. പെന്റോബാർബിറ്റലിന്റെ ഔഷധഗുണങ്ങൾ, ഉയർന്ന അളവിൽ നൽകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, രക്തക്കുഴലുകൾക്ക് പകരം കോശങ്ങളിലേക്ക് മരുന്ന് ചോരുന്ന ഐ.വി ഇൻഫിൽട്രേഷൻ എന്നിവയാണ് ആരോഗ്യ മേഖലയിൽ പ്രധാനമായും വിലയിരുത്തപ്പെടുന്നത്.

എന്താണ് പെന്റോബാർബിറ്റൽ?

കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന 'ബാർബിറ്റ്യുറേറ്റ്' വിഭാഗത്തിൽപ്പെടുന്ന ഔഷധമാണ് പെന്റോബാർബിറ്റൽ. വൈദ്യശാസ്ത്രരംഗത്ത് അടിയന്തര സാഹചര്യങ്ങളിൽ അപസ്മാരം നിയന്ത്രിക്കുന്നതിനും ഉറക്കമില്ലായ്മയുടെ താൽക്കാലിക ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്ക് മുന്നോടിയായി സെഡേഷൻ മരുന്നായും ഇവ ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ മൃഗങ്ങൾക്ക് ദയാവധം നൽകുന്നതിനും ചില രാജ്യങ്ങളിൽ നിയമപരമായ വൈദ്യസഹായത്തോടെയുള്ള ജീവനൊടുക്കലിനും ഇവ ഉപയോഗിക്കാറുണ്ട്. 

സാധാരണ വൈദ്യചികിത്സകളിൽ ഒരു ഗ്രാമിന്റെ ചെറിയൊരു അംശംമാത്രം നൽകുമ്പോൾ, വധശിക്ഷാ പ്രോട്ടോകോൾ അനുസരിച്ച് അഞ്ച് ഗ്രാം എന്ന ഉയർന്ന അളവിലാണ് മരുന്ന് നൽകുന്നതെന്ന് അസോസിയേറ്റഡ് പ്രസ്സ് വ്യക്തമാക്കുന്നു. ശരീരത്തിൽ പ്രവേശിക്കുമ്പോൾ, ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്ന ബ്രെയിൻസ്റ്റെം ന്യൂറോണുകളെയും ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും മരുന്ന് നിശ്ചലമാക്കുന്നു. തുടർന്ന് ശരീരം അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ശ്വസനപ്രക്രിയ തടസ്സപ്പെട്ട് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

ഐ.വി ഇൻഫിൽട്രേഷൻ

രക്തക്കുഴലിലേക്ക് നേരിട്ട് പോകേണ്ട മരുന്ന് ചുറ്റുമുള്ള കോശങ്ങളിലേക്ക് ചോർന്നിറങ്ങുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ 'ഐ.വി ഇൻഫിൽട്രേഷൻ' എന്ന് വിളിക്കുന്നത്. ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷാ ശ്രമത്തിൽ സംഭവിച്ചതും ഇതാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്ററിലെ അനസ്ത്യേഷ്യോളജി പ്രൊഫസറായ ഡോ. മാർക്ക് ഹീത്തിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. രക്തസംബന്ധമായ അസുഖവും നേർത്ത രക്തക്കുഴലുകളുമുള്ള ക്രിസ്റ്റയ്ക്ക് മരുന്ന് രക്തചംക്രമണ വ്യവസ്ഥയിലേക്ക് പൂർണമായി എത്തുന്നതിന് പകരം കയ്യിലെ കോശങ്ങളിലേക്ക് ചോരുകയായിരുന്നു.

ആൽക്കലൈൻ സ്വഭാവമുള്ള പെന്റോബാർബിറ്റൽ കോശങ്ങളിലേക്ക് ചോരുന്നത് ചർമത്തിലും കോശങ്ങളിലും കഠിനമായ പൊള്ളലിനും വേദനയ്ക്കും കാരണമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രക്തത്തിൽ ആവശ്യത്തിന് മരുന്ന് എത്താതിരുന്നതാണ് മരണം സംഭവിക്കാതിരിക്കാൻ കാരണം. എന്നാൽ ഓക്സിജൻ അളവ് കുറഞ്ഞതും മരുന്ന് ശരീരത്തിൽ തങ്ങിനിന്നതും തലച്ചോറിന് ആഘാതമോ മറ്റ് ആരോഗ്യ സങ്കീർണ്ണതകളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ  വിലയിരുത്തുന്നു.

പെന്റോബാർബിറ്റൽ ഉയർന്ന അളവിൽ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്ന പൾമണറി എഡീമ (Pulmonary Edema) എന്ന അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ അവലോകനങ്ങൾ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. 

പ്രധാന മരുന്ന് നിർമ്മാതാക്കൾ വധശിക്ഷയ്ക്കായി പെന്റോബാർബിറ്റൽ വിതരണം ചെയ്യുന്നത് വിലക്കിയിട്ടുള്ളതിനാൽ, കോമ്പൗണ്ടിങ് ഫാർമസികളെയാണ് ഭരണകൂടങ്ങൾ ആശ്രയിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന മരുന്നുകളുടെ ചേരുവകളിലെയോ വീര്യത്തിലെയോ വ്യതിയാനങ്ങൾ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടോ എന്നും മെഡിക്കൽ ലോകം നിരീക്ഷിക്കുന്നുണ്ട്.

Content Highlights: Tennessee governor pauses executions after a botched pentobarbital execution attempt on Christa Pike