പുകവലിക്കുന്നവർക്കു മാത്രമല്ല ശ്വസിക്കുന്നവർക്കും അപകടം, മരണങ്ങളിൽ 50ശതമാനം വർധന; ആശങ്കപ്പെടുത്തി പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പുകവലിയു‌ടെ അപകടവശങ്ങളേക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പുകവലിക്കുന്നതു മാത്രമല്ല പുകവലിക്കുന്നയാളു‌ടെ അരികിൽ നിന്ന് ആ പുക ശ്വസിക്കുന്നതുപോലും അപക‌ടമാണ്. അത്തരത്തിൽ പാസീവ് സ്മോക്കിങ്ങിന്റെ അപകടത്തേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ലാൻസെറ്റ് പബ്ലിക് ഹെൽത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2023-ൽ നിന്നുള്ള വിവരങ്ങളാണ് ആശങ്കപ്പെ‌ടുത്തുന്നത്.

2023-ൽ ഇന്ത്യയിൽ 44.4 കോടി ആളുകൾ പരോക്ഷ പുകവലിക്ക് അഥവാ പാസീവ് സ്മോക്കിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പരോക്ഷ പുകവലിക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1990-ൽ 2,17,700 പേരുടെ മരണത്തിനിടയാക്കിയ പരോക്ഷ പുകവലി 2023 ആയപ്പോൾ 3,25,600 മരണങ്ങളിലേക്ക് നയിച്ചു. ഏകദേശം 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠനം പറയുന്നു.

ആഗോളതലത്തിൽ പതിനാല് വയസ്സുവരെ പ്രായമുള്ള 76.7 കോടി കുട്ടികൾ ഉൾപ്പെടെ 271 കോടി ജനങ്ങൾ 2023-ൽ പരോക്ഷ പുകവലിക്ക് ഇരയായിട്ടുണ്ട്. ഇന്ത്യയിൽ പരോക്ഷ പുകവലിക്ക് ഇരയാകുന്ന ആളുകളുടെ അനുപാതം 1990-ലെ 43.2 ശതമാനത്തിൽ നിന്ന് 2023 എത്തിയപ്പോൾ 30.6 ശതമാനമായി കുറഞ്ഞു. എങ്കിലും ജനസംഖ്യ ഗണ്യമായി വർധിച്ചതിനാൽ പാസീവ് സ്മോക്കിങ്ങിന് ഇരയാകുന്നവരുടെ എണ്ണം ഇതേ കാലയളവിൽ 37.5 കോടിയിൽ നിന്ന് 44.4 കോടിയായി ഉയർന്നു.

ഇതുമൂലമുള്ള മരണങ്ങൾ 2,17,700 ൽ നിന്ന് 3,25,600 ആയി വർധിച്ചു. സ്ത്രീകളിൽ 1,13,400 ൽ നിന്ന് 1,56,900 ആയി ഉയർന്നപ്പോൾ പുരുഷന്മാരിലെ മരണം 1,04,300 ൽ നിന്ന് 1,68,700 ആയി വർധിച്ചു. പരോക്ഷ പുകവലി ഹൃദ്രോഗം, അർബുദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. പുകയിലയുടെ പ്രത്യാഘാതങ്ങൾ പുകവലിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നില്ലെന്നു വ്യക്തമാക്കുകയാണ് പഠനം.

നിഷ്ക്രിയ പുകവലി

സിഗരറ്റ് വലിക്കുന്നവർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നതിനെയാണ് നിഷ്ക്രിയ പുകവലി അഥവാ പരോക്ഷ പുകവലി എന്ന് പറയുന്നത്. നിങ്ങൾ പുക വലിക്കുന്നില്ലെങ്കിലും പരോക്ഷമായി ഈ പുക ആവർത്തിച്ച് ശ്വസിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.

പരോക്ഷമായി പുക ശ്വസിക്കുന്ന പുകവലിക്കാത്തവർക്കിടയിൽ ഓരോ വർഷവും ആയിരക്കണക്കിന് മരണങ്ങൾക്ക് ശ്വാസകോശാർബുദം കാരണമാകുന്നു. വീടുകൾ, കാറുകൾ, ഓഫീസുകൾ തുടങ്ങി അടച്ചിട്ട സ്ഥലങ്ങളിൽ പുക അടിഞ്ഞുകൂടും എന്നതിനാൽ പുകവലിക്കുന്നവരോടൊപ്പം ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകൾക്ക് ഇത് അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു. പുകയുമായുള്ള സമ്പർക്കം കാരണം, സ്ഥിരമായി പുകവലിക്കുന്നവരുമായി ഇടപഴകുന്ന പങ്കാളികൾക്കും കുട്ടികൾക്കും ശ്വാസകോശാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

പുകവലിശീലം നിർത്താൻ ചില ടിപ്സ്

  • നിക്കോട്ടിൻ ആസക്തി അധികമാവുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും. ചിലപ്പോൾ വെള്ളത്തിനുവേണ്ടി ദാഹിക്കുമ്പോൾ അത് പുകവലിക്കാനുള്ള സിഗ്നലായി നാം തെറ്റിദ്ധരിച്ചേക്കാം. അതിനാൽ, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും.
  • സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകൾ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.
  • പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധ പുലർത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനിൽക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകൾ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങൾ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊക്കെ വളരെയധികം ഉപകാരപ്രദമാണ്.
  • നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്. അടുത്തത്, ആയിരിക്കുന്ന അവസ്ഥകളിലും ചെയ്യുന്ന കാര്യങ്ങളിലും സമ്പൂർണ മനസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുകയും അതുവഴി നിക്കോട്ടിൻ ആസക്തി കുറയ്ക്കുകയും ചെയ്യും.
  • പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയില്ല. ഒരോ ദിവസവും നാം നേടിയ ചെറിയ പുരോഗതിയെപ്പോലും അഭിനന്ദിക്കുകയും കൂടുതൽ പുരോഗതിയ്ക്കായി സ്വയം പ്രോത്സാഹിപ്പിക്കുകയും വേണം. ഇത്തരത്തിൽ, പതിയെപ്പതിയെ, വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.

Content Highlights: A 2023 study highlights the alarming rise in passive smoking deaths in India, with numbers increasing from 217,700 in 1990 to 325,600.