പാകിസ്താനിൽ നാല് പോളിയോ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ഈ വർഷം പോളിയോ ബാധിച്ചത് 37 പേർക്ക്

Polio Vaccine | Photo: AFP
Polio Vaccine | Photo: AFP

പാകിസ്താനിൽ നാല് പുതിയ പോളിയോ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഈ വർഷം പോളിയോ ബാധിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. ബലൂചിസ്താനിൽ നിന്നുള്ള മൂന്ന് കുട്ടികളിലും ഖൈബർ പഖ്തുൻഖ്വയിൽ നിന്നുള്ള ഒരു കുട്ടിയിലും വൈൽഡ് പോളിയോ വൈറസ് ടൈപ്പ് -1 (WPV 1) കണ്ടെത്തിയതായി പോളിയോ നിർമ്മാർജ്ജനത്തിനുള്ള  ഇസ്ലാമാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റീജിയണൽ റഫറൻസ് ലബോറട്ടറി സ്ഥിരീകരിച്ചതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

പിശീനിൽ നിന്നുള്ള ഒരു പെൺകുട്ടി, ബലൂചിസ്താനിലെ ചമൻ, നോഷ്കെെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ആൺകുട്ടികൾ,  ഖൈബർ പഖ്തുൻഖ്വയിലെ ലക്കി മർവാട്ട് ജില്ലയിൽ നിന്നുള്ള ഒരു പെൺകുട്ടി എന്നിവർക്കാണ് വൈൽഡ് പോളിയോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ലബോറട്ടറിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. ജനിതക പരിശോധനകൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക പ്രതിഷേധങ്ങൾ, അരക്ഷിതാവസ്ഥ, മുതലായവ കാരണം ബലൂചിസ്ഥാനിലും തെക്കൻ ഖൈബർ പഖ്തുൻഖ്വയിലും പോളിയോ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയിനുകൾ 2023-ലും 2024-ൻ്റെ തുടക്കത്തിലും തടസ്സപ്പെട്ടതായി ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. അഞ്ച് വയസ്സിന് താഴെയുള്ള 45 ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനായി ഒക്‌ടോബർ 28-ന് രാജ്യവ്യാപകമായി പോളിയോ വാക്‌സിനേഷൻ കാമ്പെയിൻ ആരംഭിക്കുന്നുണ്ടെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം പാകിസ്താനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോളിയോ കേസുകളിൽ 20 കുട്ടികളും  ബലൂചിസ്താനിൽ നിന്നാണ്. സിന്ധിൽ 10 കുട്ടികളിലും കെപിയിൽ അഞ്ച് കുട്ടികളിലും പഞ്ചാബിലും ഇസ്ലാമാബാദിലും ഓരോ കുട്ടികൾക്ക് വീതവും പോളിയോ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: Pakistan Reports 4 New Polio Cases, Total Rises to 37