ക്രാഷ് ഡയറ്റിന് പകരം 'വോളിയം ഈറ്റിങ്'; മൂന്ന് മാസത്തിനിടെ യുവതി കുറച്ചത് 18 കിലോ, ടിപ്സ് പങ്കുവെച്ചു

വണ്ണം കുറയ്ക്കാൻ ഓരോരുത്തരും പലവിധ മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. അശാസ്ത്രീയമായ എളുപ്പവഴികൾക്ക് പുറകെ പോവാതെ ശാസ്ത്രീയമായ വഴികളിലൂടെ വണ്ണംകുറയ്ക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഇപ്പോഴിതാ, മൂന്ന് മാസംകൊണ്ട് 18 കിലോ ശരീരഭാരം കുറച്ച ന്യൂട്രീഷ്യനിസ്റ്റ് റീത് കൗർ തന്റെ അനുഭവം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ്.
ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന കാര്യം നിലനിർത്താനാകുന്ന ഒരു ദിനചര്യ കണ്ടെത്തുക എന്നതിനാണെന്ന് അവർ പറയുന്നു. ക്രാഷ് ഡയറ്റുകളും മറ്റ് എളുപ്പവഴികളും പെട്ടെന്നുള്ള ഫലം വാഗ്ദാനം ചെയ്യും. എന്നാൽ, ഇതിന് മുടികൊഴിച്ചിൽ, ചർമത്തിൽ വിഷയങ്ങൾ, ദേഷ്യം തുടങ്ങിയ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് കലോറി കുറവുള്ള ഭക്ഷണക്രമം അഥവാ calorie-deficit diet പിന്തുടരാൻ ആരംഭിച്ചു. എത്ര കലോറിയാണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കുന്നതിന് 'വോളിയം ഈറ്റിംഗ്' തുടങ്ങിയതായും അവർ കൂട്ടിച്ചേർത്തു.
എന്താണ് വോളിയം ഈറ്റിങ്?
കലോറി കുറഞ്ഞതും അളവിൽ കൂടുതലുമായ ഭക്ഷണങ്ങൾ വലിയ അളവിൽ കഴിക്കുന്ന രീതിയാണ് വോളിയം ഈറ്റിങ്. കലോറി ഉപഭോഗം നിയന്ത്രിച്ചുകൊണ്ട് വയറു നിറഞ്ഞതായി തോന്നുന്നതിനാണ് ഈ രീതി പിന്തുടരുന്നത്. ഭക്ഷണം ഒഴിവാക്കിയെന്ന തോന്നലില്ലാതെ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.
ചിപ്‌സ്, ചോക്ലേറ്റ് പോലെ കലോറി കൂടിയ ഭക്ഷണങ്ങൾ ചെറിയ അളവിൽ കഴിക്കുന്നതിന് പകരം ജലാംശം കൂടുതലടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, സൂപ്പുകൾ എന്നിവ റീത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. ഇതിന് പുറമെ, ധാരാളം ഫൈബർ അടങ്ങിയ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയും കലോറി കുറഞ്ഞ ഇലക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയും ശീലമാക്കി.
റീത് പങ്കുവെച്ച ഭക്ഷണക്രമം
- ചീര, ലെറ്റ്യൂസ്, കെയ്ൽ തുടങ്ങിയ ഇലക്കറികളും, വെള്ളരിക്ക, ബെൽ പെപ്പർ എന്നിവയും നാരുകളും ജലാംശവും ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങളാണ്. കോളിഫ്ലവർ, ബ്രോക്കോളി, കാരറ്റ്, കൂൺ, തക്കാളി, വഴുതനങ്ങ എന്നിവയും മികച്ച ഉറവിടങ്ങളാണ്.
- സ്ട്രോബെറി, തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ, പപ്പായ തുടങ്ങിയ സ്വാഭാവികമായും മധുരമുള്ള പഴങ്ങളിൽ ഫൈബറും വെള്ളവും ധാരാളമായി അടങ്ങിയിട്ടുണ്ട്.
- ചിക്കൻ ബ്രെസ്റ്റ്, ടർക്കി, മുട്ടയുടെ വെള്ള, കോട്ടേജ് ചീസ്, ചെമ്മീൻ തുടങ്ങിയ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ കഴിക്കാം.
- ഓട്സ്, ബ്രൗൺ റൈസ്, ക്വിനോവ, ബാർലി, ഹോൾ വീറ്റ് പാസ്ത് എന്നിവയിൽ നാരും ജലാംശവും ധാരാളമാണ്. അളവിൽ കുറവായും കലോറിയിൽ കുറഞ്ഞവായും ഉള്ള ആഹാരങ്ങൾ ഈ വിഭാഗത്തിൽ ചേർക്കുന്നത് നല്ലതാണ്.
- കലോറി കുറഞ്ഞ പാനീയങ്ങളും സൂപ്പുകളും ജലാംശം കൂടുതലായും കലോറി കുറവായും അടങ്ങിയിരിക്കുന്നവയാണ്.
Content Highlights: Nutritionist Sheds 18 Kilos in 3 Months: A Healthy Approach to Weight Loss