‘ഏറിവന്നാൽ 22 വയസ്സുവരെ’; മരണനാൾ കുറിച്ച മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റായി സംഗീത

#കെ.പി. ജയകുമാർ
ആലപ്പുഴ മെഡിക്കൽ കോളേജിലെ സെൻട്രൽ ഫാർമസിയിലെ ജോലിക്കിടെ സം​ഗീത
ആലപ്പുഴ മെഡിക്കൽ കോളേജിലെ സെൻട്രൽ ഫാർമസിയിലെ ജോലിക്കിടെ സം​ഗീത

ചേർത്തല: ‘ഏറിവന്നാൽ 22 വയസ്സുവരെ’ - 1997-ൽ സംഗീത എന്ന പതിനേഴുകാരിയുടെ ആയുസ്സിനെപ്പറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം വിലയിരുത്തി. രോഗം, പേശികളുടെ ബലം കുറയുന്ന മയോപ്പതി. വൈകല്യം 60 ശതമാനം. കാര്യമായ ചികിത്സയില്ല. പക്ഷേ, അതുകേട്ട കൗമാരക്കാരി തളർന്നില്ല. ജീവിക്കണമെന്നും തന്റെ സ്വപ്നങ്ങൾ മനക്കരുത്താൽ യാഥാർഥ്യമാക്കണമെന്നും അവൾ നിശ്ചയിച്ചു. വർഷം 26 കഴിഞ്ഞു. അതേ മെഡിക്കൽ കോളേജിൽ 12 വർഷമായി ഫാർമസിസ്റ്റാണ് 43 വയസ്സുള്ള സംഗീത.

വൈകാതെ മരണമെത്തുമെന്നു പറഞ്ഞ മെഡിക്കൽ കോളേജിൽ ഫാർമസി പഠിക്കാനെത്തിയതാണ് വഴിത്തിരിവായത്. ചേർത്തല എസ്എൻ കോളേജിലെ പ്രീഡിഗ്രി പഠനശേഷമായിരുന്നു അത്. പ്രീഡിഗ്രി കാലത്ത് ആദ്യം വീട്ടിൽനിന്ന് സൈക്കിളിലാണ് കോളേജിൽ പോയിരുന്നത്. അതിനിടയ്ക്ക് നടക്കാൻ ബുദ്ധിമുട്ടു തോന്നി. ഇടയ്ക്കിടയ്ക്ക് തളർന്നുവീണപ്പോൾ നടത്തിയ പരിശോധനയിൽ മയോപ്പതിയാണെന്നു കണ്ടെത്തി. 1997 ജൂലായ് 30-നാണ് ആ വിവരം ഡോക്ടർ പറഞ്ഞത്.

നടക്കാൻ പരസഹായം വേണ്ടിയിരുന്നെങ്കിലും ചക്രക്കസേര ഉപയോഗിച്ചില്ല. തുടർന്നായിരുന്നു ഫാർമസി കോഴ്സിൽ പ്രവേശനം. പഠനശേഷം 11 വർഷം ചേർത്തല എക്സ്-റേ ആശുപത്രിയിൽ ജോലിചെയ്തു. പിഎസ്‌സി വഴി 2013 ജനുവരി 29-ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിക്കെത്തി; ആവുംവിധം നടന്നു തന്നെ.

എന്നാൽ, ഫെബ്രുവരിയിലുണ്ടായ ബൈക്കപകടത്തോടെ പേശികൾ ഒട്ടും വഴങ്ങാതായി. പിന്നെ, പരസഹായത്തോടെയും നടക്കാനാകാതായി. അതോടെ ഇലക്‌ട്രിക് ചക്രക്കസേര ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ പ്രത്യേക വാനിൽ ആ ചക്രക്കസേരയിലാണ് ചേർത്തലയിൽനിന്ന് ആശുപത്രിയിലേക്കുള്ള 30 കിലോമീറ്റർ യാത്ര.

മെഡിക്കൽ കോളേജുകളിലെ ഫാർമസിസ്റ്റുകൾക്കായി ഓൾ കേരള ഫാർമസിസ്റ്റ് യൂണിയൻ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ മികവിനുള്ള പുരസ്കാരം ഇക്കുറി സംഗീതയ്ക്കാണ്. കഥയും കവിതകളുമായി ആനുകാലികങ്ങളിലും സാമൂഹികമാധ്യമങ്ങളിലും സാന്നിധ്യമുണ്ട്.

ചേർത്തല തെക്ക് സഹകരണബാങ്ക് റിട്ട. സെക്രട്ടറി ശ്രീരാഗത്തിൽ സി.വി. പുരുഷന്റെയും കെ.വി. സുശീലയുടെയും മകളാണ്. ഭർത്താവ്: പി.പി. രാജേഷ്.

Content Highlights: Meet Sangeetha, a pharmacist who overcame a 60% disability diagnosed at 17 to become a successful professional.