മലബന്ധവും ദഹനസംബന്ധമായ മറ്റസുഖങ്ങളും മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ

വൈവിധ്യമാര്‍ന്ന സൂക്ഷ്മാണുക്കളടങ്ങുന്നതാണ് നമ്മുടെ ദഹനനാളവും കുടലും. ഏകദേശം 200 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിവയുണ്ട് നമ്മുടെ ദഹനനാളത്തില്‍ മാത്രം. പ്രമേഹം, ഇന്‍ഫ്‌ളമേറ്ററി കുടല്‍രോഗങ്ങള്‍, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങളെ തടയുന്നതിലും ഈ ബാക്ടീരിയകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
കുടലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുക എന്നാല്‍ കുടലിലെ സൂക്ഷ്മാണുക്കള്‍ നശിക്കുക എന്നാണ് അര്‍ഥം. കുടലിന് സംഭവിക്കുന്ന പൊതുവായ ആരോഗ്യപ്രശ്‌നമാണ് മലബന്ധം. ജീവിതശൈലിയില്‍ വരുത്തുന്ന നിസ്സാരമായ മാറ്റങ്ങള്‍ക്കൊണ്ട് നമുക്ക് ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്. മലബന്ധം തടയുന്നതിന് ഏറ്റവും ഫലപ്രദമായ പൊടിക്കൈകളെപ്പറ്റി ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബത്ര കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. വീട്ടിലിരുന്ന് തന്ന ഐളുപ്പത്തില്‍ ചെയ്യാവുന്ന ആറ് വിദ്യകളെപ്പറ്റിയാണ് ലോവ്‌നീത് ബത്ര തന്റെ പോസ്റ്റില്‍ പറയുന്നത്.
1) യോഗര്‍ട്ടും ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്) പൗഡറും കഴിക്കുന്നത് മലബന്ധത്തെ തടയുമെന്ന് ലോവ്‌നീത് പറയുന്നു. യോഗര്‍ട്ടിലടങ്ങിയിരിക്കുന്ന ബൈഫൈഡോബാക്ടീരിയം എന്ന പ്രോബയോട്ടിക് നമ്മുടെ ദഹനവ്യവസ്ഥയെ ക്രമീകരിക്കുകയും ഫ്‌ളാക്‌സ് സീഡിലുള്ള സോല്യുബിള്‍ ഫൈബര്‍ വെള്ളത്തില്‍ എളുപ്പം ലയിച്ച് വിസര്‍ജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നുവെന്നും ലോവ്‌നീത് പറയുന്നു.
2) നെല്ലിക്ക ജ്യൂസാണ് രണ്ടാമത്തെ പ്രതിവിധി. വിറ്റാമിന്‍ സി, മറ്റ് ആന്റി-ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക ജ്യൂസ്. എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ 30 മില്ലി നെല്ലിക്ക ജ്യൂസ് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്.
3) ഓട്‌സിലടങ്ങിയിരിക്കുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതാണെന്നും ലോവ്‌നീത് പറയുന്നു.
4) ബ്യൂട്ടിറിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമായ നെയ്യ്, പാല് എന്നിവ കുടലിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും മലബന്ധം കുറയ്ക്കുകയും ചെയ്യും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു കപ്പ് ചൂട് പാലില്‍ ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്നാണ് ലോവ്‌നീതിന്റെ നിര്‍ദേശം.
5) ചീര, ബ്രസല്‍സ് സ്പ്രൗട്ട്സ്, ബ്രോക്കോളി മുതലായ ഇലക്കറികള്‍ ഫോളേറ്റ്, വൈറ്റമിന്‍ സി, വിറ്റമിന്‍ കെ, നാരുകള്‍ എന്നിവയുടെ സമ്പന്നമായ സ്രോതസ്സാണെന്നും ഇവയെ കൂടുതലായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
6) നാരുള്ള ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളവും കുടിയ്ക്കുമ്പോള്‍ അത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും വിസര്‍ജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നുവെന്നും ലോവ്‌നീത് വ്യക്തമാക്കുന്നു.
Content Highlights: nutritionist suggests home remedies for constipation in her instagram