135 കിലോയിൽ നിന്ന് 89 ലേക്ക്; ആരോഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

#Lifestyle desk
നിതിൻ ഗഡ്കരി
നിതിൻ ഗഡ്കരി

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശാരീരിക മാറ്റം വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുന്നതാണ്.  ഒരു കാലത്ത് 135 കിലോ ഭാരമുണ്ടായിരുന്ന താൻ എങ്ങനെയാണ് 89 കിലോയിലേക്ക് എത്തിയതെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത കൊറിയോഗ്രാഫർ ഫറ ഖാന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം തന്റെ ദിനചര്യയെക്കുറിച്ച് മനസ്സ് തുറന്നത്.

കോവിഡ് കാലത്തെ തിരിച്ചറിവ്

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കോവിഡ് കാലമായിരുന്നുവെന്ന് ഗഡ്കരി പറയുന്നു. "നേരത്തെ എന്റെ ജീവിതം തികച്ചും അച്ചടക്കമില്ലാത്തതായിരുന്നു. എന്നാൽ കോവിഡ് കാലത്ത് എന്റെ പല സുഹൃത്തുക്കളും മരണപ്പെട്ടു. ആ ഘട്ടത്തിലാണ് എനിക്ക് മാറ്റം വേണമെന്ന് തോന്നിയത്"- അദ്ദേഹം പറഞ്ഞു. ജോലിയുടെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം അവഗണിച്ച കാലത്തെക്കുറിച്ച് അദ്ദേഹം ഖേഃദിക്കുന്നുണ്ട്.

2.5 മണിക്കൂർ നീളുന്ന വ്യായാമം

പുലർച്ചെ ഏഴ് മണിക്ക് എഴുന്നേൽക്കുന്ന താൻ രണ്ട് മുതൽ രണ്ടര മണിക്കൂർ വരെ വ്യായാമത്തിനായി മാറ്റിവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാത്രി ഒരു മണി വരെ മീറ്റിങ്ങുകൾ ഉണ്ടെങ്കിലും രാവിലെ ഏഴ് മണിക്ക് വ്യായാമം ചെയ്യുന്നത് ഇപ്പോൾ മുടക്കാറില്ല.

ട്രെയിനറുടെ സഹായത്തോടെ പേശികൾക്ക് കരുത്ത് നൽകുന്ന സ്ട്രെങ്ത്ത്  ട്രെയിനിങ് വ്യായാമവും അദ്ദേഹം ശീലിക്കുന്നു.

സാധാരണക്കാർക്കും ഇത് സാധ്യമാണോ?

മന്ത്രിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണ് ഈ മാറ്റത്തിന് പിന്നിൽ. എന്നാൽ സാധാരണക്കാർക്ക് ദിവസവും 45 മുതൽ 60 മിനിറ്റ് വരെ നീളുന്ന ചിട്ടയായ വ്യായാമം ധാരാളമാണ്. വെറും കാർഡിയോ വ്യായാമങ്ങൾ മാത്രം ചെയ്യുന്നതിന് പകരം സ്ട്രെങ്ത് ട്രെയിനിങ്ങും കൂടി ഉൾപ്പെടുത്തുന്നത് മസിലുകൾ നഷ്ടപ്പെടാതെ ഭാരം കുറയ്ക്കാൻ സഹായിക്കും.

വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്

  • ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
  • പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
  • മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

(ഏതൊരു വ്യായാമമുറയും ആരംഭിക്കുന്നതിന് മുൻപ് ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടേണ്ടതാണ്)


Content Highlights: Discover how Nitin Gadkari transformed his health, losing over 45kg through strict routine & exercise. Get inspiration for your own fitness journey!