ട്രംപിന്റേത് വിചിത്ര വാദം, പാരസീറ്റമോൾ ഓട്ടിസം സാധ്യത കൂട്ടുമെന്നതിന് തെളിവില്ല- ഡോ.സൗമ്യ

ഡൊണാൾഡ് ട്രംപ്, ഡോ.സൗമ്യ സ്വാമിനാഥൻ
ഡൊണാൾഡ് ട്രംപ്, ഡോ.സൗമ്യ സ്വാമിനാഥൻ

മോസ്കോ: പാരസീറ്റമോൾ സുരക്ഷിതമാണെന്നും ഉപയോ​ഗത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പീഡിയാട്രീഷ്യനും ലോകാരോ​ഗ്യസംഘടനയിലെ മുൻ ​ഗവേഷകയുമായ ഡോ. സൗമ്യ സ്വാമിനാഥൻ. പാരസീറ്റമോൾ പ്രധാനഘടകമായ ടൈലനോൾ എന്ന വേദനാസംഹാരി ഓട്ടിസത്തിലേക്ക് നയിക്കുമെന്ന യുഎസ് പ്രസിഡന്റ് ‍ഡൊണാൾ‍ഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് ഡോ.സൗമ്യ സ്വാമിനാഥന്റെ പ്രതികരണം. 

പാരസീറ്റമോളിനെ ഓട്ടിസവുമായി ബന്ധപ്പെടുത്താനുള്ള ശാസ്ത്രീയ തെളിവുകളൊന്നും താൻ കണ്ടിട്ടില്ലെന്നും ഡ‍ോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. മാത്രവുമല്ല പാരസീറ്റമോൾ സുരക്ഷിതമാണെന്നും വിദ​ഗ്ധ നിർദേശത്തോടെ കഴിക്കാവുന്നതുമാണെന്നും അവർ പറഞ്ഞു. ആരോ​ഗ്യസംബന്ധമായ സേവനങ്ങൾക്കായി ​ഗൂ​ഗിളിനെ  ആശ്രയിക്കുന്നതിനെയും ഡോ. സൗമ്യ സ്വാമിനാഥൻ വിമർശിച്ചു. 

ഏത് മരുന്നിന്റെയും ​​ദീർഘകാല ഉപയോ​ഗം പ്രശ്നമാണ്, അതിൽ പാരസീറ്റമോളും പെടും. വൃക്കയിലെ തകരാറുകൾക്കാണ് പാരസീറ്റമോൾ കാരണമാകുന്നത്. എന്നാൽ ഫിസിഷ്യന്റെ നിർദേശത്തോടെ ഇവ കഴിക്കുന്നത് സുരക്ഷിതമാണ്.- ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ​ഗൈനക്കോളജി&ഒബ്സ്റ്റെട്രിക്സ് നിർദേശിക്കുന്നത് പ്രകാരം ഏറ്റവും സുരക്ഷിതമായ മരുന്നാണ് പാരസീറ്റമോൾ എന്നും ഡോ.സൗമ്യ വ്യക്തമാക്കുന്നു. ട്രംപിന്റെ പരാമർശത്തെ വിചിത്രം എന്ന് വിശേഷിപ്പിച്ച ഡോ.സൗമ്യ സ്വാമിനാഥൻ പാരസീറ്റമോളിന്റെ ഉപയോ​ഗത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രീയ തെളിവുകളില്ലാത്ത വിചിത്രമായ വാദങ്ങളാണ് ട്രംപിന്റേതെന്നും പറഞ്ഞു. 

പൊതുജനം ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല, ഇത്തരത്തിൽ പൊതുജനങ്ങളെ ആശങ്കാകുലരാക്കുന്നത് ​ഗുണംചെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വേദനാസംഹാരിയായും പനി ഭേദപ്പെടുത്താനും പ്രത്യേക പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കടകളിൽ നിന്ന് ലഭിക്കുന്ന അസിറ്റാമിനോഫിൻ എന്ന മരുന്നിന്റെ ബ്രാൻ‍ഡ് നെയിമാണ് ടെയ്ലനോൾ. തിങ്കളാഴ്ചയാണ് ​ഗർഭിണിയായ യുവതികൾ ടൈലനോൾ കഴിക്കരുതെന്നും അവ ഓട്ടിസവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും ട്രംപ് പറഞ്ഞത്. അത്യാവശ്യ സന്ദർഭങ്ങളില്ലാതെ ​ഗർഭിണികൾ ടൈലനോൾ കഴിക്കരുതെന്ന് ഫുഡ്&ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ ശുപാർശ ചെയ്യുമെന്നും ശാസ്ത്രീയ തെളിവുകളില്ലാതെ ട്രംപ് പറഞ്ഞു. 

എന്നാൽ, ടൈലനോളും ഓട്ടിസവുമായി ബന്ധിപ്പിക്കുന്ന യാതൊരു വിശ്വാസ്യയോ​ഗ്യമായ തെളിവുകളും ഇതുവരെ ലഭ്യമല്ലെന്ന് ടൈലനോളിന്റെ നിർമാതാക്കൾ അവരുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി. ​ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോ​ഗിക്കുകയാണ് ചെയ്യേണ്ടതെന്നും അവർ വ്യക്തമാക്കി. 

Content Highlights: Dr. Soumya Swaminathan clarifies paracetamol safety, debunking autism link claims