അമിതവണ്ണം അണ്ഡാശയ അർബുദത്തിനും കാരണമായേക്കാം; സ്ത്രീകൾ സൂക്ഷിക്കണം

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

സ്ത്രീകളിൽ സാധാരണമായ കാൻസറാണ് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം. പ്രധാനമായും 50 വയസ്സിനു മുകളിൽ പ്രായമുള്ള ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലാണ് സാധാരണയായി അണ്ഡാശയ അർബുദം കൂടുതലായി കാണപ്പെടുന്നത്. അപൂർവം സന്ദർഭങ്ങളിൽ പ്രായം കുറഞ്ഞവരിലും രോഗം സ്ഥിരീകരിക്കാറുണ്ട്. കാര്യമായ ലക്ഷണങ്ങൾ ഒന്നും പ്രകടമാകാത്തത് കൊണ്ടുതന്നെ അണ്ഡാശയ അർബുദം പലപ്പോഴും രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ രോഗി തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. എന്നാൽ, ഇപ്പോഴിതാ ലോകമെമ്പാടും അണ്ഡാശയ അർബുദവും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുകയാണ്. 

എന്താണ് അണ്ഡാശയ കാൻസർ?

സ്ത്രീകളുടെ പെൽവിസിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ചെറിയ അവയവങ്ങളാണ് അണ്ഡാശയങ്ങൾ. അവ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ആർത്തവചക്രം നിയന്ത്രിക്കുകയും അണ്ഡങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അണ്ഡാശയങ്ങളിൽ ഏതെങ്കിലും ഒന്നിനോ രണ്ടിലുമോ ഉണ്ടാകുന്ന കാൻസർ ആണ് അണ്ഡാശയ കാൻസർ. പ്രധാനമായും മൂന്നുതരത്തിലുള്ള അണ്ഡാശയ കാൻസറുകളാണ് ഉള്ളത്. അതിൽ ഏറ്റവും സാധാരണമായ അണ്ഡാശയ അർബുദമാണ് എപ്പിത്തീലിയൽ അണ്ഡാശയ അർബുദം. ഈ അർബുദം എപ്പിത്തീലിയൽ ടിഷ്യുവിലാണ് വികസിക്കുന്നത്, അണ്ഡാശയത്തിന്റെ പുറംഭാഗത്തെ മൂടുന്ന ഒരു നേർത്ത പാളിയാണിത്. 

ജേം സെൽ ട്യൂമറുകൾ ആണ് രണ്ടാമത്തെ തരം. വളരെ അപൂർവമായി മാത്രം ഉണ്ടാകുന്ന ഈ അർബുദം പ്രായം കുറഞ്ഞ സ്ത്രീകളിലാണ് സാധാരണയായി കാണുന്നത്. മുട്ടകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ നിന്നാണ് ഇവ ഉണ്ടാകുന്നത്. 

സ്ട്രോമൽ ട്യൂമറുകൾ ആണ് മൂന്നാമത്തെ തരം. വളരെ അപൂർവമായ ഈ അർബുദം അണ്ഡാശയത്തിനുള്ളിലെ കണക്റ്റിംഗ് ടിഷ്യു കോശങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്.

കുട്ടികളുണ്ടാകാത്ത സ്ത്രീകളിലും നേരത്തെ ആർത്തവം ആരംഭിക്കുകയും വൈകി ആർത്തവവിരാമം സംഭവിക്കുകയും ചെയ്യുന്ന സ്ത്രീകളിലും എപ്പിത്തീലിയൽ അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത അധികമാണ്. ഈ രോഗം വരാനുള്ള കാരണങ്ങൾ കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ലെങ്കിലും കുഞ്ഞുങ്ങളുണ്ടാകുന്നതിനായി നടത്തുന്ന ഫെർട്ടിലിറ്റി ചികിത്സകളിൽ സംഭവിക്കുന്ന ആവർത്തിച്ചുള്ള അണ്ഡോത്പാദനം അപകടസാധ്യത വർധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൂടാതെ ജനിതക ഘടകങ്ങൾക്കും  ഒരു വലിയ പങ്കുണ്ട്. അണ്ഡാശയ അർബുദമുള്ള സ്ത്രീകളുടെ അടുത്ത ബന്ധുക്കൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പല അണ്ഡാശയ കാൻസറുകളും യഥാർത്ഥത്തിൽ ഫാലോപ്യൻ ട്യൂബുകളുടെ അറ്റത്തുള്ള കോശങ്ങളിലാണ് ആരംഭിക്കുന്നത് എന്നാണ് . പിന്നീട് അവ അണ്ഡാശയങ്ങളിലേക്ക് വ്യാപിക്കുന്നു.

അമിതവണ്ണവും അണ്ഡാശയ അർബുദത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരണങ്ങൾ

1. ഈസ്ട്രജന്റെ അമിതമായ ഉത്പാദനം
അമിതമായ ഫാറ്റ് ടിഷ്യുകൾ ആൻഡ്രോജനുകളെ ഈസ്ട്രജൻ ആയി പരിവർത്തനം ചെയ്യുന്നതിന് കാരണമാകുന്നുവെന്നാണ് വിദ​ഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകിച്ചും ആർത്തവവിരാമത്തിന് ശേഷമാണ് ഇതു സംഭവിക്കുക. ഈസ്ട്രജൻ അണ്ഡാശയത്തിലെ കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഇത് ജനിതകമാറ്റത്തിനും മുഴകൾ രൂപപ്പെടുന്നതിനുമുള്ള സാധ്യത വർധിപ്പിക്കാൻ ഇടയാക്കുന്നു.

2. ഇൻഫ്ലമേഷൻ
അമിതവണ്ണം ശരീരത്തിലെ സൈറ്റോകൈൻ നില വർധിപ്പിക്കാൻ കാരണമാകുകയും അത് ഇൻഫ്ലമേഷന് വഴിവെയ്ക്കുകയും ചെയ്യുന്നു. ദീർഘകാലം ഇൻഫ്ലമേഷനുണ്ടാകുന്നത് ഡിഎൻഎ പ്രശ്നങ്ങൾക്കും ട്യൂമർ വളർച്ചയ്ക്കും കാരണമായേക്കാം.

3. ഇൻസുലിൻ പ്രതിരോധവും IGF-1 ഉം
അമിതവണ്ണം ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇൻസുലിൻ്റേയും ഇൻസുലിന് സമാനമായ ​ഗ്രോത്ത് ഫാക്ടറുകളുടേയും(growth factor-1-IGF-1) അളവ് വർധിപ്പിക്കാൻ ഇടയാക്കുന്നു. ഇത് അണ്ഡാശയ ട്യൂമർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമായേക്കാം. 

4. അടിപോക്കൈൻസും ലെപ്റ്റിനും (Adipokines and Leptin)
ഫാറ്റ് ടിഷ്യുകൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് അടിപോക്കൈൻസ്. അവയിൽ, അമിതവണ്ണമുണ്ടാകുമ്പോൾ ലെപ്റ്റിൽ വർധിക്കുകയും ഇത് കാൻസർ കോശങ്ങളുടെ വർധനവിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

ഇവയ്ക്കെല്ലാം പുറമെ ബോഡി മാസ് ഇൻഡെക്സും (BMI) അണ്ഡാശയ അർബുദ സാധ്യതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. 20-ൽ അധികം പഠനങ്ങളെ അടിസ്ഥാനമാക്കി കാൻസർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു മെറ്റാ-അനാലിസിസ് പറയുന്നത് ബി.എം.ഐയിൽ അഞ്ച് യൂണിറ്റിന്റെ വർധനവ് അണ്ഡാശയ അർബുദ സാധ്യത 10% വർധിപ്പിക്കുന്നുവെന്നാണ്. ശരീരത്തിൽ കൊഴുപ്പ് വർധിക്കുന്നത് അണ്ഡാശയ അർബുദത്തിന് കാരണമായേക്കുമെന്ന് WCRF(World Cancer Research Fund) പഠനവും വ്യക്തമാക്കുന്നുണ്ട്. 
 

Content Highlights: Ovarian Cancer and Obesity: Exploring the Link Between Excess Weight and Increased Risk