പാകിസ്താനില്‍ വീണ്ടും പോളിയോ വൈറസ് ബാധ; 2025-ലെ മൂന്നാമത്തെ കേസ്, സ്ഥിരീകരിച്ചത് സിന്ധ് പ്രവിശ്യയിൽ

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും പാകിസ്താനെ വിടാതെ പോളിയോ വൈറസ്. 2025-ലെ മൂന്നാമത്തെ പോളിയോ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ ലര്‍കാന ജില്ലയിലാണ് വൈല്‍ഡ് പോളിയോ വൈറസ് ടൈപ്പ് 1 (ഡബ്ല്യു.പി.വി.1) രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. 

ഇക്കൊല്ലം തന്നെ സിന്ധില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പോളിയോ വൈറസ് ബാധയാണിത്. മറ്റൊന്ന് ഖൈബര്‍ പഖ്തുണ്‍ഖ്‌വയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കൊല്ലം പാകിസ്താനില്‍ ആകെ 74 പേര്‍ക്കാണ് പോളിയോ ബാധിച്ചത്. ഇതില്‍ 27 പേര്‍ ബലോചിസ്താനില്‍നിന്നും 22 പേര്‍ ഖൈബര്‍ പഖ്തുണ്‍ഖ്‌വയില്‍നിന്നും 23 പേര്‍ സിന്ധ് പ്രവിശ്യയില്‍നിന്നുമായിരുന്നു. പഞ്ചാബിലും ഇസ്ലമാബാദിലും ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പാകിസ്താനില്‍ 2025-ലെ ആദ്യ പോളിയോ വാക്‌സിന്‍ വിതരണം നടന്നത് ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ഒന്‍പതാം തീയതി വരെയായിരുന്നു. 99 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും പോളിയോ വൈറസ് വ്യാപനമുള്ള രണ്ടേരണ്ട് രാജ്യങ്ങള്‍ മാത്രമാണ് ലോകത്തുള്ളത്-പാകിസ്താനും അഫ്ഗാനിസ്താനും. 

Content Highlights: pakistan reports third polio virus case in 2025