സ്വാദിഷ്ടമായ ഈ സൂപ്പർഫുഡ് കോളൻ കാൻസറിനെ തടയുമോ?; പുതിയ പഠനം പറയുന്നത്

2020-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കോളോറെക്ടൽ കാൻസർ 9,30,000 മരണങ്ങൾക്കും 19 ലക്ഷം പുതിയ കേസുകൾക്കും കാരണമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, 2040-ഓടെ ഇത് 73% വരെ വർധിക്കാമെന്നാണ് കരുതുന്നത്. പ്രതിവർഷമുള്ള മരണസംഖ്യ 16 ലക്ഷത്തിലേക്ക് ഉയരാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജീവിതശൈലി ഉൾപ്പെടെയുള്ള ഘടകങ്ങൾ രോഗത്തിൽ നിർണായക പങ്കുവഹിക്കുന്നു. ചില ഭക്ഷണങ്ങൾ വൻകുടലിലെ അർബുദ സാധ്യത വർധിപ്പിക്കുമ്പോൾ, മറ്റ് ചില ഭക്ഷണങ്ങൾ ഇത് കുറയ്ക്കാൻ സഹായിക്കും. നട്ട്‌സും നട്ട് ബട്ടറും കഴിക്കുന്നവരിൽ വൻകുടലിലെ അർബുദം ആവർത്തിക്കാനുള്ള സാധ്യത പകുതിയോളം കുറയുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. Journal of Clinical Oncology-യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
എന്താണ് പഠനം പറയുന്നത്?
മൂന്നാം ഘട്ട വൻകുടൽ കാൻസർ ബാധിച്ച 826 രോഗികളെയാണ് പഠനത്തിൽ പരിശോധിച്ചിരിക്കുന്നത്. ഇതിൽനിന്ന്, ആഴ്ചയിൽ രണ്ടോ അതിലധികമോ ഔൺസ് നട്സ് കഴിക്കുന്ന രോഗികൾക്ക് കാൻസർ വീണ്ടും വരാനുള്ള സാധ്യത 42 ശതമാനവും മരണസാധ്യത 57 ശതമാനവും കുറയുമെന്ന് കണ്ടെത്തി.
ബദാം, വാൾനട്ട്, ഹേസൽനട്ട്, കശുവണ്ടി, പെക്കൻ തുടങ്ങിയ ട്രീ നട്സുകളിൽ മാത്രം ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഗുണങ്ങൾ കൂടുതൽ വ്യക്തമായി. ഇവ കഴിക്കാത്തവരെ അപേക്ഷിച്ച്, ആഴ്ചയിൽ കുറഞ്ഞത് രണ്ട് ഔൺസ് ട്രീ നട്സ് കഴിക്കുന്ന ആളുകൾക്ക് രോഗം വീണ്ടും വരാനുള്ള സാധ്യത 46 ശതമാനവും മരണസാധ്യത 53 ശതമാനവും കുറവായിരുന്നു.
സ്ഥിരമായി നട്സ്, പ്രത്യേകിച്ച് ട്രീ നട്സ് കഴിക്കുന്നത് വൻകുടലിലെ കാൻസർ തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കുന്നതിലും അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
വിദഗ്ധർ പറയുന്നത്
കാൻസർ ചികിത്സയ്ക്കിടയിൽ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണെന്നും നട്‌സ് കഴിക്കുന്നത് ദീർഘകാല അതിജീവനം മെച്ചപ്പെടുത്തിയേക്കാമെന്നും ASCO(American Society of Clinical Oncology) പ്രസിഡന്റ് ഡോ. ഡാനിയൽ എഫ്. ഹെയ്‌സ് പറഞ്ഞു. കീമോതെറാപ്പിക്കോ മറ്റ് ചികിത്സകൾക്കോ പകരമാവുന്ന ഒന്നല്ല നട്‌സ്. എന്നാൽ രോഗികളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കാനും കാൻസർ തിരികെ വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിന് കഴിഞ്ഞേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: A new study published in the Journal of Clinical Oncology suggests that consuming nuts, especially tree nuts, may significantly reduce the risk of colon cancer recurrence and mortality. Learn more.