ലോകത്തിലെ മൂന്നിലൊന്ന് കുട്ടികളിലും ഹ്രസ്വദൃഷ്ടിയെന്ന് പഠനറിപ്പോര്‍ട്ട്

Representative Image| Photo: GettyImages
Representative Image| Photo: GettyImages

ലോകത്താകമാനം ഹ്രസ്വദൃഷ്ടി (മയോപിയ)യുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം  വർധിക്കുന്നതായി പഠനം. അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ. 

കോവിഡ് മഹാമാരിയ്ക്ക്  ശേഷമാണ് ഇത്തരമൊരു വര്‍ധനവെന്നും 2050-ഓടെ  കണക്കുകൾ 40 ശതമാനം കൂടിയേക്കാമെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.  ചൈനയിലെ സുന്‍ യാറ്റ് സെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍.  

അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 50 ലക്ഷം കുട്ടികളെയും കൗമാരക്കാരേയും ഉള്‍പ്പെടുത്തിയുള്ള 286 പഠനങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.  

ലോക്ഡൗണിനെ തുടര്‍ന്ന് കുട്ടികള്‍ വീടിന് പുറത്തേക്കുപോയി കളിക്കുന്നത് കുറഞ്ഞതും സ്‌ക്രീന്‍ ടൈം കൂടിയതും കണ്ണുകളെ മോശമായി ബാധിച്ചു. ഏഷ്യയാണ് കണക്കുകളില്‍ മുന്‍പന്തിയില്‍. ജപ്പാനിലെ 85 ശതമാനം കുട്ടികൾക്കും ദക്ഷിണകൊറിയയിലെ 73 ശതമാനം കുട്ടികൾക്കും ഹ്രസ്വദൃഷ്ടി ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. 

പരാഗ്വേയും യുഗാൺഡയുമാണ് മയോപിയ ബാധിതരായ കുട്ടികള്‍ ഏറ്റവും കുറവുളള രാജ്യങ്ങൾ. യു.കെ, അയര്‍ലൻഡ്, യു.എസ് എന്നിവടങ്ങളില്‍ 15 ശതമാനമാണ് മയോപിയ ബാധിതരായ കുട്ടികളുള്ളത്.  1990-നും 2023-നും ഇടയില്‍ മയോപിയ ബാധിക്കുന്ന കുട്ടികളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

മയോപിയ പിടിപെടാനുള്ള കാരണങ്ങളില്‍ ജനിതകം പ്രധാന ഘടകമാണ്. അതേസമയം ഏഷ്യയിലെ കുട്ടികളിൽ മറ്റുചില ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഏഷ്യയിലെ കുട്ടികള്‍ രണ്ട് മുതല്‍ മൂന്ന്  വയസ്സില്‍ തന്നെ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നതും മയോപിയ ബാധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഗ്രാമങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടി കൂടുതലായി കണ്ടുവരുന്നു.  ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ്  ഈ നേത്രരോഗം കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് മയോപിയ

കോവിഡ് ലോക്​ഡൗണിന് ശേഷം കുട്ടികളില്‍ മയോപിയയുടെ (Myopia) വ്യാപനം വര്‍ധിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്​ഡൗണ്‍ കാലത്ത് കുട്ടികള്‍ ശരാശരിയില്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മാത്രമല്ല സൂര്യപ്രകാശം ഏല്‍ക്കാത്തതും ശാരീക അധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതുമൊക്കെ മയോപിയ വര്‍ധിക്കാനുള്ള കാരണമായി. 

കഴുത്തും നടുവും

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുവാനായി വീഡിയോ ഗെയിം കളിക്കാനായി, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനായി കംപ്യൂട്ടറിന് മുന്നില്‍ വിശ്രമില്ലാതെ ഒരുപാട് നേരം ഇരിക്കുന്നത് കഴുത്തുവേദനയും നടുവേദനയും ഉണ്ടാക്കുന്നു. 

തടിയിട്ടു പൊടിയാക്കട്ടെ

കുട്ടികളെ രാവിലെയോ വൈകീട്ടോ വെയിലത്ത് കളിക്കാൻ സമ്മതിക്കുക. സൂര്യപ്രകാശം കുട്ടികളുടെ ആരോഗ്യത്തിന് ആവശ്യ  ഘടകമാണ്. കായികാധ്വാനം കൂടുതലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുക,  അവരോടൊപ്പം കളിക്കുക, ശാരീരിക വ്യായാമവും വീടിന് പുറത്തുള്ള കളികളും ഒക്കെയായി കൂടുതല്‍ സമയം പുറത്തു ചെലവഴിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മയോപിയയുടെ നിരക്ക് വളരെ കുറവാണ്.

20 സെക്കൻഡ് ഇടവേള

20 മിനിറ്റ് നീണ്ട സ്‌ക്രീന്‍ സമയത്തിനിടയില്‍ ഒരു വസ്തുവില്‍ 20 സെക്കന്റ് നേരം നോക്കി ഇരിക്കുക.
കുറേ നേരം ഇരിക്കേണ്ടി വന്നാല്‍ ഇടയ്ക്ക് എഴുന്നേറ്റ് ശരീരം സ്ട്രെച്ച് ചെയ്യുക.
ഇവ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സ്വയം ചെയ്ത് അവര്‍ക്ക് മാതൃക ആകുക. 

സ്‌കീന്‍ സമയപരിധി

ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒട്ടും തന്നെ സ്‌ക്രീന്‍ ടൈം കൊടുക്കരുത്. രണ്ട് വയസുമുതല്‍ അഞ്ച് വയസുവരെ ഒരു മണിക്കൂര്‍ മാത്രം ഡിജിറ്റല്‍ ഡിവൈസുകള്‍ കൊടുക്കുക. ആറ് മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് രണ്ട് മണിക്കൂര്‍ (പഠനാവശ്യങ്ങള്‍ക്ക് പുറമേ) സ്‌ക്രീന്‍ ടൈം അനുവദിക്കാം 

ഉറക്കം കളയുന്ന വിനോദം

ഉറക്കത്തിന് മുന്‍പുള്ള സ്‌ക്രീന്‍ സമയം ഉറങ്ങാന്‍ എടുക്കുന്ന സമയം കൂട്ടുകയും. ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള വെളിച്ചം പ്രത്യേകിച്ച് നീല വെളിച്ചം മെലാറ്റോണിന്റെ ഉദ്പാദനത്തെ ബാധിക്കുന്നു. ഇതുമൂലം ഉറക്കം തടസപ്പെടുന്നു.

സ്‌ക്രീനിനു വേണം ഓഫ് ടൈം

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കുട്ടികള്‍ ഡിജിറ്റല്‍ ഉപകരങ്ങള്‍  ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. 
കിടപ്പു മുറിയില്‍ ടി.വി പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വയ്ക്കാതിരിക്കുക
കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് ആവശ്യമായ ഉറക്കം  കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഒരു ദിവസം കിട്ടേണ്ട  ഉറക്കത്തിന്റെ സമയദൈര്‍ഘ്യം

വിഭാഗം പ്രായം ഉറങ്ങേണ്ട സമയം
നവജാത ശിശു 03 മാസം- 12  മുതല്‍ 14 മണിക്കൂര്‍
കൊച്ചുകുട്ടി 1 മുതല്‍  2 വയസ് 11 മുതല്‍ 14  മണിക്കൂര്‍
പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥി മൂന്ന് മുതല്‍ അഞ്ച് വയസ് വരെ 10 മുതല്‍ 13 മണിക്കൂര്‍
സ്‌കൂള്‍ വിദ്യാര്‍ഥി ആറ് മുതല്‍ 13 വയസ് വരെ

 9 മുതല്‍ 13 മണിക്കൂര്‍ വരെ 

കൗമാരക്കാര്‍   14 മുതല്‍ 17 വരെ

എട്ട് മുതല്‍ 10 മണിക്കൂര്‍


 

ലോഡ് കൂടുതലാണ്

ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ കുട്ടികളില്‍ കായികാധ്വാനമുള്ള പ്രവൃത്തികള്‍ കുറവാണ്. ഇങ്ങനെയുള്ള ഉദാസീനമായ ജീവിതശൈലി പൊണ്ണത്തടിക്ക് കാരണമാകും. ഒരു കുട്ടിയുടെ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഭാരത്തില്‍ വളരെ കൂടുതല്‍ ഭാരം ഉണ്ടായാല്‍ പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം,  ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ബോഡിമാസ്  ഇന്‍ഡെക്‌സിന് അനുസരിച്ച് അനുയോജ്യമായ ഭാരം  നിര്‍ണയിക്കുക. അതില്‍ നിന്ന് കുട്ടിക്ക് ഭാരം കൂടുതലാണോ കുറവാണോ എന്ന് കണ്ടുപിടിക്കുക. അതിനനുസരിച്ച്  ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക.


 

Content Highlights: 1 in 3 children worldwide is now shortsighted, study shows