നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: നിപ നിരീക്ഷണത്തിനായി ജൂൺ 12-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.

സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി.

രോഗബാധിതൻ നിലവിൽ മെഡിക്കൽ കോളേജിൽ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽ ബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകുന്നതായിരിക്കും.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ൽ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയ 13 പേരെ ഉൾപ്പെടെ സമ്പർക്കപട്ടികയിൽ ഉള്ള 100 പേരെയും കണ്ട്രോൾ റൂമിൽനിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയുണ്ടായി. സംശയ നിവാരണത്തിനായി പൊതുജനങ്ങളുടെ 30 ഫോൺ കോളുകൾ ഇന്ന് കൺട്രോൾ റൂമിലേക്ക് എത്തി. ഇതുവരെ ഇത്തരത്തിലുള്ള 80 കോളുകളാണ് കൺട്രോൾ റൂമിൽ എത്തിയത്.

ഇന്ന് ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 76 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

Content Highlights: Three individuals tested negative for Nipah virus at Kozhikode Medical College., Total contact list now includes 100 individuals under observation