പാകിസ്താനിൽ വാക്സിൻ വിശ്വാസ്യത നഷ്ടപ്പെടുത്തിയ ആ CIA ഓപ്പറേഷൻ; രാജ്യത്ത് വീണ്ടും പോളിയോ വൈറസ് ബാധ

പ്രതീകാത്മക ചിത്രം, ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിലെ കോമ്പൗണ്ട് (ഫയൽ ചിത്രം) | Photo: AP, AFP
പ്രതീകാത്മക ചിത്രം, ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിലെ കോമ്പൗണ്ട് (ഫയൽ ചിത്രം) | Photo: AP, AFP

നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുമ്പോഴും പാകിസ്താനെ വിടാതെ പോളിയോ വൈറസ്. രാജ്യത്തെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പോളിയോ വൈറസ് ബാധിച്ച ഒരു കേസ് കൂടി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ രാജ്യവ്യാപകമായി പോളിയോ ബാധിച്ച കേസുകളുടെ എണ്ണം 14 ആയി. 

ഒന്നര വയസ്സ് പ്രായമുള്ള ആണകുട്ടിക്കാണ് പോളിയോ റിപ്പോർട്ട് ചെയ്തത്. ഈ കേസോടെ, ഖൈബർ പഖ്തൂൺഖ്വയിലെ ആകെ പോളിയോ കേസുകളുടെ എണ്ണം എട്ട് ആയി ഉയർന്നു. ഇപ്പോഴും പോളിയോ വൈറസ് വ്യാപനമുള്ള രണ്ടേരണ്ട് രാജ്യങ്ങൾ മാത്രമാണ് ലോകത്തുള്ളത്-പാകിസ്താനും അഫ്ഗാനിസ്താനും.

സിഐഎ ഓപ്പറേഷൻ
ഒസാമ ബിൻ ലാദനെ കണ്ടെത്താനായി പാകിസ്ഥാനിലെ അബോട്ടാബാദിൽ സിഐഎ അന്ന് ഒരു വ്യാജ വാക്സിനേഷൻ ക്യാമ്പെയ്ൻ നടത്തിയിരുന്നതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു സിഐഎ-യുടേത്. എന്നാൽ, അതിൻ്റെ അനന്തരഫലങ്ങൾ വർഷങ്ങളോളം നീണ്ടുനിന്നു. 

ബിൻ ലാദൻ ഒരു പ്രാദേശിക കോമ്പൗണ്ടിൽ ഒളിച്ചിരിക്കുകയാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിച്ചിരുന്ന സിഐഎ, ഷക്കീൽ അഫ്രീദി എന്ന പാകിസ്താനി ഡോക്ടറെ നിയോഗിച്ചിരുന്നതായി ദ ഗാർഡിയനും ദ ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തെ കുട്ടികൾക്കായി ഒരു വ്യാജ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ഡ്രൈവ് നടത്താനായിരുന്നു ഇയാൾക്ക് നൽകിയ ജോലി. കോമ്പൗണ്ടിന് സമീപമുള്ള കുട്ടികളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനായിരുന്നു സിഐഎയുടെ ലക്ഷ്യം. പിന്നീട്, ഈ സാമ്പിളുകൾ അമേരിക്കയിൽ വെച്ച്  മരിച്ച ബിൻ ലാദന്റെ സഹോദരിയുടെ ഡിഎൻഎയുമായി അധികൃതർ സാമ്പിളുകൾ ഒത്തുനോക്കിയിരുന്നു. 

അമേരിക്കൻ ദൗത്യം വിജയിക്കുകയും ബിൻ ലാദൻ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ, ഈ വിജയത്തിന് പാകിസ്താന് വലിയ വില നൽകേണ്ടി വന്നു. വ്യാജ വാക്സിനേഷനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമുണ്ടായി. പാശ്ചാത്യസഹായം നേടിയുള്ള ഇത്തരം പരിപാടികളുടെയെല്ലാം ലക്ഷ്യം രഹസ്യാന്വേഷണ പ്രവർത്തനങ്ങളാകാം എന്ന് അപവാദപ്രചരണമുണ്ടായി. ഗൂഢാലോചനാ സിദ്ധാന്തങ്ങളും മറ്റ് എതിർപ്പുകളും രാജ്യത്ത് ദുർബലമായിരുന്ന വാക്സിനേഷൻ ഡ്രൈവുകളെ വീണ്ടും തളർത്തി. 

പിന്നീട്, സിഐഎ ഓപ്പറേഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത് പോളിയോ നിർമാർജന പ്രവർത്തനങ്ങളെ ബാധിച്ചതായി ദ ലാൻസെറ്റും റിപ്പോർട്ട് ചെയ്തു. വാക്സിനേഷൻ ഒരു പാശ്ചാത്യ ഗൂഢാലോചനയാണെന്ന സിദ്ധാന്തങ്ങൾ ശക്തിപ്പെടുത്താൻ തീവ്രവാദ ഗ്രൂപ്പുകൾ ഈ സംഭവം ഉപയോഗിച്ചു. പിന്നീട് വർഷങ്ങളോളം പോളിയോ വർക്കേഴ്സ് തീവ്രവാദികളുടെ ആക്രമണത്തിനിരയായിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ആവശ്യമായി വരികയും ചെയ്തു. 

Content Highlights: A new polio case in Pakistan`s Khyber Pakhtunkhwa province raises concerns