നിപ: നിരീക്ഷണത്തിൽ കഴിഞ്ഞ എല്ലാവരും ആശുപത്രിവിട്ടു, സമ്പർക്കപ്പട്ടികയിൽ പുതുതായി ആരുമില്ല

കോഴിക്കോട്: നിപ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു. നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും നിരീക്ഷണം പൂർത്തിയാക്കി ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവാണ്. എന്നാൽ, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ വെള്ളിയാഴ്ച പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന വിഭാഗത്തിൽപ്പെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരുമാണ്.
അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റസ്പോൺസ് ടീം (എൻ.ജി.ഒ.ആർ.ടി) ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിയുമായി ചർച്ച നടത്തി. നിപ റിപ്പോർട്ട് ചെയ്ത പ്രദേശം സന്ദർശിച്ച സംഘം തങ്ങളുടെ വിലയിരുത്തലുകൾ കലക്ടറുമായി പങ്കുവെച്ചു. ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ. രാമേശ്വർ സൊറോഖൈബാമിന്റെ നേതൃത്വത്തിൽ ഏഴുപേരാണ് സംഘത്തിലുള്ളത്.
Content Highlights: All individuals under observation for Nipah have been discharged from the hospital., 14 tested samples returned negative results., The primary patient remains on a ventilator at Kozhikode Medical College., National Joint Outbreak Response Team (NJORT) reviewed containment efforts with the District Collector., 104 people remain in the contact list under different risk categories.