അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ?; പതിയിരിപ്പുണ്ട് രോഗങ്ങൾ, ഈ 5 പ്രശ്നങ്ങൾക്ക് സാധ്യത

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

മ്മുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ഏറ്റവും അത്യാവശ്യമുള്ളതാണ് ഉറക്കം. ഉറക്കത്തിന്റെ അളവ് കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ ഉറങ്ങിയാലുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നമ്മളിൽ എത്ര പേർക്ക് അറിയാം. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഇത് ഉറക്കക്കുറവ് പോലെ തന്നെ ആശങ്കാജനകമാണെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. അമിതമായി ഉറങ്ങുന്നത് സ്ഥിരമാക്കുന്നത് മാനസികാവസ്ഥയേയും മെറ്റബോളിക് പ്രവർത്തനങ്ങളേയും ബാധിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടനയും വ്യക്തമാക്കുന്നത്. 

1. ഹൃദ്രോഗ സാധ്യത വർധിക്കുന്നു
സ്ഥിരമായി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വളരെ കൂടുതലാണെന്നാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. അമിതമായ ഉറക്കം ഇൻഫ്ലമേഷൻ വർധിപ്പിക്കാനും രക്തചംക്രമണം തകരാറിലാക്കുകയും ചെയ്തേക്കാം. 

2. മാനസികാരോഗ്യം വഷളാക്കുന്നു
അമിതമായ ഉറക്കം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ബോധിച്ചേക്കാം. കൃത്യമായല്ലാതെ ഉറങ്ങുന്നത് ദിവസം മുഴുവൻ ഊർജ്ജമില്ലായ്മ അനുഭവപ്പെടുന്നത് കാരണമായേക്കും.

3. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു
അമിതമായ ഉറക്കം ഓർമശക്തി, ശ്രദ്ധ, ജാ​ഗ്രത തുടങ്ങിയവയെ തടസ്സപ്പെടുത്തുന്നു. ദീർഘനേരമുള്ള ഉറക്കം തലച്ചോറിനെ ബാധിക്കുമെന്നാണ് ജേണൽ ഓഫ് അൽഷിമേഴ്‌സിലെ ഒരു പഠനം വ്യക്തമാക്കുന്നത്.

4. അമിതവണ്ണം
ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനാലും മെറ്റബോളിക് പ്രവർത്തനങ്ങൾ മെല്ലെയാക്കുന്നതിനാലും അമിതമായ ഉറക്കം ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. കൂടാതെ, ആവശ്യത്തിലധികം ഉറങ്ങുന്ന ആളുകളുടെ ഭക്ഷണരീതിയും പലപ്പോഴും പ്രശ്നമായിരിക്കും. ഇവർ കലോറി കൂടിയ ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

5. പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു
സ്ഥിരമായി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് പ്രമേഹത്തിന് കാരണമായേക്കാം. ഈ രീതിയിലുള്ള അമിത ഉറക്കം ടൈപ്പ് 2 പ്രമേഹത്തിന് കാരണമായേക്കാമെന്നാണ് ഡയബറ്റോളജിയയിൽ പ്രസിദ്ധീകരിച്ച ഒരു മെറ്റാ അനാലിസിസ് വ്യക്തമാക്കുന്നത്
 

Content Highlights: Dangers of Oversleeping: Health Risks & Effects